യുഎസ് പ്രഥമ വനിതയ്ക്ക് കോവിഡ്; സ്ഥിരീകരിച്ചത് ജോ ബൈഡന്‍ ജി20 ക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ

യുഎസ് പ്രഥമ വനിതയ്ക്ക് കോവിഡ്; സ്ഥിരീകരിച്ചത് ജോ ബൈഡന്‍ ജി20 ക്കായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ജി20 ഉച്ചകോടിക്കായി പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കാനാനിരിക്കെയാണ് പരിശോധനയില്‍ ഗില്‍ ബൈഡന്‍ കോവിഡ് പോസിറ്റീവ് ആയത്. പ്രസിഡന്റിന്റെ വരവില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്‍ ബൈഡന്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. പിന്നാലെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ജോ ബൈഡനും പരിശോധന നടത്തി. പക്ഷെ ഫലം നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ലക്ഷണങ്ങള്‍ നിരീക്ഷിച്ച ശേഷം ബൈഡനെ ഈ ആഴ്ച വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. നേരിയ രോഗ ലക്ഷണമുള്ള ജില്‍ ബൈഡന്‍ നീരിക്ഷണത്തില്‍ തുടരുകയാണ്.

ബൈഡന്റെ വിദേശ സന്ദര്‍ശന പദ്ധതികളില്‍ എന്തെങ്കിലും മാറ്റം വരാന്‍ സാദ്ധ്യതയുണ്ടോയെന്ന് വൈറ്റ് ഹൗസ് നിലവില്‍ പ്രതികരിച്ചിട്ടില്ല. ഒന്‍പതിനും പത്തിനുമാണ് പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ഡല്‍ഹി ആതിഥ്യമരുളുന്നത്. ഉച്ചകോടിക്കായി വ്യാഴാഴ്ച ബൈഡന്‍ ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു നേരത്തെയുള്ള പദ്ധതി.

ജി20 ഉച്ചകോടിക്ക് മുന്നോടിയായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ബൈഡന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്മോള്‍ മോഡുലാര്‍ ന്യൂക്ലിയാര്‍ റിയാക്ടറുകളെ സംബന്ധിച്ച ആണവ ഉടമ്പടി, ജെറ്റ് എഞ്ചിനുകളുടെ പ്രതിരോധ കരാറിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം, ഡ്രോണ്‍ ഇടപാട് എന്നിവയെക്കുറിച്ചായിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുക. കൂടാതെ അമേരിക്കയില്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ പാഠ്യപദ്ധതികള്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്‍ ഇളവുകള്‍ തുടങ്ങിയ വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും.

72കാരിയായ ജില്‍ ബൈഡന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയില്‍ ജോ ബൈഡനും കോവിഡ് പോസിറ്റീവായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.