വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ച സംഭവത്തില്‍ വന്‍ വിവാദം. ഇത് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് ന്യൂസിലന്‍ഡ് ഹെല്‍ത്ത് ആന്‍ഡ് ഡിസെബിലിറ്റി കമ്മീഷണര്‍ മൊറാഗ് മക്ഡൊവല്‍ ചൂണ്ടിക്കാട്ടി.
സിസേറിയന്‍ കഴിഞ്ഞ് 18 മാസത്തോളം വിട്ടുമാറാത്ത വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ ഡിന്നര്‍ പ്ലേറ്റിന്റെ വലുപ്പമുള്ള ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. 2020ല്‍ ഓക്‌ലന്‍ഡ് സിറ്റി ഹോസ്പിറ്റലിലിലാണ് ഡോക്ടര്‍മാരുടെ ഗുരുതരമായ അനാസ്ഥ വെളിവാകുന്ന സംഭവമുണ്ടായത്. വിഷയത്തില്‍ ആരോഗ്യ അതോറിറ്റി നടത്തിയ അന്വേഷത്തില്‍ രോഗികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായും ആശുപത്രി ജീവനക്കാര്‍ കുറ്റക്കാരാണെന്നും കഴിഞ്ഞ ദിവസം കണ്ടെത്തി.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളില്‍ മറന്നു വച്ച ശസ്ത്രക്രിയാ ഉപകരണം
പ്രസവ ശേഷമാണ് 20 വയസുള്ള യുവതിയുടെ ശരീരത്തിനുള്ളില്‍ 'അലക്സിസ് റിട്രാക്ടര്‍' എന്ന ശസ്ത്രക്രിയാ ഉപകരണം മറന്നു വച്ചത്. തുടര്‍ന്ന് യുവതിക്ക് വിട്ടുമാറാത്ത വയറുവേദന അനുഭവപ്പെട്ടു. ഏകദേശം ഒരു ഡിന്നര്‍ പ്ലേറ്റിന്റെ വലിപ്പമുള്ള ഉപകരണം എക്‌സ്-റേയില്‍ കണ്ടെത്താനായിരുന്നില്ല. വേദന കൂടിയതോടെ ഓക്ക്ലന്‍ഡ് സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ വരെ യുവതിയെ പ്രവേശിപ്പിച്ചിരുന്നു.
വയറിന്റെ സിടി സ്‌കാന്‍ എടുത്തപ്പോഴാണ് ഉപകരണം കുടുങ്ങിയത് കണ്ടെത്തിയത്. 18 മാസങ്ങള്‍ക്ക് ശേഷം 2021-ല്‍ ഇത് സ്ത്രീയുടെ അടിവയറ്റില്‍ നിന്ന് നീക്കം ചെയ്തു. ഓപ്പറേഷന്റെ സമയത്ത്, ഒരു സര്‍ജന്‍, ഒരു സീനിയര്‍ രജിസ്ട്രാര്‍, ഒരു ഇന്‍സ്ട്രമെന്റ് നഴ്സ്, മൂന്ന് സര്‍ക്കുലേറ്റിംഗ് നഴ്സുമാര്‍, രണ്ട് അനസ്തെറ്റിസ്റ്റുകള്‍, രണ്ട് അനസ്തെറ്റിക് ടെക്നീഷ്യന്‍മാര്‍, ഒരു തിയേറ്റര്‍ മിഡ്വൈഫ് എന്നിവരെല്ലാം തിയേറ്ററിലുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.