കര്‍ഷകര്‍ക്ക് ഇത്തവണ സര്‍ക്കാര്‍ സമ്മാനിച്ചത് വറുതിയുടെ ഓണമാണ്. കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില നല്‍കാന്‍ സര്‍ക്കാരിന് പണമില്ല. സംഭരിച്ച നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞ് കര്‍ഷകരെ അടിമുടി പറ്റിക്കുകയായിരുന്നു. പതിനായിര കണക്കിന് നെല്‍ കര്‍ഷകര്‍ക്കാണ് ഇനിയും നെല്ലു വില കിട്ടാനുള്ളത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തി നെല്ലിന്റെ വില നല്‍കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.
സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ എട്ടുമാസം മുന്‍പ് സംഭരിച്ച നെല്ലിന്റെ വിലക്കായി കര്‍ഷകര്‍ മുട്ടാത്ത വാതിലുകളില്ല. കോണ്‍ഗ്രസിന്റെയും കര്‍ഷക സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് കുറച്ച് തുക വിതരണം ചെയ്തെങ്കിലും കോടി കണക്കിന് രൂപ ഇനിയും കുടിശികയാണ്. കേന്ദ്ര സര്‍ക്കാര്‍ രണ്ടു വര്‍ഷങ്ങളിലായി വര്‍ധിപ്പിച്ച നെല്ലിന്റെ സംഭരണ വില പോലും നല്‍കാതെ ആ തുക വകമാറ്റി ചെലവഴിച്ചു എന്ന് കര്‍ഷകര്‍ ഒന്നടങ്കം വ്യക്തമാക്കുന്നു.
വരുമാനത്തകര്‍ച്ചയും കാലാവസ്ഥ വ്യതിയാനവും വന്യജീവി ശല്യവും സാമ്പത്തിക പ്രതിസന്ധിയും കര്‍ഷകരെ കശക്കിയെറിഞ്ഞപ്പോള്‍ കര്‍ഷകന് ആശ്വാസമാകേണ്ട സര്‍ക്കാര്‍ നടപടികള്‍ കടുപ്പിച്ച് കര്‍ഷകരെ കൂടുതല്‍ പ്രഹരം മേല്‍പ്പിക്കുകയും ചെയ്തു. മാത്രമല്ല, നെല്ലിന് അധിക വിലയോ സംഭരണത്തിന് പ്രത്യേക ഫണ്ടോ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കാത്തത് നെല്‍കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില ഒരു രൂപ കൂട്ടി. പതിവനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിഹിതം കൂട്ടിയില്ല. 28 രൂപ 20 പൈസയാണ് ഒരു കിലോ നെല്ലിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. മില്ലുകാര്‍ക്കുള്ള കൈകാര്യ ചെലവ് കൂടിച്ചേര്‍ത്ത് 28 രൂപ 32 പൈസയാണ് സപ്ലൈക്കോ നല്‍കുന്നത്. എന്നാല്‍ നെല്ലിലെ നനവ്, തൂക്കക്കുറവ് തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തി മില്ലുകാര്‍ പിന്നെയും വിലയും തൂക്കവും കുറക്കുന്നു. വിരിപ്പ് കൃഷിയില്‍ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈക്കോ പൂര്‍ണമായി നല്‍കിയിട്ടില്ല. ബാങ്ക് വായ്പയെടുത്തും സ്വര്‍ണം പണയം വച്ചും കൃഷി ചെയ്ത കര്‍ഷകര്‍ ഇതോടെ വന്‍ കടത്തിലുമായി.
കൂടാതെ രാസവളം, കീടനാശിനി, തൊഴിലാളി കൂലി എന്നിവയില്‍ വന്‍ വര്‍ധനവാണ്. 20 ക്വിന്റലിലേറെ വിളവ് ലഭിച്ചാല്‍ 56000 രൂപ കിട്ടും. 18 ക്വിന്റല്‍ വരെയാണ് പലര്‍ക്കും കിട്ടിയത്. മഴയില്‍ നെല്ല് കുതിര്‍ന്നാല്‍ സ്വകാര്യ മില്ലുകളുടെ മെല്ലെപ്പോക്ക് വഴി സംഭരണം പാളിയാല്‍ എല്ലാം വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്ക് സമ്മാനിക്കുക. 189.37 കോടി രൂപയാണ് നെല്ല് സംഭരിച്ച വകയില്‍ നല്‍കാനുള്ളത്.
