കൊച്ചി: ലോക അവയവ ദാന ദിനമായി ഇന്ന് ആഘോഷിക്കുമ്പോള്‍ ജീവിതത്തിന്റെ കൈപ്പേറിയ അവസ്ഥയില്‍ നിന്നും മാധുര്യമേറുന്ന സാഹചര്യത്തിലേക്ക് യാത്ര ചെയ്യാന്‍ അവസരം ലഭിച്ച ശ്രുതിയെ നമ്മുക്ക് പരിചയപ്പെടാം. ഇന്നേക്ക് 10 വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണീരണിയേണ്ട ജീവിതവും ചില ജീവിതങ്ങളും ഇന്ന് ചിലരുടെ തീരുമാനങ്ങള്‍ കൊണ്ട് സന്തോഷം മെനഞ്ഞ സുന്ദരമായ ഭൂമിയെയും ജീവിതത്തിലെ വര്‍ണ്ണവസന്തങ്ങളെയും ഒക്കെ ആസ്വദിച്ച് അവര്‍ ദൈവത്തോട് നന്ദി പറഞ്ഞു ജീവിതം മുന്നോട്ടു നീങ്ങുകയാണ്.
ഒരു നിമിഷത്തെ തീരുമാനം അത് പലരുടെ ജീവിതത്തിലും വെളിച്ചം പകരും. പ്രത്യേകിച്ചും ഇരുള്‍ അടഞ്ഞുപോയി എന്ന് നാം പറയുന്ന ചിലര്‍ക്കെങ്കിലും ചില നിമിഷങ്ങള്‍ ദൈവം ഇറങ്ങിവന്ന് അവര്‍ക്ക് നന്മ ചെയ്തതുപോലെ ആയിരിക്കും അനുഭവിക്കുക.
അത്തരം നല്ല തീരുമാനങ്ങള്‍ കൈകൊണ്ട് കോട്ടയത്തെ ലാലിച്ചന്‍ ചേട്ടന്റെ കുടുംബത്തോട് തന്റെ നന്ദി പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നാണ് 34 കാരിയായ ശ്രുതി പറയുന്നത്. കോട്ടയം സ്വദേശിയായ ലാലിച്ചന്റെ കുടുംബത്തിന്റെ തീരുമാനമാണ് അവള്‍ക്ക് രണ്ടാം ജീവിതം സമ്മാനിച്ചത്. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ലാലിച്ചന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ അദേഹത്തിന്റെ കുടുംബം അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചു.
ഒരുപക്ഷേ 10 വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണീരില്‍ കുതിര്‍ന്നു പോകേണ്ട ഒരു ദിനം മാത്രമായി പോകുമായിരുന്നു. ഇനി എന്താകും എന്ന ചോദ്യത്തിന്റെ മുമ്പില്‍ നിസഹായതോടെ നിന്ന ശ്രുതി ജീവിതത്തിന്റെ പച്ചപ്പ് തേടി രണ്ടാം ജന്മത്തിലേക്ക് പതുക്കെ നടന്നു നീങ്ങുകയായിരുന്നു.
ഹൃദയപേശികളെ ബാധിക്കുന്ന കാര്‍ഡിയോമയോപ്പതി എന്ന് അസുഖത്തെ തുടര്‍ന്ന് 24 വയസുള്ളപ്പോള്‍ ജീവിതം വഴിമുട്ടിയ ശ്രുതിയാണ് 10 വര്‍ഷങ്ങള്‍ക്കിപ്പുറം സന്തോഷത്തോടെ തനിക്ക് ഇഷ്ടമുള്ള തൊഴില്‍ ചെയ്ത് ജീവിക്കുന്നത്.ഡോ. ജോസ് പെരിയപുരം ദൈവത്തിന്റെ കൈയായി ആ ഹൃദയം തുന്നിച്ചേര്‍ത്ത് പുതിയ ജീവിതത്തിലേക്കും പുതിയ പ്രതീക്ഷയിലേക്കും ശ്രുതിയെ നടത്തി.
10 വര്‍ഷത്തിന് ശേഷം ലിസിയില്‍ നടന്ന ചടങ്ങില്‍ ലാലിച്ചന്റെ സഹോദരി എല്‍സമ്മ സഹോദരന്റെ ഹൃദയമിടിപ്പ് നെഞ്ചോട് ചേര്‍ത്ത് ശ്രവിച്ചു. പരിപാടിയില്‍ നടി അന്ന ബെന്‍, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം എച്ച്ഒഡി ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ലിസി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ എന്നിവര്‍ പങ്കെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശ്രുതി ഇപ്പോള്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണ്.
ജീവിതത്തിന്റെ വസന്തക്കാലത്ത് രോഗിയാവുന്നത് അത്ര സുഖമുള്ള കാര്യമല്ല. അത് സ്‌നേഹിക്കുന്നവര്‍ക്കും സ്‌നേഹിക്കപ്പെടുന്നവര്‍ക്കും നോവായി മാറുമ്പോള്‍, പ്രതീക്ഷയുടെ പൊന്‍കിരണത്താല്‍ ജീവിതത്തില്‍ വീണ്ടും സ്വ്പനങ്ങള്‍ കണ്ടു തുടങ്ങിയ ശ്രുതി ഇന്ന് പൂര്‍ണ ആരോഗ്യവതിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.