രാജ്യം 77-മത് സ്വാതന്ത്ര്യദിന ആഘോഷത്തില്‍; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

 രാജ്യം 77-മത് സ്വാതന്ത്ര്യദിന ആഘോഷത്തില്‍; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: രാജ്യം 77-മത് സ്വാതന്ത്ര്യദിന ആഘോഷ നിറവില്‍. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2021 ല്‍ പ്രധാനമന്ത്രി ആരംഭിച്ച സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം.

പ്രധാനമന്ത്രി ദേശീയപതാകയുയര്‍ത്തിയതോടൊപ്പം കരസേനാ ബാന്‍ഡിന്റെ ദേശീയഗാനാവതരണം നടന്നു. പതാക ഉയരുന്നതോടൊപ്പം വ്യോമസേനയുടെ അത്യാധുനികമായ രണ്ട് ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

വിവിധ മേഖലയിലുള്ള 1800 പേരാണ് രാജ്യതലസ്ഥാനത്തു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇക്കുറി പ്രത്യേക അതിഥികളായി എത്തിയിരിക്കുന്നത്. ഗ്രാമസര്‍പഞ്ചുമാര്‍ മുതല്‍ തൊഴിലാളികള്‍വരെ അതിഥികളായെത്തി. ഓരോ സംസ്ഥാനത്തുനിന്നുമുള്ള 75 ദമ്പതിമാര്‍ പരമ്പരാഗത വേഷത്തില്‍ ചെങ്കോട്ടയിലെ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ചെങ്കോട്ടയിലെ പൂക്കള്‍കൊണ്ടുള്ള അലങ്കാരങ്ങളില്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയും ഉണ്ട്.

അതേസമയം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി രാജ്യ തലസ്ഥാനത്ത് വിന്ന്യസിച്ചിരിക്കുന്നത്. ചെങ്കോട്ടയില്‍ എഴുനൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ആന്റി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് സുരക്ഷ.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. തുര്‍ന്ന് വിവിധ സേന വിഭാഗങ്ങളുടെ പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ രാവിലെ 9.30 ന് ദേശീയ പതാക ഉയര്‍ത്തും. നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ പാര്‍ട്ടി ആസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പതാക ഉയര്‍ത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.