കൊള്ളയടിക്കുന്നതാര് ?
കഴിഞ്ഞ കുറച്ചു കാലങ്ങളായി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ തുക സപ്ലൈകോ നല്‍കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഏറ്റെടുത്ത നെല്ലിന്റെ അളവ് രേഖപ്പെടുത്തിയ ഒരു രസീതാണ് കര്‍ഷകര്‍ക്ക് നല്‍കുക. ഈ രസീതുമായി കര്‍ഷകര്‍ ദേശസാത്കൃത ബാങ്കുകളില്‍ ചെല്ലണം. അവിടുന്നാണ് പണം കിട്ടുക.
സപ്ലൈകോയുടെ അനുമതി പത്രവും കൊണ്ട് ബാങ്കില്‍ ചെല്ലുന്ന കര്‍ഷകന് ഈ പണം കിട്ടുന്നതിന് മുന്നേ ബാങ്കില്‍ ചെറിയൊരു ചടങ്ങുണ്ട്. നെല്ലിന്റെ പണം തരുന്നതിനുള്ള നടപടിക്രമം എന്നൊക്കെ പറഞ്ഞു ബാങ്കുകാര്‍ കര്‍ഷകരുടെ കൈയില്‍ നിന്നും കുറച്ചു പേപ്പര്‍ ഒപ്പിട്ടു വാങ്ങും. ആ പേപ്പറില്‍ എഴുതിയിരിക്കുന്നതാണ് ബഹുരസം. നെല്ലിന്റെ വിലയായി കര്‍ഷകര്‍ക്ക് നല്‍കുന്ന തുക സപ്ലൈകോ തന്നില്ലേല്‍ തുക കര്‍ഷകന്റെ പേരില്‍ വായ്പയായി ബാങ്കില്‍ കാണിക്കും എന്നാണ്. അതായത് സ്വന്തം നെല്ലിന്റെ പണം ബാങ്ക് ലോണായി കര്‍ഷകന്‍ വാങ്ങുന്നു. ഈ പണം ബാങ്കിന് സപ്ലൈകോ നല്‍കിയില്ലെങ്കില്‍ പലിശ അടക്കം അത് കര്‍ഷകര്‍ തിരിച്ചടക്കണം. ഇല്ലെങ്കില്‍ ബാങ്കിന്റെ നടപടികള്‍ കര്‍ഷകന്‍ നേരിടേണ്ടി വരും.
രസീതുമായി ചെന്നാലും ഇപ്പോള്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ തുക നല്‍കാറില്ല എന്നതാണ് നിലവിലെ പ്രശ്‌നം. അതിന്റെ കാരണമോ കര്‍ഷകര്‍ക്ക് പണം നല്‍കിയ വകയില്‍ സര്‍ക്കാര്‍ വിവിധ ബാങ്കുകള്‍ക്ക് വരുത്തിയ കുടിശിക 1450 കോടി രൂപയോളമായതാണ്. തുക നല്‍കുന്നത് നിര്‍ത്തി എന്ന് മാത്രമല്ല, ലോണ്‍ വ്യവസ്ഥയില്‍ കഴിഞ്ഞ വര്‍ഷം ലഭ്യമാക്കിയ തുകയും അതിന്റെ പലിശയും തിരിച്ചടക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജപ്തി നോട്ടീസും കര്‍ഷകര്‍ക്ക് ബാങ്കുകള്‍ അയച്ചു.
താങ്കള്‍ എടുത്ത കാര്‍ഷിക വായ്പ തിരിച്ചടക്കേണ്ട സമയം കഴിഞ്ഞുവെന്നും എത്രയും വേഗം വായ്പ തിരിച്ചടക്കണമെന്നും കാണിച്ച് ബാങ്കില്‍ നിന്നും ഒരു മുന്‍ ഡെപ്യൂട്ടി കളക്ടരായിരുന്ന കര്‍ഷകന് കത്ത് വന്ന വിവരം ഈയടുത്ത് വാര്‍ത്തയായിരുന്നു. ഇത്തരം വായ്പ പിഴവുകള്‍ ഉണ്ട് എന്ന വാദം ഉയര്‍ത്തിക്കാട്ടി 'സിബില്‍ സ്‌കോര്‍' തടയുന്നതുമൂലം - വിവാഹം, പഠനം, ചികിത്സ, ഓപ്പറേഷന്‍, അടുത്ത വിളകൃഷി, സ്ഥലം വാങ്ങല്‍, വീടു വയ്ക്കല്‍, ജോലി എന്നിവ മുടങ്ങി ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണവും ഉയരുകയാണ്.
