കാബൂള്‍: താലിബാന്‍ സര്‍ക്കാരിന് കീഴില്‍ ചൈനയുടെ പുതിയ അംബാസഡര്‍ ചുതമലയേറ്റു. ഷാവോ ഷെങ്ങാണ് പുതിയ അംബാസഡര്‍. 2021-ല്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് അഫ്ഗാനില്‍ ഒരു വിദേശ രാജ്യം സ്ഥിരം പ്രതിനിധിയെ നിയമിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് എത്തിച്ചേരാനുള്ള സൂചനയാണിതെന്ന് താലിബാന്‍ നേതാക്കള്‍ അറിയിച്ചു.
കാബൂളിലുള്ള താലിബാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കാണ് ഷാവോ ഷെങ് ചുമതലയേല്‍ക്കാന്‍ എത്തിയത്. പോലീസ് അകമ്പടിയോടെ എത്തിയ ഷാവോ ഷെങ്ങിനെ താലിബാന്‍ ഭരണകൂടത്തലവന്‍ മുഹമ്മദ് ഹസന്‍ അഖുണ്ഡിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ചേര്‍ന്ന് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. ഷാവോ ഷെങ്ങിന്റെ നാമനിര്‍ദേശം ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി പറഞ്ഞു.
യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സേന പിന്മാറിയതിന് ശേഷം 2021 ഓഗസ്റ്റിലാണ് താലിബാന്‍ അധികാരം പിടിച്ചെടുത്തത്. പക്ഷെ അതിന് ശേഷം താലിബാന്‍ സര്‍ക്കാരിനെതിരെ ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആരും താലിബാന്‍ ഭരണത്തെ നിയമപരം എന്ന് അംഗീകരിച്ചിട്ടില്ല. ഇപ്പോഴും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയാണ് ഐക്യരാഷ്ട്ര സഭയിലെ രാജ്യത്തിന്റെ പ്രതിനിധി.
'അഫ്ഗാനിസ്ഥാനിലെ ചൈനയുടെ അംബാസഡറുടേത് സാധാരണ നിയമനമാണ്. ചൈനയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണം തുടരാനാണ് ഉദ്ദേശിക്കുന്നത്. ചില രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. തീവ്രവാദത്തെ ചെറുക്കുന്നതില്‍ ഇരട്ടത്താപ്പ് ഉപേക്ഷിക്കണം, ഉപരോധം പിന്‍വലിക്കണം''- ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
താലിബാന്‍ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് കാബൂളിലേക്ക് ഒരു രാജ്യത്തിന്റെ അംബാസഡറെ ആഘോഷത്തോടെ വരവേറ്റതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പുതിയ അംബാസഡറുടെ നിയമനം താലിബാനെ ഔപചാരികമായി അംഗീകരിക്കുന്നു എന്ന സൂചനയാണോ നല്‍കുന്നതെന്ന് ചൈന വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള തങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് ചൈനയും താലിബാനും മുന്‍പ് പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരിയില്‍ വടക്കന്‍ അഫ്ഗാനില്‍ എണ്ണ പര്യവേക്ഷണത്തിനുള്ള 450 മില്യണ്‍ ഡോളറിന്റെ കരാറില്‍ ചൈനീസ് കമ്പനിയും താലിബാന്‍ ഭരണകൂടവും ഒപ്പിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.