അസ്മാര: ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ 10 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞ 13 ക്രിസ്ത്യാനികള്‍ക്ക് മോചനം. വചന പ്രഘോഷകര്‍ ഉള്‍പ്പെടെ നാനൂറിലധികം ക്രിസ്ത്യാനികളാണ് വര്‍ഷങ്ങളായി നരക യാതന അനുഭവിച്ച് തടവില്‍ കഴിയുന്നത്. വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ് റേഡിയോയുടെ അവതാരകനായ ടോഡ് നെറ്റില്‍ട്ടണ്‍ നടത്തിയ ആഗോള പ്രാര്‍ത്ഥനാ കാമ്പെയ്ന്റെ ഫലമായാണ് 13 പേര്‍ക്ക് മോചനം ലഭിച്ചത്. അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ദ വോയ്സ് ഓഫ് ദ മാര്‍ട്ടിയേഴ്സാണ് കാമ്പെയ്ന് നേതൃത്വം നല്‍കിയത്.
രണ്ട് വചനപ്രഘോഷകര്‍ ഉള്‍പ്പെടെ ജയിലില്‍ 7,000 ദിവസങ്ങളായി കഴിയുന്ന ക്രിസ്ത്യാനികളുടെ മോചനത്തിനായി അഭ്യര്‍ത്ഥിച്ച് എറിത്രിയന്‍ സര്‍ക്കാരിന് താന്‍ ഒരു ഇ-മെയില്‍ അയച്ചതായി ടോഡ് നെറ്റില്‍ട്ടണ്‍ വെളിപ്പെടുത്തിയിരുന്നു. തടവിലാക്കപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നവരുടെ പട്ടികയും ചേര്‍ത്താണ് ഇ-മെയില്‍ അയച്ചത്. പതിനായിരത്തിലധികം ആളുകളുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്.
'ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നു! കഴിഞ്ഞ 10 വര്‍ഷമായി തടവില്‍ കഴിയുന്ന പതിമൂന്ന് എറിത്രിയന്‍ ക്രിസ്ത്യാനികള്‍ സ്വതന്ത്രരായി! അവരുടെ മോചനത്തിനായി തങ്ങള്‍ കര്‍ത്താവിനെ സ്തുതിക്കുന്നു' - നെറ്റില്‍ടണ്‍ പറയുന്നു.
'ഇ-മെയില്‍ അയച്ച് വെറും ആറ് ദിവസത്തിന് ശേഷമാണ് 13 ക്രിസ്ത്യന്‍ തടവുകാരെ മോചിപ്പിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിക്കുന്നത്! മോചിപ്പിക്കപ്പെട്ട ആറ് പുരുഷന്മാരും ഏഴ് സ്ത്രീകളും 10 വര്‍ഷമായി ജയിലിലായിരുന്നു'.
വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ് റേഡിയോയുടെ ഒരു എപ്പിസോഡിലൂടെ ടോഡ് നെറ്റില്‍ട്ടണ്‍ എറിത്രിയന്‍ ജയിലില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന ദുരിതങ്ങള്‍ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. എറിത്രിയയിലെ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് കൂട്ടായ്മയിലെ അംഗങ്ങളാണ് തടവിലാക്കപ്പെട്ടവര്‍.
പീഡിപ്പിക്കപ്പെടുന്ന വിശ്വാസികള്‍ക്ക് വേണ്ടി എറിത്രിയന്‍ എംബസിക്ക് ഇ-മെയില്‍ ചെയ്യാനും ടോഡ് നെറ്റില്‍ട്ടണ്‍ ആഹ്വാനം ചെയ്തിരുന്നു.
19 വര്‍ഷം മുന്‍പാണ്, രണ്ട് എറിത്രിയന്‍ പാസ്റ്റര്‍മാരായ കിഫ്‌ളു ഗെബ്രെമെസ്‌ക്കെല്‍, ഹെയ്‌ലെ നൈസ്ഗി എന്നിവര്‍ അറസ്റ്റിലായത്. അവര്‍ ഇപ്പോഴും ജയിലിലാണ്. 2004 മെയ് 23-ന് അതിരാവിലെ, ഇരുവരെയും അറസ്റ്റ് ചെയ്യുകയും അവരുടെ വീടുകളില്‍ നിന്ന് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ മോചിതരായവരില്‍ നൈസ്ഗിയും ഗെബ്രെമെസ്‌ക്കെലും ഇല്ലെന്നാണു വിവരം. അവര്‍ താമസിയാതെ ജയിലില്‍ നിന്ന് മോചിതരാകുമെന്നാണ് പ്രതീക്ഷയെന്ന് ടോഡ് നെറ്റില്‍ട്ടണ്‍ പറഞ്ഞു.
എറിത്രിയ പോലീസ് റെയ്ഡുകള്‍ നടത്തിയാണ് വിശ്വാസികളെയും പാസ്റ്റര്‍മാരെയും കസ്റ്റഡയിലെടുക്കുന്നത്. വിചാരണ പോലും നടത്താതെ ജയിലുകളിലും കപ്പല്‍ കണ്ടെയ്‌നറുകള്‍ താല്‍ക്കാലിക തടവറകളാക്കി അതിലും അടച്ചു. ഇങ്ങനെ വര്‍ഷങ്ങളായി ഇരുണ്ട തടവറകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ ഏകദേശം 400 പേരോളമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ വീടുകളിലും മറ്റു രഹസ്യ കേന്ദ്രങ്ങളിലുമാണ് പ്രാര്‍ത്ഥാ കൂട്ടായ്മകള്‍ നടത്തി വരുന്നത്.
മൂന്ന് ക്രിസ്ത്യന്‍ സഭകള്‍ക്കാണ് എറിത്രിയയില്‍ പ്രവര്‍ത്തനാനുമതി ഉള്ളത്. കത്തോലിക്കാ, ഇവാഞ്ചലിക്കല്‍, ലൂഥറന്‍ ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളുടേതല്ലാത്ത മുഴുവന്‍ ദേവാലയങ്ങളും 2002-ല്‍ എറിത്രിയന്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിയിരുന്നു. ഏതാണ്ട് ആയിരത്തിലധികം ക്രൈസ്തവര്‍ യാതൊരു കാരണവും കൂടാതെ എറിത്രിയന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്സ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.