ചന്ദ്രനിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല; പാതി വഴിയിൽ പരാജയപ്പെട്ട ചില ദൗത്യങ്ങൾ ഇതാ

ചന്ദ്രനിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല; പാതി വഴിയിൽ പരാജയപ്പെട്ട ചില ദൗത്യങ്ങൾ ഇതാ

ലോകത്തിന്റെ എല്ലാ കണ്ണുകളും ഇന്ത്യയിലേക്ക്. ചന്ദ്രനിൽ കാലുകുത്തുന്ന നാലാമത്തെ രാജ്യമാകുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്.. ചന്ദ്രനെ എത്തിപ്പിടിക്കാൻ മനുഷ്യന് സാധിക്കില്ല എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്... എന്നാൽ 20-ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യകളുടെ വളർച്ച ചന്ദ്രനെന്ന ഉപഗ്രഹത്തെ പേടകങ്ങൾക്കും ലാൻഡറുകൾക്കും മനുഷ്യ പര്യവേക്ഷകർക്കും പോലും പ്രാപ്യമാക്കി. എന്നിരുന്നാലും ഈ നേട്ടങ്ങൾ ഉണ്ടായിരുന്നിട്ടും ബഹിരാകാശം കഠിനമാണെന്ന് ഓർമിപ്പിക്കുന്നതാണ് റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണ 25 ന്റെ പരാജയം. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രന്റെ ഉപരിതലത്തിലിടിച്ച് തകർന്നുവീഴുകയായിരുന്നു.

47 വർഷത്തിനിടെ റഷ്യ നടത്തിയ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ലൂണ 25ന്റെ വിക്ഷേപണം. ഇന്ത്യയുടെ ചന്ദ്രയാൻ-3 ആണോ അല്ലെങ്കിൽ റഷ്യയുടെ ലൂണ-25 ആണോ ചന്ദ്രനിൽ ആദ്യം ഇറങ്ങുക എന്നത് ലോകം ആകാക്ഷയോടെ ഉറ്റു നോക്കുന്നതിനിടെയാണ് ലൂണ 25 ചന്ദ്രനിൽ തകർന്നു വീണത്. പഴയ സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങൾ മാത്രമാണ് വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങുക എന്നതാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിട്ടത്.

1958 ഓഗസ്റ്റിൽ ആദ്യത്തെ അമേരിക്കൻ ഉപഗ്രഹം വിക്ഷേപിച്ച് ഏകദേശം ആറു മാസത്തിനുശേഷം ചന്ദ്രനിലേക്കുള്ള ദൗത്യത്തിൽ പേടകം വിക്ഷേപിക്കാൻ വ്യോമസേന ശ്രമിച്ചു. ദൗത്യം പരാജയപ്പെട്ടു. സെപ്റ്റംബറിൽ എയർഫോഴ്‌സ് വീണ്ടും ശ്രമം നടത്തി. രണ്ടാമത്തെ ദൗത്യവും പരാജയപ്പെട്ടു. സോവിയറ്റ് യൂണിയനും നിരവധി പരീക്ഷണങ്ങൾ നടത്തി. പരാജയങ്ങളുടെ പ്രവാഹം അവരും അനുഭവിച്ചു. ചന്ദ്രനിലേക്കുള്ള യാത്ര എളുപ്പമായിരിക്കില്ല എന്നതിന്റെ സൂചനയായിരുന്നു ഈ ആദ്യ കാലിടറുന്ന ഘട്ടങ്ങൾ. ചന്ദ്രനിലെത്താനുള്ള ശ്രമങ്ങൾ എല്ലായ്‌പ്പോഴും വിജയിക്കില്ല. അടുത്തിടെ പരാജയപ്പെട്ട ചാന്ദ്ര ദൗത്യങ്ങളിൽ ചിലത് നേക്കാം

ഇന്ത്യയുടെ ചന്ദ്രയാൻ2 (2019)

2019 സെപ്റ്റംബറിൽ ചന്ദ്രനിൽ ചന്ദ്രയാൻ2 വിക്രം ലാൻഡർ ഇറക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. പേടകം ഇറങ്ങുന്നതിനിടയിലാണ് പരാജയം സംഭവിച്ചത്. ഇത് മണിക്കൂറിൽ 110 മൈൽ (180 കിലോമീറ്റർ) വേഗതയിൽ ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കാൻ കാരണമായി. ലാൻഡിംഗ് ദിവസം ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 335 മീറ്റർ (0.335 കിലോമീറ്റർ) അകലെയായിരിക്കുമ്പോൾ വിക്രം ലാൻഡറുമായുള്ള എല്ലാ ബന്ധങ്ങളും ഐഎസ്ആർഒയ്ക്ക് നഷ്ടപ്പെട്ടു.

ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുകയായിരുന്നു ചാന്ദ്ര ദൗത്യത്തിന്റെ ലക്ഷ്യം. വിക്രം ലാൻഡർ ഇടിച്ചിറങ്ങിയതിന്റെ പിന്നിലെ കാരണം അത് നിശ്ചയിച്ച 55 ഡിഗ്രിക്ക് പകരം 410 ഡിഗ്രി ചരിഞ്ഞതാണ്. ലാൻഡർ അതിന്റെ പാതയിൽ നിന്ന് ചരിഞ്ഞപ്പോൾ ശാസ്ത്രജ്ഞർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സോഫ്റ്റ് വെയർ തകർന്നതാണ് ശ്രമം പരാജയപ്പെടാൻ കാരണമെന്ന് ഐഎസ്ആർഒ പിന്നീടറിയിച്ചു.

ചൈനയുടെ ലോങ്ജിയാങ് 1 (2018)

ചന്ദ്രനിലേക്കുള്ള ചൈനയുടെ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ ഭ്രമണ പഥത്തിൽ അൾട്രാ ലോംഗ്-വേവ് ശാസ്ത്ര നിരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ദൗത്യങ്ങളിൽ ലോംഗ്ജിയാങ്-1, ലോംഗ്ജിയാങ്-2 എന്നീ രണ്ട് മൈക്രോസാറ്റലൈറ്റുകൾ 2018 മെയ് മാസത്തിൽ വിക്ഷേപിച്ചു. ലോങ്ജിയാങ്-2 ലക്ഷ്യ സ്ഥാനത്ത് എത്തിയെങ്കിലും ലോങ്ജിയാങ്-1 ന് ഭൗമ ഭ്രമണ പഥം വിടുന്നതിൽ നിന്ന് പ്രശ്‌നങ്ങൾ നേരിട്ടു.

ഇസ്രായേലിന്റെ ബെറെഷീറ്റ് (2019)

2019 ൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമാകാൻ ഇസ്രായേൽ ശ്രമിച്ചു. നിർഭാഗ്യവശാൽ 2019 ഏപ്രിൽ 11 ന് ലാൻഡിംഗ് ശ്രമത്തിനിടെ ബെറെഷീറ്റ് പേടകം തകർന്നതിനാൽ അത് സംഭവിച്ചില്ല. ഇസ്രായേൽ തദ്ദേശീയമായി നിർമിച്ച ബഹിരാകാശ പേടകം ലാൻഡിംഗിന്റെ അവസാന നിമിഷങ്ങളിലാണ് തകർന്നു വീണത്. അന്ന് 500 കിലോമീറ്റർ വേഗത്തിലാണ് പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു...

ഹകുട്ടോ ആർ എം1 ലാൻഡർ (2023)

ചന്ദ്രനിൽ ലാൻഡർ ഇറക്കുന്ന ആദ്യത്തെ വാണിജ്യ സംരംഭമായി ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെയാണ് ടോക്കിയോ ആസ്ഥാനമായുള്ള ഐസ്പേസ് കമ്പനി പരീക്ഷണം നടത്തിയത്. പക്ഷേ അത് അങ്ങനെയായിരുന്നില്ല. ചന്ദ്രനിലേക്കുള്ള നാല് മാസത്തെ യാത്രയ്ക്ക് ശേഷം 2023 ഏപ്രിൽ 25 ന് ഹകുട്ടോ ആർ എം1 ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നുവീണു. എന്താണ് കുഴപ്പം സംഭവിച്ചതെന്ന് മനസിലാക്കാൻ എൻജിനീയർമാർ ഇപ്പോഴും സാധിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.