നൈജറിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ ഗബോണിലും പട്ടാള അട്ടിമറി; പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതായി പ്രഖ്യാപനം

നൈജറിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ ഗബോണിലും പട്ടാള അട്ടിമറി; പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതായി പ്രഖ്യാപനം

ലിബ്രെവില്ലെ: നൈജറിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ ഗബോണിലും പട്ടാള അട്ടിമറി. രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതായി സൈനിക മേധാവികള്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് അലി ബോംഗോ ഒന്‍ഡിംബ മൂന്നാം തവണയും വിജയിച്ച തിരഞ്ഞെടുപ്പ് ഫലം ശനിയാഴ്ചയാണ് പുറത്തുവന്നത്. ഇതിനു തൊട്ടു പിന്നാലെയാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് പ്രക്രിയ വിശ്വാസയോഗ്യമല്ലെന്നും ഗബോണീസ് ജനതയുടെ ആഗ്രഹമാണ് തങ്ങള്‍ നടപ്പാക്കുന്നതെന്നും സൈന്യം അവകാശപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെ ദേശീയ ടെലിവിഷനിലൂടെയാണ് അധികാരം പിടിച്ചെടുത്തതായി ഗബോണീസ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചത്. തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പട്ടാള അട്ടിമറിയുണ്ടായത്.


ഗബോണ്‍ പ്രസിഡന്റ് അലി ബോംഗോ

തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്നും രാജ്യാതിര്‍ത്തികള്‍ അടച്ചതായും ദേശീയ ടെലിവിഷന്‍ ചാനലായ ഗബോണ്‍ 24ലൂടെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗബോണിലെ എല്ലാ സുരക്ഷാ - പ്രതിരോധ സേനകളും ഒരുമിച്ചാണെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നു. 'ഗബോണീസ് ജനതയുടെ ആഗ്രഹപ്രകാരം, നിലവിലെ ഭരണം അവസാനിപ്പിച്ച് സമാധാനം സംരക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പതിവിലേറെ സമയമെടുത്തായിരുന്നു ഗബോണില്‍ ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. ബോംഗോ ഒന്‍ഡിംബ 64.27 ശതമാനം വോട്ട് നേടി അധികാരം നിലനിര്‍ത്തിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം. പ്രധാന എതിരാളിയായിരുന്ന ആല്‍ബര്‍ട്ട് ഒന്‍ഡോ ഒസ്സ 30.77 ശതമാനം വോട്ടാണ് നേടിയത്. ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ അലി ബോംഗോയും അദ്ദേഹത്തിന്റെ അനുയായികളും ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന് പ്രതിപക്ഷം ശനിയാഴ്ച ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് വസ്തുനിഷ്ഠമല്ലെന്ന് ആരോപിച്ച നിരവധി ഫ്രഞ്ച് മാധ്യമങ്ങളെ നിരോധിക്കുകയും ചെയ്തു.

1967 മുതല്‍ 2009 വരെ ഗബോണ്‍ അടക്കിഭരിച്ചിരുന്ന ഒമര്‍ ബോംഗോയുടെ മകനാണ് ഗബോണീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ അലി ബോംഗോ. പിതാവിന്റെ മരണ ശേഷമാണ് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന അലി ബോംഗോ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അട്ടിമറിക്ക് ശേഷം പ്രസിഡന്റ് എവിടെയെന്നതിനെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അലി ബോംഗോ രണ്ടാം തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട 2016 ലും ഗബോണ്‍ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുകയും പാര്‍ലമെന്റ് മന്ദിരം കത്തിക്കുകയും ചെയ്തിരുന്നു.

2020-ന് ശേഷം മധ്യ- പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നടക്കുന്ന എട്ടാമത്തെ പട്ടാള അട്ടിമറിയാണ് ഗബോണിലേത്. ഇക്കഴിഞ്ഞ ജൂലൈയില്‍ നൈജറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നു. മാലി, ഗിനിയ, ബുര്‍ക്കിന ഫാസോ, ചാഡ്, നൈജര്‍ എന്നിവിടങ്ങളിളും ജനാധിപത്യ സര്‍ക്കാരുകളെ സൈന്യം അട്ടിമറിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.