ക്വാണ്ടസിന്റെ ആദ്യ വനിത സിഇഒയായി വനേസ ഹഡ്സണ്‍ ചുമതലയേല്‍ക്കും
കാന്‍ബറ: റദ്ദാക്കിയ വിമാന സര്‍വിസുകളുടെ ടിക്കറ്റ് വില്‍പന നടത്തിയെന്ന ആരോപണം നേരിടുന്ന ഓസ്‌ട്രേലിയന്‍ എയര്‍ലൈനായ ക്വാണ്ടസിന്റെ ചീഫ് എക്‌സിക്യൂട്ടിവ് അലന്‍ ജോയ്‌സ് രാജി പ്രഖ്യാപിച്ചു. ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അലിന്‍ ജോയ്‌സിന്റെ കാലാവധി തീരാന്‍ രണ്ടുമാസം ബാക്കിനില്‍ക്കേയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പുതിയ മാനേജിങ് ഡയറക്ടറും ഗ്രൂപ് ചീഫ് എക്‌സിക്യൂട്ടിവുമായി വനേസ ഹഡ്‌സന്‍ ബുധനാഴ്ച ചുമതലയേല്‍ക്കുമെന്ന് കമ്പനി അറിയിച്ചു. ഒരു നൂറ്റാണ്ട് പഴക്കമുള്ള എയര്‍ലൈനിനെ നയിക്കുന്ന ആദ്യ വനിത സിഇഒയായി വനേസ ഹഡ്സണ്‍ മാറും.
സര്‍വീസുകള്‍ വൈകല്‍, ഉയര്‍ന്ന നിരക്ക് തുടങ്ങിയവയുടെ പേരില്‍ ഓസ്‌ട്രേലിയന്‍ സെനറ്റര്‍മാര്‍ കഴിഞ്ഞയാഴ്ച അലന്‍ ജോയ്‌സിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിഷനും പ്രഖ്യാപിച്ചിരുന്നു.
റദ്ദാക്കിയ 8000ത്തോളം വിമാനങ്ങളുടെ ടിക്കറ്റുകള്‍ അതിനു ശേഷവും വില്‍പനക്ക് വെച്ചതായാണ് കമ്പനി നേരിടുന്ന പ്രധാന ആരോപണം. ഇത്തരം ടിക്കറ്റുകള്‍ പിന്‍വലിക്കാനും സര്‍വീസുകള്‍ റദ്ദാക്കിയ വിവരം ടിക്കറ്റെടുത്തവരെ യഥാസമയം അറിയിക്കാനും കമ്പനി കാലതാമസം വരുത്തിയെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇതുകാരണം, ബദല്‍ മാര്‍ഗം കണ്ടെത്തുന്നതിന് യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടു. മാത്രമല്ല, അവസാന നിമിഷം മറ്റൊരു വിമാനത്തിന് ടിക്കറ്റെടുക്കാന്‍ മിക്കവര്‍ക്കും അമിതമായി തുക നല്‍കേണ്ടിയുംവന്നു.
പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിന്റെ മകന് പ്രീമിയം എയര്‍പോര്‍ട്ട് ലോഞ്ച് അംഗത്വം നല്‍കിയതും ഖത്തര്‍ എയര്‍വേയ്സ് ഓസ്ട്രേലിയയിലേക്ക് അധിക വിമാന സര്‍വീസുകള്‍ അനുവദിക്കുന്നതിനെ എതിര്‍ത്തതും ഉള്‍പ്പെടെ ക്വാണ്ടാസ് സമീപകാലത്ത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.