ഹവായ് കാട്ടുതീ: മരണസംഖ്യ 80 കടന്നു; കാണാതായവർക്കായി തിരച്ചിൽ പുരോ​ഗമിക്കുന്നു

ഹവായ് കാട്ടുതീ: മരണസംഖ്യ 80 കടന്നു; കാണാതായവർക്കായി തിരച്ചിൽ പുരോ​ഗമിക്കുന്നു

ന്യൂയോർക്ക്: അമേരിക്കയിലെ ഹവായ് ദ്വീപിലുണ്ടായ കാട്ടുതീയിൽ മരണം 80 കഴിഞ്ഞു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മൗയി കൗണ്ടി മേയർ റിച്ചാർഡ് ബിസെൻ വ്യക്തമാക്കി. മൌവിയിലെ ചരിത്രപ്രസിദ്ധമായ ലഹൈന നഗരം പൂർണ്ണമായി കത്തി നശിച്ചു.

15000 ഓളം പേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു. നിരവധി പേരെ കാണാതായി. എത്രപേർ അപ്രത്യക്ഷമായെന്ന് കൃത്യമായ കണക്കുകളില്ലെന്നും 1000 ഓളം പേരെ കാണാതായിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. നിരവധി വീടുകൾ പൂർണ്ണമായി കത്തി നശിച്ചു. വീടുകൾക്ക് പുറമേ വാഹനങ്ങളും കത്തി നശിച്ചവയിൽ ഉൾപ്പെടും.

അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇതുവരെ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അരിസോണയില്‍ നിന്നും നെവാഡയിൽ നിന്നും കൂടുതൽ തിരച്ചിൽ സംഘങ്ങളെ ദ്വീപിൽ വിന്യസിച്ചിട്ടുണ്ട്.

വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്ന് ഹവായിയുടെ അറ്റോർണി ജനറൽ വ്യക്തമാക്കി. മൗയി, ഹവായ് ദ്വീപുകളിൽ കാട്ടുതീ പടർന്നപ്പോഴും അതിന് ശേഷവും അധികൃതർ കൈക്കൊണ്ട നിർണായകമായ തീരുമാനങ്ങൾ, സ്റ്റാൻഡിങ് പോളിസികൾ തുടങ്ങിയവ അറ്റോർണി ജനറലിന്റെ ഡിപ്പാർട്ട്‌മെന്റ് സമഗ്രമായ അവലോകനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

അതേ സമയം, ജല സംവിധാനത്തിൽ മാലിന്യവും രാസ വസ്തുക്കളും കലർന്നിരിക്കാൻ സാധ്യതയുള്ളതിനാൽ വെള്ളം ഉപയോഗിക്കരുതെന്ന് മൗയി കൗണ്ടി അധികൃതർ മുന്നറിയിപ്പ് നൽകി. ബെൻസീനും മറ്റ് അസ്ഥിരമായ ജൈവ രാസവസ്തുക്കളും ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കൾ വെള്ളത്തിൽ കലർന്നിരിക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തൽഫലമായി ആരും പൈപ്പ് വെള്ളം കുടിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിർദേശം നല്കിയിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയോടെയാണ് കാട്ടുതീ പടർന്നത്. ഈ പ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന ഡോറ കൊടുങ്കാറ്റ് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കൊടുങ്കാറ്റിൽ കാട്ടുതീ തെക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. ലഹൈനയിൽ തീ പടർന്നിട്ടും അപായ സൈറൺ മുഴക്കാതിരുന്നത് വിവാദമായി. സൈറൺ മുഴക്കുന്നതിന് പകരം അധികൃതർ ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. അതിനാൽ തന്നെ ഭൂരിഭാഗം ആളുകളും അറിഞ്ഞില്ലെന്നാണ് ആക്ഷേപം. കാട്ടുതീ പടരുന്നുവെന്ന വിവരം ജനങ്ങളിലേക്കെത്താതിരുന്നത് അപകടത്തിന്റെ തോത് കൂട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.