മനുഷ്യാവകാശ ലംഘനങ്ങളും മതപീഡനവും; നിക്കരാഗ്വന്‍ ഭരണകൂടത്തിലെ 100 ഉദ്യോഗസ്ഥര്‍ക്ക് വിസ വിലക്കുമായി അമേരിക്ക

മനുഷ്യാവകാശ ലംഘനങ്ങളും മതപീഡനവും; നിക്കരാഗ്വന്‍ ഭരണകൂടത്തിലെ 100 ഉദ്യോഗസ്ഥര്‍ക്ക് വിസ വിലക്കുമായി അമേരിക്ക

മനാഗ്വേ: ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയും മതസ്വാതന്ത്ര്യം വിലക്കുകയും ചെയ്യുന്ന നിക്കരാഗ്വന്‍ ഭരണകൂടത്തിലെ 100 ഉദ്യോഗസ്ഥര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക. സൊസൈറ്റി ഓഫ് ജീസസ് നടത്തുന്ന സെന്‍ട്രല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ (ഡഇഅ) ബാങ്ക് അക്കൗണ്ടുകളും ആസ്തികളും ഡാനിയല്‍ ഒര്‍ട്ടേഗ ഭരണകൂടം മരവിപ്പിച്ചതിനു പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടി.

'നിക്കരാഗ്വ പൗരന്മാരുടെ മനുഷ്യാവകാശങ്ങളെ നിയന്ത്രിക്കുകയും ജനാധിപത്യത്തെ തുരങ്കം വെക്കുകയും ചെയ്യുന്ന 100 നിക്കരാഗ്വന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചു. ഇതുകൂടാതെ അവിടുത്തെ പ്രതിരോധ മന്ത്രിയുടെയും സൈന്യം, ടെലികോം, ഖനന മേഖലകളിലെ മറ്റ് ഉദ്യോഗസ്ഥരുടെയും അമേരിക്കയിലുള്ള ആസ്തികളും ട്രഷറി വകുപ്പ് മരവിപ്പിച്ചു.

'മതഗല്‍പ്പ ബിഷപ്പ് അല്‍വാരസ് ഉള്‍പ്പെടെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്ന എല്ലാവരെയും നിരുപാധികമായി ഉടനടി മോചിപ്പിക്കാന്‍ ഞങ്ങള്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു' - ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

നിക്കരാഗ്വന്‍ സര്‍ക്കാരിന്റെ വിമര്‍ശകനായിരുന്ന ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസ്, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ സഹായിച്ചുവെന്നാരോപിച്ചാണ് ഒര്‍ട്ടേഗ ഭരണകൂടം ജയിലിലടച്ചത്.

ഫെബ്രുവരിയില്‍ അമേരിക്കയിലേക്ക് നാടു കടത്താന്‍ കൊണ്ടുപോകുന്ന വിമാനത്തില്‍ കയറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ 26 വര്‍ഷം തടവിന് ശിക്ഷിച്ചു. അദ്ദേഹം സ്വതന്ത്രമായ സിവില്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന ധീരരായ വ്യക്തികളില്‍ ഒരാളായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

നിക്കരാഗ്വന്‍ ജനതയുടെ മൗലിക സ്വാതന്ത്ര്യങ്ങളും അവരുടെ മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

2021-ലെ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി നാലാം തവണയും വിജയിക്കുന്നതിനായി ഒര്‍ട്ടേഗ നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു. ഡസന്‍ കണക്കിന് സര്‍ക്കാരിതര സംഘടനകളുടെ നിയമപരമായ നിലനില്‍പ്പ് ഇല്ലാതാക്കി. അതില്‍ ഏറ്റവും പുതിയതാണ് 'ഭീകരവാദത്തിന്റെ കേന്ദ്രം' എന്ന് ആരോപിച്ച് ജെസ്യൂട്ട് നടത്തുന്ന ഒരു സര്‍വകലാശാല നിക്കരാഗ്വ സര്‍ക്കാര്‍ കണ്ടുകെട്ടിയത്.

സൊസൈറ്റി ഓഫ് ജീസസ് നടത്തുന്ന സെന്‍ട്രല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം മരവിപ്പിക്കുകയായിരുന്നു.

'മേയര്‍മാര്‍, പ്രോസിക്യൂട്ടര്‍മാര്‍, യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, പോലീസ്, ജയില്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഒര്‍ട്ടേഗ ഭരണകൂടവുമായി ബന്ധമുള്ള 116 വ്യക്തികള്‍ക്ക് ഇതിന് മുന്‍പും വിസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഈ മാസം ആദ്യം പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന ലോക യുവജന ദിനത്തില്‍ പങ്കെടുത്ത രണ്ട് വൈദികരെ രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതില്‍ നിന്ന് ഭരണകൂടം വിലക്കിയിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ രാജ്യത്ത് നിന്ന് ഡസന്‍ കണക്കിന് കന്യാസ്ത്രീകളെ സര്‍ക്കാര്‍ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.