കൊളംബോ: ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടമായ ഇന്ത്യ-പാക് മല്‍സരം മഴ മൂലം തത്കാലികമായി ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 24.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വില്ലനായി മഴയെത്തിയത്.
മഴ മാറിയെങ്കിലും ഔട്ട് ഫീല്‍ഡ് നനഞ്ഞതിനാല്‍ കളി തുടരാനാവുമെന്ന കാര്യം സംശയമാണ്. വൈകി മല്‍സരം തുടരാനായാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കും. അതേ സമയം, ഇന്നു മല്‍സരം പൂര്‍ത്തിയാക്കാനാവാതെ വന്നാല്‍ റിസര്‍വ് ദിനമായ നാളെ കളി തുടരും.
ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് ഗ്രൂപ്പ് പോരാട്ടവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ മല്‍സരത്തിനു റിസര്‍വ് ദിനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചത്. ഈ നടപടി വിവാദത്തിലായിരുന്നു.
പാകിസ്ഥാനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ തിളങ്ങാതെ പോയ ഓപ്പണര്‍മാര്‍ ആക്രമണ ബാറ്റിംഗിലേക്കു തിരിഞ്ഞതോടെ ഇന്ത്യയുടെ റണ്‍നിരക്ക് ഉയര്‍ന്നു. ഓപ്പണര്‍മാര്‍ വെറും 16.4 ഓവറില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഷദാബ് ഖാനെ തുടര്‍ച്ചയായ ബൗണ്ടറികള്‍ക്കു ശിക്ഷിച്ച രോഹിത് ശര്‍മയെ മികച്ചൊരു ക്യാച്ചിലൂടെ ഫഹീം അഷ്‌റഫ് പുറത്താക്കുമ്പോള്‍ 49 പന്തില്‍ നിന്ന് 56 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. നാലു സിക്‌സുകളും ആറു ഫോറുകളും രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സിനു ചാരുതയേകി.
രണ്ട് ഓവറിന്റെ വ്യാത്യാസത്തില്‍ വളരെ മനോഹരമായി കളിച്ചു വന്ന ഗില്ലിനെ സ്‌ളോബോളില്‍ കുടുക്കി ഷഹീന്‍ അഫ്രീദി രണ്ടാം പ്രഹരവും ഏല്‍പ്പിച്ചു. അഫ്രീദിയെ ആറു തവണ ബൗണ്ടറി കടത്തിയ ഗില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റര്‍ കൂടിയായി. 10 ബൗണ്ടറിയടക്കം 52 പന്തില്‍ 58 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.