നെല്ലിന്റെ താങ്ങു വില കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് പിറകെ സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുന്ന പതിവ് ഉപേക്ഷിച്ചിരിക്കുകയാണ്. സംഭരണത്തിന് പ്രത്യേക തുകയും ബഡ്ജറ്റില്‍ അനുവദിച്ചിട്ടില്ല. സ്വകാര്യ മില്ലുകള്‍ക്ക് സംഭരണ താത്പര്യം ഇതോടെ കുറയും നെല്ല് പാടത്തു തന്നെ കെട്ടിക്കിടന്ന് മഴ നനഞ്ഞു നശിക്കുകയും ചെയ്യും. ഇതോടെ ഭൂരിപക്ഷം കര്‍ഷകരും നെല്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും.
സപ്ലൈകോ എന്തുകൊണ്ടാണ് ബാങ്കുകള്‍ക്ക് തുക നല്‍കാത്തത്?
ഒരു കിലോ നെല്ല് 28.20 രൂപയ്ക്കാണ് 2022-23 ല്‍ സപ്ലൈകോ കര്‍ഷകരില്‍ നിന്നും സംഭരിച്ചത്. ഇതില്‍ കേന്ദ്ര വിഹിതം എന്നത് 20.40 രൂപയാണ്. ബാക്കിയുള്ള 7.80 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്. അതായത് നെല്ല് സംഭരണത്തിനുള്ള 72 ശതമാനവും നല്‍കുന്നത് കേന്ദ്രമാണ്. ഇക്കഴിഞ്ഞ ജൂണില്‍ സപ്ലൈകോയ്ക്ക് നല്‍കാനുള്ള 220 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. നെല്ല് സംഭരണവുമായി സംസ്ഥാനം സമര്‍പ്പിച്ച രേഖയിലെ പിഴവാണ് ഈ താത്കാലിക മരവിപ്പിന്റെ കാരണം.
ഈ പിഴവ് തിരുത്തി വീണ്ടും രേഖ സമര്‍പ്പിച്ചു എന്നു കണ്ടിരുന്നു. ഓണത്തിന് ശേഷം 220 കോടി രൂപ വായ്പയായി നല്‍കുമെന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സൂചിപ്പിച്ചു എന്ന വാര്‍ത്തകള്‍ ഇതിന് പിറകെയാണ് വന്നത്.
വിഷയത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ കുട്ടനാട് കണ്‍വീനര്‍ ചാക്കപ്പന്‍ ആന്റണി സീന്യൂസിനോട് പ്രതിനിധിയുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
220 കോടിയല്ലാതെ മറ്റെന്തെങ്കിലും വിഹിതം നെല്ല് സംഭരണത്തില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ടോ?
സംസ്ഥാന ഗവണ്‍മെന്റ് പറയുന്നത് അനുസരിച്ചാണെങ്കില്‍ കേന്ദ്ര വിഹിതം ഇതുവരെ ലഭിച്ചിട്ടില്ല. ഏപ്രിലിന് മുമ്പ് കൊയ്ത്ത് കഴിഞ്ഞ് പിആര്‍എസ് (സപ്ലൈക്കോ വഴി സംഭരിക്കുന്ന നെല്ലിന്റെ വില കാലതാമസം കൂടാതെ കര്‍ഷകന് ലഭ്യമാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി) കൊടുത്ത ചില കര്‍ഷകര്‍ക്ക് കിട്ടിയിട്ടുണ്ടാവും. താന്‍ ഏപ്രിലില്‍ 16 ന് കൊയ്തു 23 ന് സ്ലിപ് കിട്ടി. മെയ് ആദ്യം സ്ലിപ്പുമായി ബാങ്കില്‍ ചെന്നപ്പോള്‍ അവര്‍ സ്വീകരിച്ചില്ല. കാരണം അവര്‍ക്ക് അക്കാര്യത്തില്‍ വ്യക്തത വന്നിരുന്നില്ല. മെയ് പകുതിക്ക് ശേഷം സമര്‍പ്പിച്ചു. ഇപ്പോള്‍ നാല് മാസമായി ഇതുവരെ തനിക്ക് ലഭിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ ഏഴ് രൂപ 92 പൈസ മാത്രമാണെന്ന് അദ്ദേഹം പറയുന്നു. ബാക്കി 28 രൂപ 20 പൈസയുടെ ബാലന്‍സ് കേന്ദ്ര ഗവണ്‍മെന്റ് തരേണ്ടതാണെന്ന് സംസ്ഥാന ഗവണ്‍മെന്റ് പറയുന്നു. അത് ഇതേവരെ ലഭിച്ചിട്ടില്ല. ഇപ്പോഴും പെന്റിങാണ്. അതായത് നെല്ലിന്റെ വിലയുടെ 28 ശതമാനം വരുന്ന സംസ്ഥാന വിഹിതം മാത്രമെ കിട്ടിയിട്ടുള്ളു. ബാക്കി തുക കിട്ടാനുണ്ട്. ഇതാണ് വസ്തുത.
