സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍നിന്ന് ക്വാലാലംപൂരിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി സിഡ്‌നിയിലേക്ക് തിരികെ പറന്നു. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്കാണ് യാത്രക്കാരെയും വിമാനത്താവളത്തെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടായത്. 199 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ 45-കാരനായ കാന്‍ബറ സ്വദേശി മുഹമ്മദ് ആരിഫിനെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അറസ്റ്റ് ചെയ്തു.
മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ 'എംഎച്ച് 122' എന്ന വിമാനം ഉച്ചയ്ക്ക് ഒന്നിനാണ് സിഡ്നിയില്‍ നിന്ന് പറന്നുയര്‍ന്നത്. അവിടെ നിന്ന് എട്ടു മണിക്കൂര്‍ കൊണ്ടാണ് കോലാലംപൂരിലേക്കുള്ള യാത്ര. എന്നാല്‍, രണ്ട് മണിക്കൂറിന് ശേഷം 3:40 ന് വിമാനം സിഡ്നിയിലെ അതേ റണ്‍വേയില്‍ തിരികെ ഇറക്കി. വിമാനം പൊട്ടിത്തെറിക്കുമെന്ന യാത്രക്കാരന്റെ ഭീഷണിയെ തുടര്‍ന്നാണ് ടേക്ക് ഓഫ് ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷം വിമാനം തിരിച്ചിറക്കിയത്.
കൈയ്യില്‍ ബാഗുമായി എഴുന്നേറ്റ ഇയാള്‍ വിമാനം ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ജീവനക്കാര്‍ ബാഗ് പരിശോധിച്ചപ്പോള്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. എങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനം സിഡ്‌നിയിലേക്ക് തന്നെ തിരിച്ചിറക്കാന്‍ ഫ്‌ളൈറ്റ് കമാന്‍ഡര്‍ തീരുമാനിച്ചു.
വിമാനത്തിനുള്ളില്‍ വെച്ച് ഇയാള്‍ 'എന്റെ പേര് മുഹമ്മദ്, അള്ളാഹുവിന്റെ അടിമ' എന്നു വിളിച്ചു പറയുന്നതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോകളിലൊന്നില്‍ കാണാം. മാത്രമല്ല 'നീ അള്ളാഹുവിന്റെ അടിമയാണോ? പറയൂ.' എന്ന് പല യാത്രക്കാരോടും ഇയാള്‍ ചോദിക്കുന്നുണ്ടായിരുന്നു. ഇസ്ലാമിനെക്കുറിച്ച് മോശമായി സംസാരിക്കുന്ന ആളുകള്‍ക്കെതിരെ ഇയാള്‍ രോഷാകുലനാകുന്നുണ്ടായിരുന്നു. സഹയാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്.
വിമാനം സിഡ്‌നിയില്‍ ലാന്‍ഡ് ചെയ്ത ഉടനെ മുഹമ്മദ് ആരിഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഇന്നു രാവിലെ ഡൗണിംഗ് സെന്റര്‍ ലോക്കല്‍ കോടതിയില്‍ വീഡിയോ ലിങ്ക് മുഖേന ഹാജരാക്കി. മജിസ്ട്രേറ്റ് ഗ്രെഗ് ഗ്രോഗിന്‍ മുമ്പാകെ നേരിട്ടു ഹാജരാകാന്‍ ആരിഫിനെ കോടതി ജീവനക്കാര്‍ നിര്‍ബന്ധിച്ചെങ്കിലും ഇയാള്‍ വിസമ്മതിച്ചു.
പരമാവധി 10 വര്‍ഷം വരെ തടവും 15,000 ഡോളറില്‍ കൂടുതല്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കുന്നതിനായി മാറ്റിവച്ചു.
സംഭവത്തെ തുടര്‍ന്ന് സിഡ്‌നി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. സിഡ്‌നിയില്‍ നിന്നുള്ള 32 ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായും പലതും വൈകിയതായും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
വിമാനം തിരിച്ചിറങ്ങിയതിനെ 'അടിയന്തര സാഹചര്യം' എന്നാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് വിശേഷിപ്പിച്ചത്. വിമാനം പറക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ താന്‍ ആശങ്കാകുലനായിരുന്നുവെന്ന് യാത്രക്കാരനായ എദോ ഖാന്‍ എബിസി റേഡിയോ സിഡ്നിയോട് പറഞ്ഞു.
'വിമാനം പറന്നുയരുമ്പോള്‍ പ്രതി വളരെ ഉറക്കെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പിന്നീടത് കൂടുതല്‍ ഉച്ചത്തിലായി. ആദ്യം തങ്ങള്‍ കരുതി വിമാന യാത്രയെക്കുറിച്ചുള്ള പേടി കൊണ്ടാണെന്ന്. പക്ഷേ പിന്നീട് കൈകള്‍ വായുവിലേക്ക് ഉയര്‍ത്താന്‍ തുടങ്ങി. ആശങ്കയുടെ നിമിഷങ്ങളാണ് കടന്നു പോയതെന്നും അദ്ദേഹം പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.