ടലഹാസി: അമേരിക്കയിലെ ഫ്ലോറിഡയിൽ നിലം തൊട്ട് ഇഡാലിയ ചുഴലിക്കാറ്റ്. മണിക്കൂറിൽ ഏകദേശം 130 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നതെന്ന് യുഎസ് നാഷണൽ ചുഴലിക്കാറ്റ് കേന്ദ്രം (എൻഎച്ച്സി) അറിയിച്ചിരുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട് ഉണ്ട്.
നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണം താറുമാറായി. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മൈൽ ആയി കുറഞ്ഞ ഇഡാലിയ തെക്കൻ ജോർജിയ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. കാറ്റ് വീശിയടിച്ചത് ജനസാന്ദ്രത കുറഞ്ഞ മേഖലകളിലായതിനാൽ വലിയ ആൾനാശം ഉണ്ടായിട്ടില്ല.
വെള്ളപ്പൊക്കത്തിനും നാശ നഷ്ടത്തിനും സാധ്യതയുള്ളതിനാല്‍ ഫ്ലോറിഡ ഭരണകൂടം ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. 30000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് ഫ്ലോറിഡയിൽ വിന്യസിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 28 നാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഇഡാലിയ ശക്തി പ്രാപിച്ച് തുടങ്ങിയത്. ഈ സീസണില്‍ ഫ്‌ളോറിഡയെ ബാധിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റാകും ഇഡാലിയ. കഴിഞ്ഞ സെപ്റ്റംബറില്‍ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച ഇയാന്‍ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് വിതച്ചത്. 150 പേരുടെ മരണത്തിനിടയാക്കിയ കാറ്റഗറി 4 കൊടുങ്കാറ്റായ ഇയാന്‍ ചുഴലിക്കാറ്റിന്റെ കെടുതികള്‍ ഇപ്പോഴും ഫ്‌ളോറിഡയിലെ ജനങ്ങള്‍ മറന്നിട്ടില്ല
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.