എഴുപത് ശതമാനം വിഹിതം നല്‍കുന്ന കേന്ദ്രം നല്‍കാനുള്ളത് 220 കോടിയാണേല്‍ കര്‍ഷകര്‍ക്ക് നല്‍കിയ വകയില്‍ കഴിഞ്ഞ വര്‍ഷത്തെയടക്കം ബാങ്കുകള്‍ക്ക് നല്‍കാനുള്ള ആയിരത്തി അഞ്ഞൂറ് കോടിക്കടുത്തു കടം സപ്ലൈകോക്ക് എങ്ങനെയുണ്ടായി?
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പണം വകമാറ്റി ചിലവഴിച്ചു എന്നത് വ്യക്തമാണ്. അത് കേന്ദ്ര ഗവണ്‍മെന്റ് വിഹിതമാണോ അതോ മില്ലുകള്‍ക്ക് കൊടുക്കുന്ന വിഹിതമാണോ എന്ന് വ്യക്തമല്ല. പക്ഷെ തിരിമറി നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. മറ്റൊരു കാര്യം ഉള്ളത് കര്‍ഷകര്‍ക്ക് നെല്ലിന്റെ വില കൊടുക്കണമെന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി വിചാരിച്ചാല്‍ ഒരു മണിക്കുറിനകം അത് സാധിക്കും. കാരണം കേരള ബാങ്കില്‍ ഏകദേശം 31,000 കോടി രൂപ അവരുടെ ഡിപ്പോസിറ്റ് കിടപ്പുണ്ട്. സര്‍ക്കാര്‍ ജാമ്യം നിന്നാല്‍ തീര്‍ച്ചയായും കേരള ബാങ്ക് വായ്പ കൊടുക്കും. കാരണം അത് സംസ്ഥാന ഗവണ്‍മെന്റിന്റെ ബാങ്കാണ്. അപ്പോള്‍ മുഖ്യമന്ത്രി ഒരു മന്ത്രസഭാ യോഗത്തില്‍ തീരുമാനം എടുത്ത് കഴിഞ്ഞാല്‍ ഈ പത്തോ ഇരുന്നോറോ കോടി രൂപ കൊടുക്കാന്‍ ഒരു പ്രയാസവും ഉണ്ടാവില്ല.
ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഉള്ളത് ഗവണ്‍മെന്റിന് ഇച്ഛാശക്തി ഇല്ല എന്നതാണ്. കൃഷിക്കാരെ അവഗണിക്കുന്നു എന്നുമാത്രമെ നമ്മുക്ക് മനസിലാക്കാന്‍ സാധിക്കും. കാരണം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഇത്സവ ബത്ത, ബോണസ്, ശബളം എന്നിവയ്ക്ക് കടം എടുക്കുന്നതിന് സര്‍ക്കാരിന് ബുദ്ധിമുട്ടില്ല. അപ്പോള്‍ കര്‍ഷകന്‍ ഉത്പാദിപ്പിച്ച നെല്ല്, അരിയാക്കി മാറ്റി ഉപഭോക്താക്കള്‍ക്ക് കൊടുത്തുകഴിഞ്ഞു. അതിന്റെ വിലയാണ് കര്‍ഷകന്‍ ചോദിക്കുന്നത്. അല്ലാതെ സര്‍ക്കാരിന്റെ ഔദാര്യമല്ല. ആ വില ഇപ്പോള്‍ തരുന്നതാകട്ടെ ബാങ്ക് വായ്പ ആയിട്ടാണ്. നിശ്ചിത കാലയളവിനുള്ളില്‍ സര്‍ക്കാര്‍ കൊടുത്തില്ലെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആ കര്‍ഷകനാണ്. അത് അവരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ആ പണം കര്‍ഷകന്‍ കൊടക്കാതിരുന്നാല്‍ നാളെ അവന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും വിവാഹത്തേയുമൊക്കെ ബാധിക്കും.
