കൊച്ചി: മക്കളില്‍ നിന്നു മാതാപിതാക്കള്‍ക്കു മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ച് നല്‍കാന്‍ കോടതികള്‍ നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. നിയമത്തില്‍ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരില്‍ മുന്‍കാല പ്രാബല്യത്തോടെ ജീവിതച്ചെലവ് നല്‍കുന്നത് നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മക്കളില്‍ നിന്നും മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മലപ്പുറം കുടുംബക്കോടതി തള്ളിയതിനെതിരെ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട 80 വയസ് കഴിഞ്ഞ പിതാവ് നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് വിലയിരുത്തിയായിരുന്നു കുടുംബക്കോടതി ഹര്‍ജി തള്ളിയത്. ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമുള്ള ജീവനാംശത്തിന്റെ കാര്യം പോലും പറയുന്നില്ല. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമത്തിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലും ജീവനാംശത്തിന്റെ കാര്യത്തില്‍ മുന്‍കാല പ്രാബല്യം പറയുന്നില്ല.
എന്നാല്‍ സമൂഹം പിന്തുടരുന്ന ആചാര രീതികളുടെയും പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമ തത്വങ്ങള്‍ രൂപപ്പെടുന്നതെന്നും ഇവിടെ കക്ഷികള്‍ പിന്തുടരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക ജീവിത ക്രമം പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാവി ജീവിതത്തിനുള്ള ചെലവു ജീവനാംശം ചെയ്യാന്‍ നിയമ പ്രകാരം സാധ്യമാണെങ്കില്‍ മുന്‍കാല ജീവിതത്തിന്റെ ചെലവ് ജീവനാംശം ചെയ്യുന്നതും നിഷേധിക്കാനാവില്ല. തങ്ങളുടെ ആവശ്യങ്ങളെല്ലാം മക്കള്‍ നിറവേറ്റുമെന്ന വിശ്വാസത്തില്‍ ആത്മാഭിമാനമുള്ള മാതാപിതാക്കള്‍ കോടതിയെ സമീപിക്കാന്‍ മടിക്കും. ഇങ്ങനെ മക്കളോടു ക്ഷമയും ആദരവും കാണിച്ചിട്ടുണ്ടെങ്കില്‍ അതു മുതലെടുത്ത് മുന്‍കാല ജീവനാംശം നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.