മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് നാല് മാസം; എങ്ങുമെത്താതെ സമാധാന ശ്രമം

മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് നാല് മാസം; എങ്ങുമെത്താതെ സമാധാന ശ്രമം

ഇംഫാൽ: മണിപ്പൂരിൽ കലാപം ആരംഭിച്ചിട്ട് നാല് മാസം. മെയ് മൂന്നിന് ആരംഭിച്ച കലാപം ഇപ്പോഴും തുടരുകയാണ്. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിൽ അഞ്ച് ദിവസമായി തുടരുന്ന വെടിവെപ്പിൽ ഒരാൾക്ക് കൂടി പരിക്കേറ്റു. ഇതോടെ അഞ്ച് ദിവസത്തിനിടെ 20 പേർക്കാണ് ഇവിടെ പരിക്കേറ്റത്.

അതിനിടെ, ഇംഫാലിലെ ന്യൂ ലാംബുലേനിലെ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. നേരത്തേ അറിയിക്കാതെ നിർബന്ധിച്ച് കുടിയൊഴിപ്പിച്ചു എന്നാണ് താമസക്കാരുടെ പരാതി. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയതും. മെയ്തെയ് പ്രതിനിധി സംഘടനയായ മെയ്തെയ് ഫാംബെയ് ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.കേന്ദ്ര സർക്കാരിനും കുക്കികൾക്കും എതിരെയാണ് പ്രതിഷേധം. 'കറുത്ത സെപ്തംബർ' ആചരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വീടുകൾക്ക് മുന്നിൽ കറുത്ത കൊടി കെട്ടാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഈ മാസം 21 വരെയാണ് പ്രതിഷേധം.

മണിപ്പൂരിലെ സംഘർഷം ശമനമില്ലാതെ നീളുന്നതിന് കാരണം കേന്ദ്രസർക്കാരാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംഘർഷം ഇല്ലാതാക്കാൻ കേന്ദ്രമോ സംസ്ഥാനമോ ഒന്നും ചെയ്യുന്നില്ലെന്നും അവർ ആരോപിക്കുന്നു. കലാപവുമായി ബന്ധപ്പെട്ട 27 കേസുകൾ കഴിഞ്ഞ ദിവസം സിബിഐ ഏറ്റെടുത്തിരുന്നു. ഇവയിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവയാണ് മറ്റുകേസുകൾ

എയർ ഡ്രോപ്പിങ് ഉൾപ്പെടെയുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കണം. പൗരന്മാരുടെ ജീവൻ സംരക്ഷിക്കണം. അവശ്യസാധനങ്ങൾ എത്തിക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരുന്നു.

സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ബിരേൻസിംഗിന്റെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കി. കലാപം ആരംഭിച്ച ശേഷം ആഗസ്റ്റ് 29 നാണ് സംസ്ഥാനത്ത് ആദ്യമായി ഏകദിന നിയമസഭാ സമ്മേളനം സംഘടിപ്പിച്ചത്. ബിരേൻ സിംഗിന്റെ രാജി ആവശ്യം ഉൾപ്പെടെ പ്രതിപക്ഷം ഉയർത്തിയതോടെ സഭ ബഹളത്തിൽ മുങ്ങുകയും പിരിയുകയുമായിരുന്നു.

ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളായ മണിപ്പൂരിൽ ഏറ്റവുമധികം അക്രമണങ്ങൾ നേരിട്ടതും ക്രിസ്ത്യാനികളാണ്. മണിപ്പൂർ വംശീയ കലാപത്തിൽ തകർക്കപ്പെട്ടത് 121 ക്രിസ്ത്യൻ പള്ളികളെന്ന് റിപ്പോർട്ട്. കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച ചുരാചന്ദ്പൂർ ജില്ലയിലെ ക്രിസ്ത്യൻ ഗുഡ് വിൽ ചർച്ചാണ് തകർക്കപ്പെട്ട പള്ളികളുടെ പട്ടിക പുറത്തുവിട്ടത്. തീവെക്കുകയോ തകർക്കപ്പെടുകയോ ചെയ്ത പള്ളികളുടെ പട്ടികയാണിത്.

മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ചിന് കീഴിൽ 39 പള്ളികളാണ് തകർക്കപ്പെട്ടതെന്ന് ക്രിസ്ത്യൻ ഗുഡ് വിൽ ചർച്ചിൻറെ റിപ്പോർട്ടിൽ പറയുന്നു. ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷൻറെയും മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ച് സിനഡിൻറെയും 14 വീതം പള്ളികൾ തകർത്തു. തുയ്തഫായി പ്രെസ്‌ബിറ്റേറിയൻ ചർച്ച് മണിപ്പൂർ സിനഡിന് കീഴിലെ 13 പള്ളികൾ മേയ് നാലിന് തകർത്തു. അതേദിവസം തന്നെ ഇവാഞ്ചലിക്കൽ ഫ്രീ ചർച്ച് ഓഫ് ഇന്ത്യയ്ക്ക് കീഴിലെ ഒമ്പത് പള്ളികളും തകർത്തു. ഇൻഡിപെൻഡന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ എട്ട് പള്ളികൾ കത്തിച്ചു.

ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ചിൻറെ അഞ്ച് ആരാധനാലയങ്ങൾ മേയ് മൂന്നിനും അഞ്ചിനും ഇടയിൽ പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിച്ചു. കാത്തലിക് ചർച്ച്, മണിപ്പൂർ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, ഇവാഞ്ചലിക്കൽ ഓർഗനൈസേഷൻ ചർച്ച് എന്നിവയുടെ മൂന്ന് വീതവും ഈസ്റ്റേൺ മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ച്, ഇവാഞ്ചലിക്കൽ അസംബ്ലി ചർച്ച് എന്നിവയുടെ രണ്ട് വീതവും പള്ളികൾ തകർത്തു. ന്യൂ ടെസ്‌റ്റമെന്റ് ബാപ്റ്റിസ്റ്റ് ചർച്ചസ് അസോസിയേഷൻറെയും അസംബ്ലി ഓഫ് ഗോഡ് ചർച്ചിൻറെയും ഓരോ പള്ളികളും തകർത്തെന്നും റിപ്പോർട്ടിൽ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.