ഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യാപകമായ ഇടിമിന്നലില്‍ മരിച്ചവരുടെ എണ്ണം 12 ആയി. പരുക്കേറ്റ പതിനാലു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു മണിക്കൂറിനിടെ 61,000 ഇടിമിന്നലുകളാണ് സംസ്ഥാനത്തുണ്ടായത്. എന്നാല്‍ മണ്‍സൂണ്‍ സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴാണ് അസാധാരണവും തീവ്രവുമായ ഇത്തരം ഇടിമിന്നലുകള്‍ ഉണ്ടാകാറുള്ളതെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.
ഇടിമിന്നലിനെ ഒഡീഷ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മരിച്ചവരില്‍ നാല് പേര്‍ ഖുര്‍ദ ജില്ലയില്‍ നിന്നുള്ളവരും രണ്ടു പേര്‍ ബലംഗീറില്‍ നിന്നുള്ളവരുമാണ്. അംഗുല്‍, ബൗധ് ഡെങ്കനാല്‍, ഗജപതി, ജഗത്സിങ്പൂര്‍, പുരി എന്നിവിടങ്ങളിലും ഓരോ മരണം ഉണ്ടായി.
ഗജപതി, കാണ്ഡമാല്‍ ജില്ലകളില്‍ ഇടിമിന്നലേറ്റ് എട്ടു കന്നുകാലികളും ചത്തതായി പ്രത്യേക ദുരിതാശ്വാസ കമ്മിഷന്‍ (എസ്ആര്‍സി) അധ്യക്ഷന്‍ സത്യബ്രത സാഹു അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും അധ്യക്ഷന്‍ പറഞ്ഞു.
ഈ മാസം ഏഴു വരെ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാറിയേക്കാമെന്നും ഇത് ഒഡീഷയില്‍ വ്യാപകമായ മഴയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ആഴ്ചയില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും കനത്ത മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് ഏഴു വരെ മിക്ക ജില്ലകളിലും നല്‍കിയിട്ടുണ്ടെന്നും ഐഎംഡി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.