ഇനി സോഫ്റ്റ് ലാന്‍ഡിങ്; ചാന്ദ്ര ദൗത്യം അവസാന ഘട്ടത്തിലേക്ക്

ഇനി സോഫ്റ്റ് ലാന്‍ഡിങ്; ചാന്ദ്ര ദൗത്യം അവസാന ഘട്ടത്തിലേക്ക്

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ചാന്ദ്ര ദൗത്യം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇനിയുള്ള ഭ്രമണപഥം താഴ്ത്തലിനു ശേഷം സോഫ്റ്റ് ലാന്‍ഡിങ് എന്ന നിര്‍ണായക ഘട്ടമാണ് മുന്നിലുള്ളത്. പേടകത്തിന്റെ നിലവിലെ വേഗത മണിക്കൂറില്‍ 6,048 കിലോമീറ്ററാണ്. ഈ വേഗത കുറച്ചു കൊണ്ട് വരിക എന്നതാണ് ഇനി മുന്നോട്ട് വയ്ക്കുന്ന പ്രധാന ചുമതല.

മണിക്കൂറില്‍ 6,048 കിലോമീറ്ററില്‍ നിന്നും 10.8 കിലോമീറ്റര്‍ വേഗതയിലേക്കാണ് പേടകത്തെ എത്തിക്കേണ്ടത്. വേഗതയ്ക്കൊപ്പം തന്നെ ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള പേടകവും ചന്ദ്രോപരിതലവും തമ്മിലുള്ള അകലവും കുറച്ചു വരികയാണ് വേണ്ടത്. ഇത്തരത്തില്‍ നൂറ് കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ എത്തുന്നതോടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും ലാന്‍ഡര്‍ വേര്‍പെടും. ഇതിന് ശേഷം ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയും 30 കിലോമീറ്റര്‍ അടുത്തുമുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഈ ഘട്ടങ്ങളെല്ലാം വിജയകരമായി പിന്നിട്ടതിന് ശേഷമായിരിക്കും സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമാകുക.

മുപ്പത് കിലോമീറ്റര്‍ അകലെയായുള്ള പെരിലൂണ്‍ എന്ന ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷമാകും ഇവിടെ നിന്നും ലാന്‍ഡിങിനുള്ള ഓപ്പറേഷന്‍ ആരംഭിക്കുന്നത്. 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് അവസാന ലാന്‍ഡിങിന് ശ്രമിക്കവെ ലാന്‍ഡറിന്റെ ചലന വേഗത കുറച്ച് നിയന്ത്രണ വിധേയമാക്കുന്നതിലാണ് സോഫ്റ്റ് ലാന്‍ഡിങിന്റെ വിജയം പതിയിരിക്കുന്നത്. വേഗത മണിക്കൂറില്‍ 6,048 കിലോമീറ്ററും സെക്കന്‍ഡില്‍ 1.68 കിലോമീറ്ററുമാണ് നിലവിലുള്ളത്. ഇത് മണിക്കൂറില്‍ 10.8 കിലോമീറ്ററിലേക്ക് എത്തിക്കുക എന്നതാണ് നിര്‍ണായക ഘട്ടമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഫ് വ്യക്തമാക്കിയിരുന്നു.

കുത്തനെ നില്‍ക്കുന്ന രീതിയിലേക്ക് ലാന്‍ഡറിനെ മാറ്റുന്നതിനുള്ള പരിശ്രമമാണ് വിജയത്തിലെത്തിക്കേണ്ടത്. ഇതിന് പുറമേ ഇന്ധന ഉപയോഗം കുറയ്ക്കുന്നതും ഇതില്‍ പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. എല്ലാ അല്‍ഗൊരിതങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കി മാത്രമേ ലാന്‍ഡിങിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു എന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ ലാന്‍ഡിങ് ക്രാഫ്റ്റിന്റെ പരമാവധി മാസ് 800 കിലോഗ്രാം ആയിരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.