നെല്‍കര്‍ഷകരുടെ പൊതുവായ പ്രശ്നം എന്താണ്?
നെല്ല് സംഭരണം തന്നെയാണ് പ്രധാന പ്രശ്നം. എല്ലാ വര്‍ഷവും ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷമാണ് ഇത്രയും താമസം നേരിട്ടത്. മറ്റൊന്ന് കൃഷിയുടെ സബ്സിഡി അതായത് സമുദ്രനിരപ്പില്‍ നിന്നും താഴെ കൃഷി ചെയ്യുന്ന പ്രദേശം ആയതുകൊണ്ട് ഗവണ്‍മെന്റ് പമ്പിങിന്റെ ഇലക്ട്രിസിറ്റി സബ്‌സിഡി നല്‍കും. അതും കുടിശികയാണ്. പാടങ്ങളില്‍ മടവീഴ്ച ഉണ്ടായ സമയത്ത് മട കുത്തുന്നതിന് ആവശ്യമായ സഹായം നല്‍കുമെന്ന് പറഞ്ഞിരുന്നു. അത് പൂര്‍ണമായി പാലിച്ചിട്ടില്ല. കൊയ്ത്ത് കഴിഞ്ഞ് നെല്ല് വള്ളത്തില്‍ കയറ്റി റോഡില്‍ എത്തിച്ച ശേഷം വീണ്ടും ലോറിയില്‍ കയറ്റുന്നതിന് ഒരു കിന്റലിന് 12 രൂപയാണ് സര്‍ക്കാര്‍ തരുന്നത്. അതിന്റെ ശരിയ്ക്കുള്ള ചിലവ് 218 രൂപയാണ്.
ഈ തുക ആനുകാലികമായിട്ട് വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതുപോലെ സബ്സിഡികള്‍, ബോണസ്, ഇന്‍സറ്റീവ് ഇതൊന്നും തന്നെ കര്‍ഷകന് കിട്ടാറില്ല. അതെല്ലാം തന്നെ പുനരാരംഭിക്കണം. മാത്രമല്ല ഇന്‍ഷുറന്‍സിന്റെ രീതി ഇപ്പോള്‍ കണക്കാക്കുന്നത് ഒരു പഞ്ചായത്ത് അടിസ്ഥാനത്തില്‍ കണക്കാക്കുന്നത് കൊണ്ട് നമ്മുടെ പാടം മടവീണുപോകുകയോ മറ്റോ ചെയ്താലും അതിന് പ്രത്യേകിച്ച് ആനുകൂല്യങ്ങള്‍ ഒന്നും കിട്ടില്ല. ഈ രീതിയ്ക്ക് പകരം ഓരോ പാടം കണക്കാക്കി ഇന്‍ഷുറന്‍സ് ചെയ്താല്‍ കര്‍ഷകന് അതിന്റെ പ്രയോജനം കിട്ടും.
നെല്ല് സംഭരണത്തിന്റെ തുക എല്ലാ കര്‍ഷകര്‍ക്കും കിട്ടിയോ?
നെല്ല് സംഭരണത്തിന്റെ തുക എല്ലാ കര്‍ഷകര്‍ക്കും കിട്ടിയിട്ടില്ല. സംസ്ഥാന വവിഹിതം മാത്രമെ കിട്ടിയിട്ടുള്ളു. കേന്ദ്ര വിഹിതം കിട്ടിയിട്ടില്ല. ഒരു കിലോ നെല്ലിന് 28 രൂപ 20 പൈസ ഉണ്ട്. അതില്‍ ഏഴ് രൂപ 92 പൈസയാണ് ലോഡിങ് ചാര്‍ജ് ഉള്‍പ്പെടെ ലഭിച്ചിരിക്കുന്നത്. ബാക്കി ഉടനെ കിട്ടുമെന്ന് പറയുന്നുണ്ട്. പക്ഷെ അതില്‍ പൂര്‍ണമായും വ്യക്തതയില്ല.
