ബംഗളുരു: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍-3 ദൗത്യത്തെ ആക്ഷേപിച്ച് പോസ്റ്റിട്ടതിന് നടന്‍ പ്രകാശ് രാജിനെതിരേ വ്യാപക വിമര്‍ശനം. സമൂഹ മാധ്യമമായ എക്‌സില്‍ വിവാദമായ പോസ്റ്റിട്ടതിനു പിന്നാലെയാണ് നടനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഞായറാഴ്ചയായിരുന്നു പ്രകാശ് രാജിന്റെ എക്‌സ് അക്കൗണ്ടില്‍ ചന്ദ്രയാന്‍-3 ദൗത്യവുമായി ബന്ധപ്പെട്ട പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ചന്ദ്രയാന്‍-3 മറ്റന്നാള്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ഒരുങ്ങുമ്പോഴാണ് പ്രകാശ് രാജിന്റെ ട്വീറ്റ് ചര്‍ച്ചാ വിഷയമാകുന്നത്. ചന്ദ്രോപരിതലത്തിലിറങ്ങുന്ന വിക്രം ലാന്‍ഡര്‍ പേടകം പകര്‍ത്തിയ ആദ്യ ദൃശ്യം എന്ന തലക്കെട്ടോടെ കൈലി മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ചായ അടിക്കുന്ന വ്യക്തിയുടെ കാരിക്കേച്ചറായിരുന്നു നടന്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രകാശ് രാജിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്ര ലോകത്തെ തന്നെ നടന്‍ പരിഹസിക്കുകയാണെന്നും ഐ.എസ്.ആര്‍.ഒ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പോഷക സംഘടനയല്ലെന്നും നടനെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണങ്ങള്‍.
കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിമര്‍ശിക്കുന്നത് പോലെയല്ല രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആര്‍.ഒയെ ആക്ഷേപിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റിനുള്ള മറുപടികളില്‍ അധികവും. രാജ്യം ഭരിക്കുന്ന പാര്‍ട്ടികള്‍ മാറി മാറി വരും, ഐ.എസ്.ആര്‍.ഒ എന്നും രാജ്യത്തിന്റെ അഭിമാനമായി നിലനില്‍ക്കും, ചന്ദ്രയാന്‍ ദൗത്യം വിജയിച്ചാല്‍ അത് ബി.ജെ.പിയുടെ അക്കൗണ്ടിലേക്കല്ല ഇന്ത്യക്കാരുടെ ഒന്നാകെ അഭിമാനത്തിന്റെ പ്രതീകമായി മാറുകയാണ് ചെയ്യുകയെന്ന് നടന്‍ ഓര്‍ക്കണം എന്നിങ്ങനെ പോസ്റ്റിന് മറുപടി വന്നിട്ടുണ്ട്. വിമര്‍ശനത്തിന് മറുപടി നല്‍കാനോ പോസ്റ്റിന് വ്യക്തത വരുത്താനോ പ്രകാശ് രാജ് തയ്യാറായിട്ടില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും വിമര്‍ശകനാണ് പ്രകാശ് രാജ്. 2017ല്‍ സുഹൃത്തും മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് മുതല്‍ ജസ്റ്റ് ആസ്‌കിങ് ഹാഷ് ടാഗ് പ്രചാരണത്തിലൂടെ നടന്‍ നിരന്തരം കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.