യുഎസ് ചരിത്രത്തിലെ കറുത്തയേട്; വേള്‍ഡ് ട്രെയിഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 22 വയസ്

യുഎസ് ചരിത്രത്തിലെ കറുത്തയേട്; വേള്‍ഡ് ട്രെയിഡ് സെന്റര്‍ ആക്രമണത്തിന് ഇന്ന് 22 വയസ്

മേരിക്കയില്‍ 2001 സെപ്റ്റംബര്‍ പതിനൊന്നും സാധാരണ ദിനം പോലെയാണ് ആരംഭിച്ചത്. എന്നാല്‍ പെട്ടെന്നാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത പടര്‍ന്നത്. അമേരിക്കയുടെ അഭിമാനമായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന ലോക വ്യാപാര സമുച്ചയം അക്രമിക്കപ്പെട്ടിരുന്നു. ലോകത്തെയാകെ ഞെട്ടിച്ച ആക്രമണം 22 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഞെട്ടയോടെയല്ലാതെ ഓര്‍ത്തെടുക്കാന്‍ കഴിയില്ല.

അമേരിക്കന്‍ സമ്പന്നതയുടെ മകുടോദാഹരണമായി തലയുയര്‍ത്തി നിന്ന ലോക വ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും ഉയരംകൂടിയ രണ്ട് ടവറുകള്‍ ഭീകരര്‍ വിമാനങ്ങള്‍ ഇടിച്ചുകയറ്റി തരിപ്പണമാക്കിയപ്പോള്‍ ലോകം വിറങ്ങലിച്ചു നിന്നു. ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധം സൂക്ഷ്മതയോടെ നടപ്പിലാക്കിയ ഈ ഭീകരാക്രമണത്തിന്റെ വ്യാപ്തി അത്രയേറെ ഭീകരമായിരുന്നു.
2001 സെപ്റ്റംബര്‍ 11 ന് ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ഖ്വയിദയിലെ 19 അംഗങ്ങള്‍ ചേര്‍ന്ന് നാല് അമേരിക്കന്‍ യാത്രാ വിമാനങ്ങള്‍ റാഞ്ചി. ഇതില്‍ രണ്ടെണ്ണം ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയഭാഗത്തുള്ള മാന്‍ഹട്ടനിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചു കയറ്റി. ഒന്ന് വിര്‍ജീനിയയിലെ പെന്റഗണ്‍ ആസ്ഥാനത്തെ ലക്ഷ്യമിട്ടുമെത്തി. വൈറ്റ്ഹൗസ് ലക്ഷ്യമാക്കി പറന്ന നാലാമത്തെ വിമാനം യാത്രക്കാരുടെ ശക്തമായ ചെറുത്ത് നില്‍പിനെ തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ സോമര്‍സെറ്റ് കൗണ്ടിക്ക് സമീപം തകര്‍ന്നു വീണു.

110 നിലകളുള്ള ഇരട്ട സമുച്ചയങ്ങള്‍ക്ക് പുറമെ, ലോക വ്യാപാര കേന്ദ്രത്തിലെ അഞ്ച് കെട്ടിടങ്ങള്‍ക്ക് കൂടി അക്രമത്തില്‍ കേടുപാടുകള്‍ പറ്റി. ഇതുകൂടാതെ, മാന്‍ഹട്ടന്‍ ദ്വീപിലെ ഇരുപത്തഞ്ചോളം കെട്ടിടങ്ങള്‍ക്കും നാല് ഭൂഗര്‍ഭ സ്റ്റേഷനുകള്‍ക്കും കനത്ത നാശനഷ്ടമാണുണ്ടായത്. പ്രദേശത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ അപ്പാടെ തകര്‍ന്നു. പെന്റഗണ്‍ ആസ്ഥാന മന്ദിരത്തിനും കേടുപാടുകളുണ്ടായി.

ഭീകരാക്രമണം ഉണ്ടാക്കിയ നാശ നഷ്ടക്കണക്കുകള്‍ ഇന്നും അവ്യക്തമാണ്. ആകെ 2985 പേര്‍ മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭ്യമാകുന്ന വിവരം. വിമാന യാത്രക്കാര്‍-265, ലോക വ്യാപാര കേന്ദ്രത്തിലെ-2595 പേര്‍ (ഇതില്‍ 343 പേര്‍ അഗ്നിശമന സേനാംഗങ്ങളാണ്), പെന്റഗണില്‍ 125 പേര്‍ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പുതിയൊരു രാഷ്ട്രീയ സാഹചര്യത്തിനും അന്ന് വഴിയൊരുക്കി. 9/11 ആക്രമണത്തിന് പിന്നാലെയാണ് അഫ്ഗാനിലെ ഭീകരവാദ വിരുദ്ധ പോരാട്ടത്തിന് അമേരിക്ക ആരംഭം കുറിച്ചത്. ഒസാമ ബിന്‍ ലാദന്റെ മരണം വരെ ആ പോരാട്ടം തുടരുകയും ചെയ്തു.

ഒടുവില്‍ ഇരുപത് വര്‍ഷത്തോളം നീണ്ട സൈനിക പോരാട്ടങ്ങള്‍ക്ക് അവസാനം യുഎസ് സൈന്യം അഫ്ഗാനില്‍ നിന്ന് 2021 ല്‍ പൂര്‍ണമായും പിന്മാറി. എങ്കിലും അമേരിക്കയുടെ ചരിത്രത്തില്‍ ഒരു കറുത്ത അധ്യായം പോലെ ഈ ആക്രമണത്തിന്റെ ഓര്‍മ്മകള്‍ ഇന്നും അവശേഷിക്കുന്നു. യുദ്ധ തന്ത്രങ്ങളേക്കാള്‍ സൂക്ഷ്മതയോടെ മെനഞ്ഞ ഈ ഭീകരാക്രമണത്തിന് ലോക ചരിത്രത്തില്‍ സമാനതകളില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.