കര്‍ഷകന്‍ ആര്‍ക്കാണ് നെല്ല് കൊടുക്കുന്നത്, അതിന് പണം നല്‍കുന്നത് ആരാണ്?
കര്‍ഷകര്‍ നെല്ല് കൊടുക്കുന്നത് സിവില്‍ സപ്ലൈസിനാണ്. മില്ലുകാരും സിവില്‍ സപ്ലൈസും തമ്മിലുള്ള ധാരണ അനുസരിച്ചാണ് അങ്ങനെ ചെയ്യുന്നത്. കര്‍ഷകര്‍ക്ക് പണം നല്‍കേണ്ടത് സിവില്‍ സപ്ലൈസാണ്. അതായത് സര്‍ക്കാര്‍. നെല്ല് പ്രൊസസ് ചെയ്ത് ഒരു കിലോ നെല്ല് കൊടുക്കുമ്പോള്‍ .640 കിലോ അരിയാണ് തിരിച്ച് മില്ലുകാര് തരേണ്ടത്. മില്ലുകാര് നേരിട്ട് വന്ന് നെല്ല് സംഭരിക്കും. എന്നാല്‍ അതിനായി കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സിവില്‍ സപ്ലൈസിലാണ്. കര്‍ഷകര്‍ക്ക് പാഡി രസീത് നല്‍കുന്നത് സിവില്‍ സപ്ലൈസാണ്. അതായത് കര്‍ഷകര്‍ ബന്ധപ്പെട്ടിരിക്കുന്നത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനുമായിട്ടാണ്.
നെല്ലിന്റെ തുക കിട്ടാന്‍ താമസിച്ചാല്‍ കര്‍ഷകര്‍ക്ക് അടുത്ത കൃഷി ഇറക്കാന്‍ പലിശ രഹിത വായ്പ കിട്ടുമോ?
രണ്ട് രീതിയില്‍ കാര്‍ഷിക വായ്പയ്ക്ക് പലിശ ഇളവ് കിട്ടുന്നുണ്ട്. ഒന്ന് സ്വര്‍ണ പണയം. നിലത്തിന്റെ അടിസ്ഥാനത്തിലാണ് ആ വായ്പ തരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തുക അടച്ചിട്ടില്ലെങ്കില്‍ വായ്പ എടുത്ത കര്‍ഷകന്‍ മുഴുവന്‍ പലിശയും കൊടുക്കേണ്ടി വരും. അല്ലെങ്കില്‍ നാല് ശതമാനം പലിശ കൊടുത്താല്‍ മതി. അതുപോലെ തന്നെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്നൊരു സംവിധാനം ഉണ്ട്. അത് ഏക്കറിന്റെ അടിസ്ഥാനത്തിലാണ് വായ്പ. അതും സമയത്ത് കൊടുത്തില്ലെങ്കില്‍ യാതൊരു ആനുകൂല്യവും കിട്ടില്ല. അപ്പോള്‍ നെല്ലിന്റെ പണം ലഭിക്കാന്‍ താമസിച്ച് കഴിഞ്ഞാല്‍ ഇതെല്ലാം കര്‍ഷകന് ബാധ്യതയാണ്.
സ്വര്‍ണ വായ്പ കൊണ്ടോ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകൊണ്ടോ കിട്ടുന്ന തുക കൊണ്ട് കൃഷിയ്ക്ക് ആവശ്യമായ തുക ലഭിക്കുകയില്ല. കര്‍ഷകര്‍ കൂടുതലും മറ്റ് മാര്‍ഗങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രധാനമായും കൃഷിയില്‍ ചെറിയൊരു ലാഭം മാത്രമെ കിട്ടുകയുള്ളു എന്നതാണ്. അതുകൊണ്ടൊന്നും ഇന്നൊരു കുടുംബത്തിന് ജീവിക്കാന്‍ സാധിക്കുമോ എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രശ്നം. മൂന്ന് ഏക്കര്‍ കൃഷി ചെയ്താല്‍ ഏക്കറിന് ഇരുപതിനായിരം രൂപ വച്ച് അറുപതിനായിരം രൂപയോ ചിലപ്പോള്‍ എഴുപതിനായിരം രൂപയോ ആയിരിക്കും ലാഭം കിട്ടുക.
