സോളാറില്‍ ഏറ്റുമുട്ടല്‍: ഉമ്മന്‍ ചാണ്ടിയെ ക്രൂശിച്ചവര്‍ ഇപ്പോള്‍ കൈകഴുകുന്നുവെന്ന് വി.ഡി സതീശന്‍; ദല്ലാളിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞയാളാണ് താനെന്ന് പിണറായി

സോളാറില്‍ ഏറ്റുമുട്ടല്‍: ഉമ്മന്‍ ചാണ്ടിയെ ക്രൂശിച്ചവര്‍ ഇപ്പോള്‍ കൈകഴുകുന്നുവെന്ന് വി.ഡി സതീശന്‍; ദല്ലാളിനോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞയാളാണ് താനെന്ന് പിണറായി

തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ട് നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്തു. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. രണ്ട് മണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷത്തു നിന്ന് ഓരോ പാര്‍ട്ടിയുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംസാരിച്ചു.

ഉമ്മന്‍ ചാണ്ടിയെ ക്രൂശിച്ചവര്‍ ഇപ്പോള്‍ അദേഹം നീതിമാനെന്ന് പറഞ്ഞ് കൈകഴുകുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. വിഷയം വഴിതിരിച്ചു വിടാനാണ് ഇപ്പോള്‍ ഭരണപക്ഷം ശ്രമിക്കുന്നത്. പരാതിക്കാരി പറഞ്ഞിട്ടാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പരാതിക്കാരി എഴുതിയ കത്ത് 21 പേജുള്ളത് എന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഇത് 19 പേജ് ആയി മാറി. ചാനലിന് 25 പേജുള്ള കത്താണ് കൊടുത്തത്. പരാതിക്കാരി പറഞ്ഞത് 30 പേജുള്ള കത്ത് എന്നാണ്. അവസാനം കോടതിയില്‍ കൊടുത്തത് നാല് പേജുള്ള കത്ത് മാത്രമാണ്.

വ്യാജ നിര്‍മ്മിതിയാണ് കത്ത്. പണം വാങ്ങിച്ച് രാഷ്ട്രീയ എതിരാളികളെക്കുറിച്ച് കത്തെഴുതിക്കൊടുക്കുകയാണ് ഓരോ ദിവസവും. ആരാണ് ദല്ലാള്‍ നന്ദകുമാര്‍ വഴി ഇങ്ങനെ ഒരു കത്ത് സംഘടിപ്പിക്കാന്‍ പണം കൊടുത്തുവിട്ടത്? അത് ഭരണപക്ഷമാണെന്നും സതീശന്‍ ആരോപിച്ചു.

'രാഷ്ട്രീയ എതിരാളികളെ ജനങ്ങളുടെ മുമ്പില്‍ അപമാനിക്കാന്‍ വേണ്ടി പണം കൊടുത്ത് പരാതിക്കാരുടെ കൈയില്‍ നിന്നും വ്യാജ നിര്‍മ്മിതിയായി കത്ത് വാങ്ങിച്ച് അഞ്ചു വര്‍ഷം മുഴുവന്‍ അന്വേഷണം നടത്തി ഒരു തെളിവും കിട്ടാതെ തിരഞ്ഞെടുപ്പിന് മുമ്പ് സിബിഐയ്ക്ക് വിട്ടു. മല്ലേലില്‍ ശ്രീധരന്‍ നായര്‍ അടക്കമുള്ളവര്‍ പരാതി കൊടുത്തത് സോളാര്‍ തട്ടിപ്പ് നടന്നു എന്നായിരുന്നു. ഈ പരാതിയുടെ പേരില്‍ 33 കേസുകളെടുത്തു. പരാതിക്കാരിയെ ശിക്ഷിക്കുകയgം ചെയ്തിട്ടുണ്ട്' - പ്രതിപക്ഷ നേതാവ് പറഞ്ഞു.

'യേശുവിനെ ക്രൂശിക്കണം എന്ന് ബഹളം വെച്ച ജനക്കൂട്ടത്തോട് ബറാബാസിനെ വിട്ടുതരാം എന്ന് ന്യായാധിപന്‍ പറഞ്ഞു. ജനക്കൂട്ടം ചെവിക്കൊണ്ടില്ല. യേശുവിനെ ക്രൂശിക്കണം എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതേപോലെ നിങ്ങള്‍ പറഞ്ഞു പരാതിക്കാരിയെ ഞങ്ങള്‍ക്ക് വേണം, ഉമ്മന്‍ ചാണ്ടിയെ ക്രൂശിക്കണം എന്ന്.

ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞങ്ങള്‍ സെക്രട്ടേറിയറ്റിലേക്ക് പോയി എന്നാണ് കെ.വി സുമേഷ് പറഞ്ഞത്. ഈ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി 100 ദിവസം ജയിലിലായിരുന്നു. ഞങ്ങള്‍ സെക്രട്ടേറിയറ്റ് വൃത്തികേടാക്കാന്‍ വന്നോ.

കാലം കണക്കു ചോദിക്കും എന്ന് ഞങ്ങള്‍ പണ്ടേ പറഞ്ഞതാണ്. അവതാരങ്ങളെ എല്ലാം അകറ്റി നിര്‍ത്തുമെന്ന് പറഞ്ഞിരുന്നവരല്ലേ നിങ്ങള്‍. എന്നിട്ട് വേറൊരു അവതാരം വന്നു. നിങ്ങളുടെ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം ദിവസം വന്ന ദല്ലാള്‍ നന്ദകുമാര്‍ എന്ത് അവതാരമാണ്. വന്ന രണ്ടാമത്തെ അവതാരം പല നേതാക്കളെക്കുറിച്ച് പലതും പറഞ്ഞു. ഞങ്ങള്‍ അത് നിയമസഭയില്‍ പറഞ്ഞോ.

