ട്രംപിനെ വധിക്കാന്‍ ജൈവവിഷം കലര്‍ന്ന കത്ത് വൈറ്റ് ഹൗസിലേക്ക് അയച്ച കേസില്‍ സ്ത്രീക്ക് 22 വര്‍ഷം തടവ്

 ട്രംപിനെ വധിക്കാന്‍ ജൈവവിഷം കലര്‍ന്ന കത്ത് വൈറ്റ് ഹൗസിലേക്ക് അയച്ച  കേസില്‍ സ്ത്രീക്ക് 22 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ മാരക വിഷം കലര്‍ന്ന കത്ത് വൈറ്റ് ഹൗസിലേക്ക് അയച്ച കേസില്‍ ഫ്രഞ്ച്-കനേഡിയന്‍ വനിതയ്ക്ക് അമേരിക്കന്‍ കോടതി 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 56 കാരിയായ പാസ്‌കല്‍ ഫെറിയറിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ജനുവരിയില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഫെറിയറിനെ അമേരിക്കയില്‍ നിന്ന് നാടുകടത്തും.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് 2020 സെപ്റ്റംബറിലാണ് ജൈവവിഷമായ റൈസിന്‍ പൊടി പുരട്ടിയ കത്ത് പാസ്‌കല്‍ ഫെറിയര്‍ വൈറ്റ് ഹൗസിലേക്ക് അയച്ചത്.

ജൈവായുധ പ്രയോഗം കൊണ്ട് ട്രംപിനെയും മറ്റു ചില അമേരിക്കന്‍ ഉദ്യോഗസ്ഥരെയും വധിക്കുക എന്നതായിരുന്നു ലക്ഷ്യം. കത്തില്‍ ട്രംപിനെ വൃത്തികെട്ട സ്വേച്ഛാധിപതി എന്ന് വിശേഷിപ്പിക്കുകയും മത്സരം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഫ്രാന്‍സിലെയും കാനഡയിലെയും ഇരട്ട പൗരത്വമുള്ള ഫെറിയര്‍, 2020 സെപ്റ്റംബറില്‍ അതിര്‍ത്തി കടന്ന് ന്യൂയോര്‍ക്കിലെ ബഫല്ലോയിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോള്‍ തോക്കും കത്തിയും വെടിയുണ്ടകളും ഇവരുടെ കൈവശം ഉണ്ടായിരുന്നു.

റൈസിന്‍ പുരട്ടിയ ആറു കത്തുകളാണ് അയച്ചത്. ഒന്ന് വൈറ്റ് ഹൗസിലേക്കും അഞ്ചെണ്ണം ടെക്‌സാസ് നിയമ വകുപ്പ് ഓഫീസുകളിലേക്കും. എന്നാല്‍ കത്ത് ട്രംപിന്റെ കൈയിലെത്തും മുന്‍പ് നശിപ്പിക്കുകയായിരുന്നു. കത്തില്‍ പാസ്‌കല്‍ ഫെറിയറുടെ വിരലടയാളം എഫ്ബിഐ കണ്ടെത്തിയിരുന്നു.

ഫെറിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്. 2019 ല്‍ നിയമവിരുദ്ധമായി ആയുധം കൈയില്‍ വച്ചതിനും വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചതിനും ഫെറിയറിനെ അറസ്റ്റ് ചെയ്തിരുന്നു.

കാസ്റ്റര്‍ ബീന്‍സ് എന്ന കുരു സംസ്‌കരിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടത്തില്‍ നിന്നാണ് റൈസിന്‍ ഉണ്ടാക്കുന്നത്. ഒരു സൂചിത്തലപ്പോളം റൈസിന്‍ മനുഷ്യ ജീവനെടുക്കാന്‍ ധാരാളമാണെന്ന് വിദഗ്ദര്‍ പറയുന്നു. 2018-ല്‍ മറ്റൊരു നേവി ഉദ്യോഗസ്ഥനും റൈസിന്‍ ഉപയോഗിച്ച് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. 2014-ല്‍ ബരാക് ഒബാമയ്ക്കും ഇത്തരത്തില്‍ വിഷം പുരട്ടിയ കത്ത് വന്നിരുന്നു. റൈസിന്‍ കയ്യില്‍ പുരണ്ട് അത് ശ്വസിക്കാനോ ഉള്ളിലെത്താനോ ഇടയായാല്‍ 32 മണിക്കൂറില്‍ മരണം സംഭവിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.