അമേരിക്കയ്ക്ക് പിന്നാലെ കാനഡയെയും വിഴുങ്ങി കാട്ടുതീ; പാലായനം ചെയ്ത് പ്രദേശവാസികൾ

അമേരിക്കയ്ക്ക് പിന്നാലെ കാനഡയെയും വിഴുങ്ങി കാട്ടുതീ; പാലായനം ചെയ്ത് പ്രദേശവാസികൾ

യെല്ലോനൈഫ്: ലോകത്തെ വിഴുങ്ങി കാട്ടുതീ പടരുന്നു. അമേരിക്കയിലെ ഹവായിക്കു പിന്നാലെ കാനഡയിലും ആശങ്കപ്പെടുത്തുന്ന കാട്ടുതീ റിപ്പോർട്ടുകൾ പുറത്തു വരുന്നു. കാനഡയിലെ വടക്കൻമേഖലകളിൽ കാട്ടു തീ പടരുകയാണ്. കാലാവസ്ഥ മാറ്റത്തിന്റെ പ്രതിഫലനമാണ് ലോകത്താകമാനം അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ.

കാനഡയുടെ വടക്കൻ മേഖലകളിൽ കാട്ടുതീ പടരുകയാണ്. യെല്ലോനൈഫ് നഗരത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ നിന്ന് വ്യാഴാഴ്ച ആയിരങ്ങളെ ഒഴിപ്പിച്ചു. ഗുരുതരമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് 46,000 പേരെ ഒഴിപ്പിക്കാൻ ഒരുങ്ങുകയാണ്. ഒഴിപ്പിക്കൽ ഉത്തരവ് പ്രഖ്യാപിച്ചതോടെ ആളുകൾ പലായനം ചെയ്യാൻ തുടങ്ങി. വിമാനമാർഗവും റോഡു മാർഗവുമാണ് പലരും മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോയത്. കാട്ടുതീയിൽ നിന്ന് പലായനം ചെയ്യുന്ന ആളുകളിൽ ചിലർ അയൽ പ്രവിശ്യയായ ആൽബർട്ടയിലേക്ക് മാറുകയാണ്, അവിടെ മൂന്ന് അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

ആകെ 46,000 ആളുകളുള്ള യെല്ലോനൈഫിലെ ജനസംഖ്യയുടെ 65 ശതമാനം ആളുകളെ ഒഴിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. തീ പടരുന്നത് തടയാൻ പ്രത്യേക സംഘങ്ങൾ നഗരത്തിനടുത്തുള്ള മരങ്ങൾ വെട്ടിമാറ്റിയതായി യെല്ലോനൈഫ് മേയർ റെബേക്ക ആൾട്ടി അറിയിച്ചു.

അതേ സമയം, വ്യാഴാഴ്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥിതിഗതികൾ ചർച്ച ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പെട്ട യോഗത്തിൽ പ്രതിരോധ മന്ത്രി ബിൽ ബ്ലെയറും പങ്കെടുത്തു. വടക്കൻ കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് യെല്ലൊനൈഫ്. ഇവിടേക്ക് തീയെത്തുന്നത് തടയുകയാണ് ലക്ഷ്യം. വടക്കു പടിഞ്ഞാറൻ കാറ്റിന്റെ ശക്തമായ സ്വാധീനമുള്ളതിനാൽ അടുത്ത രണ്ടു ദിവസം നിർണായകമാണ്.

മുൻപ് ഉണ്ടാകാത്ത രീതിയിലുള്ള കാട്ടുതീയെ തുടർന്ന് വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മാനേജ്മെന്റിനെ പിന്തുണയ്ക്കാൻ സേനയെ വിന്യസിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കാട്ടുതീയെ നേരിടാൻ ഫെഡറൽ സഹായത്തിന് അംഗീകാരം നൽകിയതായും പ്രദേശത്തെ അഗ്‌നിശമന ശ്രമങ്ങളെ സഹായിക്കാൻ സായുധ സേനയെ വിന്യസിച്ചതായും കനേഡിയൻ സർക്കാർ അറിയിച്ചിരുന്നു.

ഈ വർഷം ഇതുവരെ ചെറുതും വലുതുമായ 5783 കാട്ടുതീയാണ് കാനഡയിലുണ്ടായത്. ഇതിൽ ആയിരത്തിലധികം ഇടങ്ങളിൽ ഇപ്പോഴും തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഈ വർഷം മാത്രം 1.37 കോടി ഹെക്ടർ കാട് കത്തിനശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.