എസ്.എന്‍.സി ലാവ്ലിന്‍ ആരോപണം ഉന്നയിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. അതിനുള്ള ഫയല്‍ വൈദ്യുതി ബോര്‍ഡില്‍ നിന്ന് നല്‍കിയത് ആരാണ്. നിങ്ങളുടെ കൂട്ടത്തില്‍ ഇരുന്നവരല്ലേ. ദല്ലാള്‍ നന്ദകുമാറിന്റെ അന്നത്തെ അസൈന്റ്മെന്റ് ഇന്ന് മുഖ്യമന്ത്രിയായിരിക്കുന്ന അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായ നിങ്ങളായിരുന്നുവെന്ന് മുഖ്യമന്ത്രിയെ ചൂണ്ടി വി.ഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ അധികാരമേറ്റ മൂന്നാം നാള്‍ അയാളുമായി കൂട്ടായി. ഇ.പി ജയരാജന്‍ 10 കോടി നല്‍കാമെന്ന് പറഞ്ഞതായി പരാതിക്കാരി പറഞ്ഞിട്ട് നിങ്ങള്‍ കേസെടുത്തോ. ഗോവിന്ദന്‍ മാഷിന്റെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍ എങ്ങോട്ടാണ് പോയത്. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലേക്ക്. അവര്‍ തമ്മിലുള്ള ബന്ധമെന്താണെന്നും സതീശന്‍ ചോദിച്ചു

സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ട്: മറുപടിയുമായി മുഖ്യമന്ത്രി

 സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായി ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈവശം ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ട് കണാതെ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇതുസംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവേ വ്യക്തമാക്കി.

'വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം അവതരിപ്പിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാം ദിവസം ഏതോ ദല്ലാളിനെ വിളിച്ചുവരുത്തി പരാതി സ്വീകരിച്ചു എന്നാണ് അവര്‍ പറയുന്നത്. ദല്ലാളിനെ അവിടെ ഇരിക്കുന്നവര്‍ക്ക് നന്നായി അറിയാം. സതീശനും വിജയനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. അത് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പേയുണ്ട്.

ഈ ദല്ലാള്‍ എന്ന് പറയുന്നയാള്‍ എന്റെയടുത്ത് വന്നപ്പോള്‍ നിങ്ങള്‍ ഇറങ്ങിപ്പോകണം എന്നു പറഞ്ഞയാളാണ് ഞാന്‍. കേരള ഹൗസില്‍ ഇരുന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴാണ് അയാള്‍ എന്റെയടുത്ത് വന്നത്. അപ്പോഴാണ് ഞാന്‍ ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. അത് സതീശന്‍ പറയുമോ എന്നറിയില്ല. അത് പറയാന്‍ വിജയന് മടിയില്ല.

അതിനുശേഷം എത്രയോ വര്‍ഷമായി. ആ ദല്ലാള്‍ ഞാന്‍ ഈ സ്ഥാനത്ത് എത്തിയപ്പോള്‍ എന്റടുത്ത് വന്നു എന്നു പറയുന്നത് നിങ്ങളുടെ ആവശ്യത്തിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കഥയാണ്. എന്റടുത്ത് വരാനുള്ള മാനസികാവസ്ഥ അയാള്‍ക്കുണ്ടാവില്ല.'- മുഖ്യമന്ത്രി പറഞ്ഞു.

2016 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം 2021 ജനുവരി 12 നാണ് പരാതി എന്റടുത്ത് വരുന്നത്. 15 ന് നിയമോപദേശം തേടി. അതുമായി ബന്ധപ്പെട്ട് താനെന്തോ പ്രത്യേക താല്‍പര്യത്തോടെ പരാതി എഴുതിവാങ്ങാന്‍ ശ്രമിച്ചു എന്നാണ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. അതല്ല എന്നാണ് ഇതോടെ വ്യക്തമായത്. സര്‍ക്കാര്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. വന്ന പരാതിയിന്‍മേല്‍ നിയമനടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് പിണറായി പറഞ്ഞു.

2018 ഒക്ടോബര്‍ ഒന്നിനാണ് പരാതിക്കാരി പീഡനം ആരോപിച്ച് സൗത്ത് സോണ്‍ എഡിജിപിക്ക് പരാതി നല്‍കിയത്. ഈ പരാതിയിന്‍മേല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടന്നുവരുന്ന ഘട്ടത്തിലാണ് കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

തിരുവനന്തപുരം സിബിഐ സ്പെഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം ആരംഭിച്ചത്. പ്രസ്തുത കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാണ് മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. സിബിഐ പറയുന്നതായി മാധ്യമങ്ങള്‍ പറയുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭ്യമായിട്ടില്ല.

അതുകൊണ്ട് അതില്‍പ്പറയുന്ന കാര്യങ്ങളില്‍ അഭ്രിപായം പറയാന്‍ സര്‍ക്കാരിന് നിര്‍വാഹമില്ല. റിപ്പോര്‍ട്ടിലെ ചില നിരീക്ഷണങ്ങള്‍ എന്താണെന്ന് ഊഹിച്ചെടുത്ത് അതിന്‍മേല്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യം. അതില്‍ ഒന്നും മറച്ചുവയ്ക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.