ദുരിതം മാടിവിളിക്കുന്ന കരിമണൽ ഖനനം; തീരത്തിന്റെ നിലവിളി കേൾക്കാതെ ഭരണകൂടം

ദുരിതം മാടിവിളിക്കുന്ന കരിമണൽ ഖനനം; തീരത്തിന്റെ നിലവിളി കേൾക്കാതെ ഭരണകൂടം

കേരളത്തിന്റെ ഏറ്റവും വലിയ ധാതു സമ്പത്തായ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും ആളിക്കത്തുന്നു. സ്വകാര്യ കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി കൈപ്പറ്റിയെന്ന വിവരം പുറത്തു വന്നിട്ടും സർക്കാർ മൗനം തുടരുന്ന പശ്ചാത്തലത്തിലാണ് വിവാദം വീണ്ടും പ്രതിപക്ഷം ആയുധമാക്കുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസം തോറും എട്ട് ലക്ഷം രൂപ വാങ്ങിച്ചു എന്ന ആരോപണത്തിനു പിന്നാലെ മറ്റ് രാഷ്ട്രീയ നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്ന വിവരങ്ങളും പുറത്തായി. പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ കോടികൾ വാങ്ങിച്ചു എന്നാണ്‌ വിവരങ്ങൾ.

കേരള തീരത്തെ ഒരോ ദിവസവും കാർന്നു തിന്നുകയാണ് കരിമണൽ ഖനനം. കേരളത്തിൽ കരിമണൽ ഖനനം ചെയ്യാൻ പൊതു മേഖലാ സ്ഥാപനങ്ങൾക്ക് മാത്രമാണ് അവകാശം. കേരളത്തിൽ ഈ രംഗത്ത് മൂന്ന് പൊതു മേഖലാ കമ്പനികൾ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിന്റെ കരിമണൽ നിക്ഷേപമുള്ള കടപ്പുറത്തു നിന്ന് മണൽ ലോറികളിൽ കയറ്റി തമിഴ്‌നാട്ടിൽ കൊണ്ടു പോയി ധാതുക്കൾ വേർതിരിക്കാൻ സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് സംബന്ധിച്ച പരാതികളും അടുത്തിടെ പുറത്തു വന്നിരുന്നു. മാത്രമല്ല കെ.എം.എം.എൽ കമ്പനിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഒഴുകി ജീവിതം ദുരിത്തതിലായ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 350 ഏക്കർ ഏറ്റെടുക്കണമെന്ന നിയമസഭാ കമ്മിറ്റിയുടെ ശുപാർശ വർഷങ്ങളായി പാലിച്ചിട്ടില്ല.

സംസ്ഥാനത്തിന് പ്രയോജനമില്ലാത്ത രീതിയിലും നാട്ടുകാർക്ക് ഭീതിയുണർത്തുന്ന മട്ടിലുമാണ് കേരള്തതിലെ ഖനനം. ഇതു കൊണ്ട് നേട്ടം ലഭിക്കുന്നതാകട്ടെ പ്രമുഖർക്കും. അവരാണ് ധാതു ഖനനം പൊതു മേഖലയിൽ നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെടുന്നത്. ധാതു ഖനനം കൊണ്ട് രക്ഷപ്പെട്ട രാജ്യങ്ങൾ നിരവധിയാണ്. അവിടെയൊക്കെ ഭരണാധികാരികൾ അത് ശരിയായ രീതിയിൽ നടത്തി. ഇവിടെ അത് നടത്താൻ ചില പ്രത്യേക താത്‌പര്യക്കാർ സമ്മതിക്കുന്നില്ല. പുതിയ ടെക്നോളജിയുമായി സ്വകാര്യ മേഖല കൂടി ഈ രംഗത്തേക്ക് കടന്നുവന്നാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാനാവുന്ന വിപ്ളവകരമായ മാറ്റമാകും സംഭവിക്കുക. കരിമണൽ ഖനനത്തിന് സ്വകാര്യ മേഖലയ്ക്കും അവകാശം ലഭിക്കുന്ന ബിൽ അടുത്തിടെ പാർലമന്റിൽ പാസാക്കിയിരുന്നു. ബില്ല് പ്രകാരം ആണവ, ബഹിരാകാശ മേഖലകൾക്കും ദേശസുരക്ഷയ്ക്കും ഉപയോഗിക്കാനാവുന്ന ധാതുക്കൾ അടക്കം സ്വർണം, വെള്ളി, ചെമ്പ്, വജ്രം, പ്ളാറ്റിനം തുടങ്ങിയ ധാതു സമ്പത്തിന്റെ ഖനനവും സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുക്കും.

വിദേശികളായി തുടങ്ങിയ കേരള തീരത്തെ കരിമണൽ ഖനനം സ്വാതന്ത്ര്യാനന്തരം പൊതുമേഖലാ സ്ഥാപനങ്ങൾ തുടർന്നു. കടലെടുത്ത ആലപ്പാടിനും ആറാട്ടു പുഴയ്ക്കും പിന്നാലെ ആലപ്പുഴയുടെ തെക്കൻ തീരങ്ങളിലും കരിമണൽ ഖനനം രൂക്ഷമാണ്. പൊതുമേഖലാ ഖനന സ്ഥാപനങ്ങളെ മറയാക്കി, മണൽക്കള്ളക്കടത്തെന്ന് ആരോപിച്ചാണ് കൊല്ലത്തിന്റെ തീരങ്ങളിൽ ഖനനം നടന്നതെങ്കിൽ തോട്ടപ്പള്ളിയിൽ അത് ദുരന്ത നിവാരണത്തിന്റെ പേരിലാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി പ്രളയം നേരിട്ട കുട്ടനാടിനെ രക്ഷിക്കാനെന്ന വ്യാജേനയാണ് തോട്ടപ്പള്ളി പൊഴി മുറിക്കാൻ തീരുമാനമുണ്ടായത്.