ഏകദേശം നാല്‍പത് വര്‍ഷത്തോളമായി കര്‍ഷകര്‍ തങ്ങളുടെ മക്കളെ ഈ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്. സമീപ ഭാവിയില്‍ ഈ മേഖല പൂര്‍ണമായിട്ടും അരങ്ങൊഴിയുന്ന അവസ്ഥയാണ്. കാരണം ഒരു ക്ലാസ് ഫോര്‍ ജീവനക്കാരന്റെ ഒന്നര മാസത്തെ ശമ്പളമെ കിട്ടുകയുള്ളു ഇത് മൂന്ന് ഏക്കര്‍ കൃഷി ചെയ്താല്‍. അതുകൊണ്ട് ഇതൊരു ഉപതൊഴിലായിട്ട് മാത്രം കണ്ടുകൊണ്ടാണ് പലരും ഇറങ്ങുന്നത്. അല്ലെങ്കില്‍ ജീവക്കാന്‍ ബുദ്ധിമുട്ടാകും.
കാര്‍ഷിക മേഖലയിലേയ്ക്ക് പുതിയ തലമുറ കടന്നുവരുന്നില്ല. കാരണം നമ്മള്‍ കര്‍ഷകരെ അവതരിപ്പിക്കുന്നത് തന്നെ ഒരു തോര്‍ത്തുമുണ്ടുടുത്ത് തൊപ്പിപ്പാളവച്ച് എഴുന്നേല്‍ക്കാന്‍ ആവാതില്ലാത്ത ഒരു മനുഷ്യനെയാണ്. അതുകണ്ട് ഒരു കൃഷിക്കാരന്റെ ഭാവി ഇങ്ങനെയാണെന്ന് മനസിലാക്കുന്ന യുവതലമുറ ഈ രംഗത്തേയ്ക്ക് വരുമോ എന്നും അദ്ദേഹം ചോദിക്കുന്നു. അതുകൊണ്ട് വരുമാനം കണക്കാക്കി മാത്രമെ ഈ രംഗത്തേയ്ക്ക് ആളുകള്‍ കടന്നു വരികയുള്ളു. അക്കാര്യം മനസിലാക്കി സര്‍ക്കാര്‍ ഈ രംഗത്ത് ശക്തമായ പിന്തുണ നല്‍കി പ്രോത്സാഹിപ്പിക്കുന്ന തരത്തിലേയ്ക്ക് എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ സമീപ ഭാവിയില്‍ കുട്ടനാട് നെല്‍കൃഷിയില്‍ നിന്നും കളമൊഴിയുന്ന അവസ്ഥയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ആത്മാഭിമാനമുള്ളവരാണ് നെല്‍ കര്‍ഷകര്‍. നഷ്ടമാണെന്നറിഞ്ഞിട്ടും വീണ്ടും കൃഷിയിറക്കുന്നത് ആ അഭിമാന ബോധമുള്ളതുകൊണ്ടാണെന്ന് പറഞ്ഞ കര്‍ഷകന്റെ നാടാണ് കേരളം. വാര്‍ധക്യത്തിന്റെ ജരാനരകള്‍ ബാധിച്ചവരെങ്കിലും കര്‍ഷകരുടെ വാക്കുകള്‍ക്ക് ഇപ്പോഴും അരിവാളിന്റെ മൂര്‍ച്ചയാണ്. കണ്ണെത്താ ദൂരത്തോളം പച്ചവിരിച്ച് കിടക്കുന്ന പാടങ്ങളുടെ ഗ്രാമീണ ഭംഗിക്കപ്പുറം അതിന്റെ പിന്നിലെ കര്‍ഷകന്റെ കണ്ണുനീര് ആരെങ്കിലും കണ്ടിട്ടുണ്ടോ? ആ അധ്വാനവും കണ്ണുനീരും തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ഈ മേഖലയെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ കേരളത്തിന്റെ നെല്ലറകള്‍ ചരിത്രത്താളുകളില്‍ മാത്രമായി ഒതുങ്ങാന്‍ അധികകാലമൊന്നും വേണ്ടിവരില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.