സൂര്യനെ പഠിക്കാൻ ആദിത്യ എൽ1; വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

സൂര്യനെ പഠിക്കാൻ ആദിത്യ എൽ1; വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

ബംഗളൂരു: ചാന്ദ്ര ദൗത്യത്തിനു പിന്നാലെ സൗരദൗത്യത്തിനും തുടക്കം കുറിക്കാനൊരുങ്ങി ഇന്ത്യ. പ്രഥമ സൗരപഠന ദൗത്യമായ ആദിത്യ എൽ-1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽനിന്ന് രാവിലെ 11.30 നാണ് വിക്ഷേപണം. 15 ലക്ഷം കിലോമീറ്റർ ദൂരത്തേക്കാണ് ആദിത്യ എൽ1 വിക്ഷേപിക്കുന്നത്.

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എൽ വൺ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പിഎസ്എൽവി റോക്കറ്റാണ് പേടകത്തെ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. 378 കോടി രൂപയാണ് ദൗത്യത്തിന് ചെലവ് കണക്കാക്കുന്നത്. കൊറോണൽ താപനം, കൊറോണൽ മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ മനസ്സിലാക്കാൻ ദൗത്യം സഹായിക്കും. സൂര്യന്റെ ബാഹ്യവലയത്തെ കുറിച്ച് പഠിക്കുന്ന വിസിബിൾ ലൈൻ എമിഷൻ കൊറോണോഗ്രാഫ് ആണ് പ്രധാന പേലോഡ്.

സൂര്യനെക്കുറിച്ച് പഠിക്കാനായി നിലവിലുള്ള ദൗത്യം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ്. 2018 ആഗസ്റ്റ് 12 നായിരുന്നു പാർക്കർ സോളാർ പ്രോബിന്റെ വിക്ഷേപണം. സൂര്യന്റെ മധ്യഭാഗത്ത് നിന്ന് 9.86 സോളാർ റേഡിയസിലാണ് പേടകം സ്ഥാനമുറപ്പിക്കുക. 2025 ഓടെ മാത്രമേ പേടകം ലക്ഷ്യ സ്ഥാനത്തേക്ക് എത്തൂ. ഏകദേശം ഏഴ് ലക്ഷം കിലോമീറ്റർ വേഗതയിലാണ് പേടകം സഞ്ചരിക്കുന്നത്.

സൗരദൗത്യത്തിന് ശേഷം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനും ഇന്ത്യ ഒരുങ്ങുന്നുണ്ട്. ഇതിനായി നാലു ബഹിരാകാശ ഗവേഷകരെയും ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കുള്ള പരിശീലനമടക്കം പുരോഗമിക്കുകയാണ്. ഭൂമിയിൽ നിന്ന് 4000 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ഏഴു ദിവസത്തോളം താമസിപ്പിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യംമിടുന്നത്. ആളില്ലാത്ത പേടകത്തെ വെച്ച് പരീക്ഷണം നടത്തിയ ശേഷമായിരിക്കും മനുഷ്യരെ അയക്കുക. ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യമായ മംഗൾയാൻ രണ്ടിനും ഇന്ത്യ തയ്യാറാവുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.