ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം മറ്റൊരു സ്ഥലത്ത് നടത്താനാണ് ഭീകരര്‍ പദ്ധതിയിട്ടതെന്നും കാറില്‍ കൊണ്ടുപോകവെ ബോംബ് പൊട്ടിത്തെറിച്ചെന്നും എന്‍ഐഎ സ്ഥിരീകരിച്ചു. പൊട്ടിത്തെറിച്ചത് വാഹനത്തില്‍ ഘടിപ്പിച്ച ഐഇഡി എന്നും എന്‍ഐഎ വ്യക്തമാക്കി.
പൊട്ടിത്തെറിച്ച കാറില്‍ ഉണ്ടായിരുന്ന ഡോ. ഉമര്‍ നബി രാജ്യത്ത് ജെയ്‌ഷെ സ്ലീപ്പര്‍ സെല്ലുകളുണ്ടാക്കാന്‍ ചുമതലപ്പെട്ടവരില്‍ പ്രധാനി ആയിരുന്നു എന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. ഇത്തരത്തില്‍ ഒരു ശൃംഖല ഉണ്ടാക്കുന്നതിന് വേണ്ടി ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ കൃത്യമായ ആസൂത്രണത്തോടെ ഇടപെടല്‍ നടത്തിയിരുന്നതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സ്ലീപ്പര്‍ സെല്ലുകള്‍ കണ്ടെത്താനുള്ള ഊര്‍ജിത അന്വേഷണത്തിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍.
ചെങ്കോട്ട സ്‌ഫോടനത്തിലെ ചാവേര്‍ ഉമര്‍ മുഹമ്മദിന്റെ കൂട്ടാളി കശ്മീര്‍ സമ്പൂര സ്വദേശി അമീര്‍ റാഷിദ് അലിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റാഷിദ് അലി, സ്‌ഫോടനം നടത്താന്‍ ഉമറുമായി ഗൂഢാലോചന നടത്തുകയും ഇതിനായി ഡല്‍ഹിയിലെത്തി കാര്‍ വാങ്ങി സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തതായും എന്‍ഐഎ അറിയിച്ചു.
ഉമറിന് വീട് വാടകയ്ക്ക് നല്‍കിയ ആളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹരിയാണയില്‍നിന്ന് മറ്റു രണ്ട് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. അതേസമയം തീവ്രവാദികളുമായി ബന്ധമുണ്ടെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരായ മുഹമ്മദ്, റഹാന്‍, മസ്താഖിം, വളം വ്യാപാരി ദിനേശ് സിഗ്ല എന്നിവരെ വിട്ടയച്ചു.
സ്‌ഫോടക വസ്തു ഉണ്ടാക്കുന്നതിനായി വലിയ അളവില്‍ ഉമര്‍ എന്‍പികെ വളം വാങ്ങിയിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി ചാവേറാകാന്‍ തയ്യാറായവരെ ഉമര്‍ അന്വേഷിച്ചു വരുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയായ ജാസിര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചാവേറാകാന്‍ ഉമര്‍ നിര്‍ബന്ധിച്ചെന്ന് ഇയാളും മൊഴി നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.