സോളാർ പീഡന കേസ്; പരാതിക്കാരിയുടെ കത്തിൽ കെബി ​ഗണേഷ് കുമാർ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തു: സി.ബി.ഐ

സോളാർ പീഡന കേസ്; പരാതിക്കാരിയുടെ കത്തിൽ കെബി ​ഗണേഷ് കുമാർ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തു: സി.ബി.ഐ

തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിൽ ഗൂഢാലോചനയെന്ന് സിബിഐയുടെ കണ്ടെത്തൽ. കെ.ബി.ഗണേഷ് കുമാർ, ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ വിവാദ ദല്ലാളും ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാനുള്ള ഗൂഡാലോചനയിൽ പങ്കാളിയായെന്ന് സി.ബി.ഐ.

പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ ആദ്യം എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലായിരുന്നെന്നും പിന്നീട് എഴുതി ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കിയത് വിവാദ ദല്ലാളെന്ന മൊഴിയാണ് സിബിഐ ശേഖരിച്ചിരിക്കുന്നത്.

പരാതിക്കാരിയുടെ ഡ്രൈവറാണ് ഇത് സംബന്ധിച്ച് മൊഴിനൽകിയത്. കേസിലെ പ്രധാനസാക്ഷിയും സമാനമൊഴി നൽകിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽ കിടക്കുമ്പോൾ ആദ്യമെഴുതിയ കത്തിന് പുറമെ രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതി ചേർത്ത് പലപ്പോഴായി എഴുതിയ നാല് കത്തുകളും സിബിഐ തെളിവായി കണ്ടെത്തിയിരുന്നു.

പരാതിക്കാരി മറ്റൊരു കേസിൽ ജയിലിൽ കഴിയവെ ആദ്യമെഴുതിയ കത്ത് ഗണേഷ് കുമാർ സഹായിയെ ഉപയോഗിച്ച് കൈക്കലാക്കുകയായിരുന്നെന്ന് മനോജ് കുമാർ മൊഴി നൽകിയിട്ടുണ്ട്. പിന്നീട് വിവാദ ദല്ലാളിന് രണ്ട് കത്തുകൾ കൈമാറിയതായും മനോജ് മൊഴി നൽകിയിട്ടുണ്ട്. പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാൻ സഹായിച്ചതും പരാതിക്കാരിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിച്ചതും വിവാദ ദല്ലാളാണെന്നാണ് മൊഴികളിലുള്ളത്.

പീഡിപ്പിച്ചുവെന്ന് സാക്ഷിപറയണമെന്ന് പരാതിക്കാരി പിസി ജോർജിനോട് പറഞ്ഞുവെന്ന വിവരവും റിപ്പോർട്ടിലുണ്ട്. എന്നാൽ പീഡിപ്പിച്ചത് കണ്ടില്ലെന്ന മൊഴിയാണ് പിസി ജോർജ് സിബിഐക്ക് നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.