മോസ്‌കോ: ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന റഷ്യയില്‍ റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ഉക്രെയ്‌നുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യം 25 ശതമാനം ഇടിഞ്ഞു. കറന്‍സിയുടെ മൂല്യം ഇടിഞ്ഞതോടെ ദൈനംദിന ജീവിതച്ചെലവ് താങ്ങാനാവാത്ത അവസ്ഥയിലാണ് റഷ്യന്‍ പൗരന്മാര്‍. ഒരു വര്‍ഷമായിട്ടും യുദ്ധം അവസാനിക്കാത്തതും പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളും റഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി മാറുകയാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ റഷ്യയിലെ കേന്ദ്രബാങ്ക് പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി. 3.5 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനും റൂബിളിനെ ശക്തിപ്പെടുത്തുന്നതിനുമാണ് പലിശ നിരക്ക് ഉയര്‍ത്തിയത് എന്നാണ് കേന്ദ്രബാങ്കിന്റെ വിശദീകരണം. നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ അടിസ്ഥാന പലിശനിരക്ക് 12 ശതമാനമായാണ് ഉയര്‍ന്നത്.
ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നാണ് റൂബിളിന്റെ മൂല്യം താഴ്ന്ന നിലവാരത്തിലേക്ക് എത്തിയത്. ഒരു ഡോളര്‍ വാങ്ങാന്‍ 101 റൂബിള്‍ നല്‍കണമെന്ന തരത്തിലേക്കാണ് റഷ്യന്‍ കറന്‍സിയുടെ മൂല്യം താഴ്ന്നത്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ റൂബിളിന്റെ മൂല്യത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. റഷ്യ സൈനിക ചെലവ് വര്‍ധിപ്പിച്ചതും ഊര്‍ജ്ജ കയറ്റുമതിയുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവുമാണ് റൂബിളിന്റെ മൂല്യം താഴാന്‍ പ്രധാന കാരണം.
ഉല്‍പ്പാദനത്തേക്കാള്‍ ആവശ്യകത ഉയര്‍ന്നതാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണമെന്ന് കേന്ദ്രബാങ്ക് അറിയിച്ചു. പണപ്പെരുപ്പനിരക്കിന് പുറമേ, ഇറക്കുമതിയുടെ ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന് റൂബിളിന്റെ മൂല്യത്തെ ബാധിച്ചതും പലിശനിരക്ക് ഉയര്‍ത്താന്‍ മറ്റൊരു കാരണമാണെന്നും കേന്ദ്രബാങ്ക് അറിയിച്ചു.
ഉയര്‍ന്ന പലിശനിരക്ക് ഇറക്കുമതി ഉള്‍പ്പെടെ ചരക്കുകളുടെ ആഭ്യന്തര ഡിമാന്‍ഡ് പരിമിതപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.