നാടും നഗരവും ഉത്സവതിമിര്‍പ്പില്‍; മലയാളിക്ക് ഇന്ന് തിരുവോണം

നാടും നഗരവും ഉത്സവതിമിര്‍പ്പില്‍; മലയാളിക്ക് ഇന്ന് തിരുവോണം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഇല്ലായ്മകളും പ്രതിസന്ധികളും മറന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണം. വറുതിയുടെ കര്‍ക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണമെത്തുമ്പോള്‍ നാടും നഗരവും ആഘോഷത്തിമിര്‍പ്പിലാണ്.

മലയാളികള്‍ക്ക് കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം. ജാതി മത ഭേദമന്യേ ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാതെ, ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. പൂക്കളവും പുലികളിയും ഓണ സദ്യയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം.

മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ദിവസമാണ് ഓണം എന്നാണ് ഐതീഹ്യം. ഗൃഹാതുര സ്മരണകളിലേക്കും ജനിച്ചു വളര്‍ന്ന സംസ്‌കൃതിയിലേക്കുമുള്ള തിരിച്ചു പോക്കിന്റെ ഉത്സവമാണ് മലയാളിക്കെന്നും ഓണം. പാടത്തും പറമ്പിലും പൂക്കള്‍ തേടി ഓണത്തുമ്പികളെപോലെ പാറിപ്പറക്കുന്ന കുരുന്നുകളും, അടുക്കളച്ചൂടില്‍ സദ്യയൊരുക്കാന്‍ തത്രപ്പെടുന്ന വീട്ടമ്മമാരും,

ഊഞ്ഞാലിലും ഓണക്കളികളിലുമായി ആവേശഭരിതരാകുന്ന കൗമാരക്കാരുമെല്ലാം ഓണത്തിന്റെ ഓര്‍മകളാണ്.
ഓണത്തിന്റെ ആവേശം മനസിലെങ്കിലും അതേ ചാരുതയോടെ ഇന്നും നിലനിര്‍ത്താന്‍ നാം ജാഗരൂകരാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പുത്സവമായ ഓണം കാലക്രമേണ ഐശ്വര്യത്തിന്റെ, പ്രതീക്ഷയുടെ, ഒത്തു ചേരലിന്റെ ഉത്സവമായി പരിണമിക്കുകയായിരുന്നു. തുമ്പയും മുക്കുറ്റിയും തെച്ചിയുമെല്ലാം പതിയെ നമ്മുടെ അയല്‍പക്കങ്ങളില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും നവലോകത്തിന്റെ രീതികള്‍ക്കൊപ്പം ആഘോഷങ്ങള്‍ മാറിയെങ്കിലും പഴമയുടെ നന്മ മാത്രം തെല്ലും ചോരാതെ ഓരോ മലയാളിയിലുമുണ്ട്.

കുടുംബമൊന്നിച്ച് തൂശനിലയിട്ട് വിഭവ സമൃദ്ധമായ സദ്യ കഴിക്കും. പിന്നാലെ കൈകൊട്ടിക്കളിയും ഓണപ്പാട്ടുകളും, ഓണത്തല്ലും, വടംവലിയും, ഉറിയടിയുമെല്ലാം ചേര്‍ന്നുള്ള ഉത്സവാന്തരീക്ഷം ശബ്ദമുഖരിതമാകും. പ്രായഭേദമന്യേ ഏവരുടെയും ആഘോഷമായ ഓണം പുലിക്കളിയും കുമ്മാട്ടിയുമായി പൊലിമയേറ്റും. ഓരോ മലയാളിയും സമഭാവനയോടെ കൂട്ടായ്മയുടെ പര്യായമായി കൊണ്ടാടുന്ന ഓണമെന്ന ഈ മഹാമഹം, ഭൂലോകത്തിന്റെ കൊച്ചു കോണിലുള്ള കേരളത്തിന്റെ സമുദായസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

കലുഷിതമായ ഭൗതിക സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തവണ മലയാളി ഓണം ആഘോഷിക്കുന്നത്. ഉള്ളവന്‍ ഇല്ലാത്തവന് കൊടുത്തും കഷ്ടപ്പെടുന്നവന്റെ ജീവിതത്തെ കഴിയാവുന്ന വിധം സഹായിച്ചും സമൃദ്ധിയുടെ പ്രതാപ ഐശ്വര്യത്തിലേക്ക് നമുക്ക് ഒത്തുചേരാം. മനസില്‍ നന്മ കാത്തു സൂക്ഷിക്കുന്ന എല്ലാ മലയാളികള്‍ക്കും സീ ന്യൂസ് ലൈവിന്റെ ഓണാശംസകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.