ആമസോണ്‍ കാട്ടില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളില്‍ ഒരാള്‍ ലൈംഗിക ചൂഷണത്തിന് ഇരയായി; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആമസോണ്‍ കാട്ടില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളില്‍ ഒരാള്‍ ലൈംഗിക ചൂഷണത്തിന് ഇരയായി; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ബോഗട്ട: വിമാനാപകടത്തിന് പിന്നാലെ ആമസോണ്‍ കാടുകളില്‍ അകപ്പെട്ട് 40 ദിവസത്തിനു ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികളുടെ രണ്ടാനച്ഛന്‍ അറസ്റ്റില്‍. നാലു കുട്ടികളില്‍ രണ്ടു പേരുടെ പിതാവായ മാനുവല്‍ റനോക്ക് എന്ന വ്യക്തിയെയാണ് ലൈംഗിക ആരോപണക്കേസില്‍ അറസ്റ്റ് ചെയ്തത്. ഭാര്യ മഗ്ദലീന മക്കറ്റൈയുടെ ആദ്യ വിവാഹത്തിലെ പതിമൂന്നുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് റനോക്കിനെ അറസ്റ്റ് ചെയ്തത്. പത്ത് വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് വിവരം.

ആമസോണ്‍ കാടുകളില്‍ നിന്ന് രക്ഷിച്ച കുട്ടികളെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഒരു മാസത്തോളം കൊളംബിയയിലെ ഫാമിലി വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിചരണത്തിലായിരുന്നു കുട്ടികള്‍. ഇവിടുത്തെ കൗണ്‍സിലിംഗിനിടയിലാണ് കുട്ടി താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ മാനുവല്‍ റനോക്ക് തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു.

14 വയസില്‍ താഴെയുള്ളവര്‍ക്കെതിരായ ലൈംഗിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് 32കാരനായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ മകളെ രണ്ടാം ഭര്‍ത്താവ് ആക്രമിച്ചിരുന്നതായി കുട്ടികളുടെ മുത്തച്ഛന്‍ പ്രതികരിച്ചിരുന്നു. കുട്ടികളുടെ മുത്തച്ഛനും രണ്ടാനച്ഛനും തമ്മില്‍ കുട്ടികളുടെ അവകാശ തര്‍ക്കം നടക്കുന്നതിനിടെയാണ് പീഡനവിവരം പുറത്ത് വരുന്നത്.

മെയ് ഒന്നിനാണ് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്ന - 206 തകര്‍ന്നുവീണത്. മഗ്ദലീനയും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു വിമാന ദുരന്തം. വിമാനം തകര്‍ന്ന് ഒന്നും നാലും ഒമ്പതും പതിമൂന്നും വയസുള്ള നാല് കുട്ടികളെയാണ് ആമസോണ്‍ കാടുകളില്‍ കാണാതായത്.

13 വയസുള്ള ലെസ്ലി ജാക്കബോംബയെര്‍ മക്കറ്റൈ, ഒന്‍പത് വയസുള്ള സോളിനി ജാക്കബോംബയെര്‍ മക്കറ്റൈ, നാല് വയസുള്ള ടിയന്‍ നോറിയല്‍ റോണോഖ് മക്കറ്റൈ, പതിനൊന്ന് മാസം പ്രായമുള്ള നെരിമാന്‍ റോണോഖ് മക്കറ്റൈ എന്നിവരാണ് അപകടത്തില്‍ പെട്ടവര്‍. നീണ്ട 40 ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടികളെ രക്ഷിക്കാനായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.