മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ ആദ്യത്തെ ഇടയനായി സ്ത്യുത്യര്‍ഹ സേവനം കാഴ്ചവെച്ചശേഷം ഇന്ത്യയിലേക്കു മടങ്ങുന്ന ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിന് മെല്‍ബണ്‍ വിമാനത്താവളത്തില്‍ സ്‌നേഹോഷ്മള യാത്രയയപ്പ്. ഒഡീഷയിലെ കോരാപുട് പ്രദേശത്തെ പ്രേഷിത ദൗത്യമാണ് അടുത്ത ചുമതലയായി പിതാവ് സ്വയം ഏറ്റെടുത്തത്.
75 വയസ് പൂര്‍ത്തിയായിനെ തുടര്‍ന്നാണ് കാനോനിക നിയമപ്രകാരം ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ വിരമിച്ചത്. കഴിഞ്ഞ മെയ് 31-ന് നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സ്ഥാനമേറ്റിരുന്നു. അന്നു നടന്ന സമ്മേളനത്തില്‍ മാര്‍ ബോസ്‌കോ പുത്തൂരിന് ഓസ്‌ട്രേലിയന്‍ വിശ്വാസ സമൂഹം ഔദ്യോഗികമായ യാത്രയയപ്പും നല്‍കിയിരുന്നു. വിരമിച്ചാലും സഭാപാരമ്പര്യമനുസരിച്ച് ജീവിതാന്ത്യം വരെ ബിഷപ്പ് മെല്‍ബണ്‍ രൂപതാംഗമായിരിക്കും.
പിതാവിനെ യാത്രയാക്കാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍, വികാരി ജനറല്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി എന്നിവരും രൂപതയില്‍നിന്നുള്ള വിശ്വാസികളും ഒപ്പമുണ്ടായിരുന്നു.
'ഒഡീഷയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളോടുള്ള അങ്ങയുടെ അചഞ്ചലമായ സമര്‍പ്പണത്തിന് ഞങ്ങള്‍ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു. പിതാവിന്റെ അശ്രാന്ത പരിശ്രമങ്ങള്‍ ഞങ്ങള്‍ക്കെല്ലാം പ്രചോദനത്തിന്റെ ഉറവിടമാണ്. അങ്ങ് സേവിക്കുന്ന ആളുകളുടെ ജീവിതത്തില്‍ ചെലുത്തുന്ന നല്ല സ്വാധീനത്തിന് ഞങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കും.
പിതാവിന്റെ ജീവിതം മഹത്തായ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്താല്‍ അനുഗ്രഹീതമാകട്ടെ. അങ്ങയുടെ പ്രതിബദ്ധത അനുകമ്പയുടെയും സേവനത്തിന്റെയും യഥാര്‍ത്ഥ സത്തയെ പ്രതിഫലിപ്പിക്കുന്നു, ഈ അര്‍ത്ഥവത്തായ യാത്രയില്‍ പിതാവിനൊപ്പം നില്‍ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു' - മാര്‍ ബോസ്‌കോ പുത്തൂരിന് ആശംസ നേര്‍ന്ന് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വരികളാണിത്.
2014-ലാണ് മെല്‍ബണ്‍ കേന്ദ്രമായി സ്ഥാപിക്കപ്പെട്ട ഓസ്ട്രേലിയയിലെ സിറോ മലബാര്‍ രൂപതയുടെ പ്രഥമ അദ്ധ്യക്ഷനായും ന്യുസിലാന്‍ഡിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററായും മാര്‍ ബോസ്‌കോ പുത്തൂര്‍ ചുമതലയേറ്റത്. ഓസ്ട്രേലിയയുടെ വിവിധ നഗരങ്ങളില്‍ ചിതറിക്കിടന്ന സിറോ മലബാര്‍ വിശ്വാസികളെ ഒരുമിപ്പിക്കാന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ അക്ഷീണം പ്രയത്നിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.