ആറ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം; മൊറോക്കോയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരണ സംഖ്യ 800 കടന്നു

ആറ് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം; മൊറോക്കോയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരണ സംഖ്യ 800 കടന്നു

റാബത്ത്: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 820 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ 672 പേര്‍ക്ക് പരുക്കേറ്റതായാണ് ഏറ്റവും പുതിയ വിവരം. വെള്ളിയാഴ്ച രാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആറ് പതിറ്റാണ്ടിനിടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

പരുക്കേറ്റവരില്‍ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഭൂകമ്പത്തില്‍ 820 പേരെങ്കിലും മരിച്ചതായി മൊറോക്കോ ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. 18.5 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. രാത്രി 11:11 നുണ്ടായ ഭൂകമ്പം 20 സെക്കന്‍ഡ് നീണ്ടുനിന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രതയെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രാകാരം റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.

മറക്കാഷ് നഗരത്തിലാണ് ഭൂകമ്പം ഏറ്റവുമധികം നാശം വിതച്ചത്. മറക്കാഷില്‍ യുനെയ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പ്രാചീന നഗരത്തിലെ ചില കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കേ ആഫ്രിക്കയില്‍ ഭൂകമ്പങ്ങള്‍ താരതമ്യേന അപൂര്‍വമാണെങ്കിലും 1960 ല്‍ അഗാദിറിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്. അന്ന് ആയിരക്കണക്കിന് ആളുകള്‍ മരണപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.