റഷ്യക്കെതിരേ ഇനി പുതിയ നീക്കമോ?; ഉക്രെയ്ന്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി സെലന്‍സ്‌കി

റഷ്യക്കെതിരേ ഇനി പുതിയ നീക്കമോ?; ഉക്രെയ്ന്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി സെലന്‍സ്‌കി

ഒലക്സി റസ്നികോവ്

കീവ്: ഒന്നര വര്‍ഷത്തിലേറെയായി റഷ്യയുമായി യുദ്ധം തുടരുന്നതിനിടെ ആദ്യമായി ഉക്രെയ്ന്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. യുദ്ധത്തില്‍ പുതിയ നീക്കങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെലന്‍സ്‌കിയുടെ നടപടി.

'ഇക്കാര്യം പാര്‍ലമെന്റില്‍ ആവശ്യപ്പെടും, 550 ദിവസമായി ഒലക്‌സി റസ്‌നികോവ് യുദ്ധമുഖത്തുണ്ട്. അദ്ദേഹത്തെ മാറ്റി റസ്റ്റം ഉമെറോവ് പുതിയ പ്രതിരോധ മന്ത്രിയാകും. പ്രതിരോധ മന്ത്രാലയത്തിന് പുതിയ മാറ്റം അനിവാര്യമാണെന്ന് വിശ്വസിക്കുന്നു. സൈന്യത്തിലും സമൂഹത്തിലും പുതിയ ആശയവിനിമയം ആവശ്യമാണ്' - സെലന്‍സ്‌കി പറഞ്ഞു. ഉമറോവിനെ പ്രതിരോധ മന്ത്രിയാക്കുന്നതിന് പാര്‍ലമെന്റ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സെലന്‍സ്‌കി പറഞ്ഞു. 2022 ഫെബ്രുവരി 24ന് റഷ്യ അധിനിവേശം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ഒലക്സി റസ്നികോവ്.

നിലവിലെ പ്രതിരോധ മന്ത്രിയായ ഒലക്‌സി റസ്‌നികോവിനു പകരം ഈ ആഴ്ച തന്നെ ക്രീമിയന്‍ പ്രതിനിധിയായ റസ്റ്റം ഉമെറോവ് അധികാരമേറ്റെടുക്കും. 41കാരനായ ഉമെറോവ് ഉക്രെയ്ന്‍ നയതന്ത്ര വിഭാഗത്തിന്റെ ഭാഗമായിരുന്നു.

മിലിട്ടറി ജാക്കറ്റുകളുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി വിവാദത്തിനു പുറകേയാണ് റസ്‌നികോവിനെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്നു നീക്കം ചെയ്യുന്നത്. സാധാരണ വിലയേക്കാള്‍ മൂന്നിരട്ടി തുക നല്‍കിയാണ് ജാക്കറ്റുകള്‍ വാങ്ങിയതെന്നും മഞ്ഞുകാല ജാക്കറ്റുകള്‍ക്ക് പകരം വേനല്‍ക്കാല ജാക്കറ്റുകളാണ് പ്രതിരോധ മന്ത്രാലയം വാങ്ങിയതെന്നും ഉക്രെയ്‌നിലെ മാധ്യമങ്ങള്‍ ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോപണങ്ങളെ റസ്‌നികോവ് തള്ളിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.