കരിമണൽ ഖനനം ദോഷകരമോ?

സുനാമിയുടെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയിലെ സുമാത്രയായിരുന്നു. ഇന്തോനേഷ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ ഖനനം നടക്കുന്നത്. സുനാമി ദുരന്തം നാശം വിതച്ചത് ഏറ്റവും കൂടുതൽ മണൽഖനനം നടക്കുന്നിടത്താണ് എന്നതാണ് യാഥാർത്യം. തായ്‌ലൻഡും ശ്രീലങ്കയും തമിഴ്‌നാടും കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളുമെല്ലാം ഉത്തരമായി നമുക്ക് മുന്നിലുണ്ട്.

കരിമണൽ ഖനനത്തിന്റെ മ­റ്റൊരു പ്രധാന ദോഷം കട­ൽത്തീരത്തെ ക്ര­മേണ ഇല്ലാതാക്കും എ­ന്നതാണ്. കൊല്ലം ജില്ലയിലെ ഖനനം നടത്തുന്ന പ്രദേശത്ത് 110 കൊല്ലത്തിനിടയിൽ 197.04 ഹെക്ടർ പ്രദേശം കടലെടുത്തു. കൂടാതെ ഖനനം മൂലം കടലിന്റെ മണൽ നിക്ഷേപവും ഇല്ലാതാക്കും. ഇത് കടലാക്രമണത്തിന് വഴിയൊരുക്കും.

ഖനനം ഉയർത്തുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഈ മേഖലയിലെ ജനങ്ങൾക്കുണ്ടാകുന്ന മാര കരോഗങ്ങളാണ്. ത്വക്ക് രോഗം മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്ക് പ്രദേശ വാസികൾ വിധേയരാകും. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ റേഡിയേഷനുള്ള പ്രദേശമാണ് കൊല്ലം ജില്ലയിലെ ഖനനം നടക്കുന്ന ചവറ, നീണ്ടകര, പൊൻമന, ആലപ്പാട് പ്രദേശങ്ങൾ. കരിമണലിൽ അടങ്ങിയിരിക്കുന്ന തോറിയം ഏറ്റവും കൂടുതൽ അണുപ്രസരണശേഷിയുള്ളതാണ്. ഗർഭസ്ഥ ശിശുമുതൽ വൃദ്ധൻമാർവരെ ഇവിടെ മാരകമായ രോഗങ്ങളുടെ പിടിയിലാണെന്ന് റീജിയണൽ കാൻസർ സെന്റർ ഈ മേഖലയിൽ നടത്തുന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നു.

കരിമണലിൽ കണ്ണുവെച്ചത് എന്നുമുതൽ

കേരളത്തിൽ നിന്നും വിദേശത്തേയ്ക്ക് കയറ്റിയയച്ച കയറിൽ പറ്റിപ്പിടിച്ച കറുത്ത മണ്ണിന്റെ സവിശേഷത ആദ്യം തിരിച്ചറിഞ്ഞത് ബ്രിട്ടീഷുകാരായിരുന്നു. 1908 ൽ ഫെർഫാംബെർഗ് എന്ന ശാസ്ത്രജ്ഞനാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കേരളത്തിലെ കരിമണലിൽ 55 ശതമാനം ഇൽമനൈറ്റ് ആണ് അടങ്ങിയിട്ടുള്ളത്. 25 ശതമാനത്തിൽ കൂടുതൽ ഇൽമനൈറ്റ് അടങ്ങിയ കരിമണൽ ലോകത്ത് മറ്റെങ്ങും ഇല്ലായെന്നതാണ് വിദേശ ഭീമന്മാരെപോലും ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

എന്താണ് കരിമണൽ?

ഇൽമനൈറ്റ്, മോണോസൈറ്റ്, സിൽമനൈറ്റ്, സിലിക്ക, സിർക്കോൺ, ഗ്രൈനൈറ്റ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ മണ്ണാണിത്. പെയിന്റും തുണിത്തരങ്ങളും പ്ലാസ്റ്റിക്കും റബർ ഉല്പന്നങ്ങളും പോലുള്ള സാധാരണ വസ്തുക്കൾ മുതൽ യുദ്ധോപകരണങ്ങളും ബഹിരാകാശയാനങ്ങളുമെല്ലാം നിർമ്മിക്കാൻ കഴിയുമെന്നതും ഇതിനെ വേറിട്ടുനിർത്തുന്നു. ടൈറ്റാനിയത്തിന്റെ ലോഹ അയിരുകളായ ഇൽമനൈറ്റിനും റൂട്ടൈലിനും വൻ സാമ്പത്തിക പ്രധാന്യമുണ്ട്. സിറാമിക് വ്യവസായത്തിലും അണുശക്തി രംഗത്തും ഇവ വൻതോതിൽ ഉപയോഗിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.