അമേരിക്കന്‍ നാവിക സേനയെ നേരിടാന്‍ ഉത്തര കൊറിയയുടെ 'ഹീറോ കിം കുന്‍ ഓക്ക്'; പുതിയ ആണവ അന്തര്‍വാഹിനി നീറ്റിലിറക്കി

അമേരിക്കന്‍ നാവിക സേനയെ നേരിടാന്‍ ഉത്തര കൊറിയയുടെ 'ഹീറോ കിം കുന്‍ ഓക്ക്'; പുതിയ ആണവ അന്തര്‍വാഹിനി നീറ്റിലിറക്കി

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി പുതിയ ആണവ അന്തര്‍വാഹിനി നീറ്റിലിറക്കി ഉത്തര കൊറിയ. 'ഹീറോ കിം കുന്‍ ഓക്ക്' എന്നാണ് അന്തര്‍വാഹിനിയുടെ പേര്. അമേരിക്കയെയും ഏഷ്യന്‍ സഖ്യകക്ഷികളെയും നേരിടാന്‍ ഒരു ആണവ സായുധ നാവികസേനയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം അന്തര്‍വാഹിനി വികസിപ്പിച്ചതെന്ന് സര്‍ക്കാര്‍ മാധ്യമമായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.

പുതിയ അന്തര്‍വാഹിനി ഡമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ(ഡിപിആര്‍കെ)യുടെ നാവിക സേനയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കുമെന്ന് ചടങ്ങില്‍ പങ്കെടുക്കവെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു.

അമേരിക്കയുടെ വികസിത നാവിക സംവിധാനത്തെ പ്രതിരോധിക്കാന്‍ രാജ്യം ആണവ ആക്രമണ അന്തര്‍വാഹിനി സ്വന്തമാക്കിയതില്‍ കിം ജോങ് ഉന്‍ സംതൃപ്തി പ്രകടിപ്പിച്ചതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്ന് നടത്തിയ സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് പുതിയ നീക്കം. 1950-ല്‍ കൊറിയന്‍ യുദ്ധസമയത്ത് യുഎസ്എസ് ബാള്‍ട്ടിമോര്‍ മുക്കിയ ഓപ്പറേഷന് നേതൃത്വം നല്‍കിയ ഉത്തരകൊറിയന്‍ നാവികസേനാ തലവനായ ഹീറോ കിം കുന്‍ ഓക്കിന്റെ പേരാണ് അന്തര്‍വാഹിനിക്ക് നല്‍കിയിരിക്കുന്നത്.

വെള്ളത്തിനടിയില്‍ നിന്ന് തന്ത്രപരമായ ആണവായുധങ്ങള്‍ വിക്ഷേപിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഹീറോ കിം കുന്‍ ഓക്ക് അന്തര്‍ വാഹിനിയെന്ന് ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. എന്നാല്‍ എത്ര മിസൈലുകള്‍ വഹിക്കാനും വിക്ഷേപിക്കാനും അന്തര്‍വാഹിനിക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടില്ല.

രാജ്യം ആണവോര്‍ജ്ജമുള്ള അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ആണവായുധങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ നിലവിലുള്ള അന്തര്‍വാഹിനികളും ഉപരിതല കപ്പലുകളും പുനര്‍നിര്‍മിക്കുമെന്നും കിം പറഞ്ഞു. ആണവശേഷിയുള്ള സൈന്യത്തെ കെട്ടിപ്പടുക്കുന്നത് അടിയന്തര ദൗത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാവികസേനയുടെ ആണവായുധവല്‍ക്കരണവുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും കിം ഊന്നിപ്പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.