തായ്‌ലൻഡ്: "സിനഡാത്മക സഭയുടെ രൂപീകരണം ഏഷ്യയിൽ" എന്ന വിഷയത്തെ ആസ്‌പദമാക്കി തായ്‌ലൻഡിലെ മഹാതായ കൺവെൻഷൻ സെൻ്ററിൽ ഏഷ്യൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിനിധി സമ്മേളനം സമാപിച്ചു.
ഫ്രാൻസിസ് മാർപാപ്പ 2023 ഒക്ടോബറിലേക്ക് വിളിച്ചു കൂട്ടിയ സിനഡിലും വീണ്ടും റോമിൽ 2024 ഒക്ടോബറിൽ വിളിച്ചു കൂട്ടാനിരിക്കുന്നതുമായ സിനഡിന് ഒരുക്കമായി ഏഷ്യൻ സഭയിൽ നടന്ന വിവിധ ചർച്ചാ സമ്മേളനങ്ങളുടെ തുടർച്ചയാണ് സെപ്‌റ്റംബർ 11-14 തീയതികളിൽ തായ്‌ലൻഡിൽ നടന്നത്. സമകാലീന കാലഘട്ടത്തിൽ സഭ തന്നെ ഭരമേൽപ്പിച്ചിരിക്കുന്ന വിവിധ ദൗത്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനം ഓർമ്മിപ്പിച്ചു.
പ്രപഞ്ചം എന്ന നമ്മുടെ പൊതുഭവനം സംരക്ഷിക്കപ്പെടണം. സഭയിൽ സ്ത്രീകളുടെയും യുവജനങ്ങളുടെയും പാവപ്പെട്ടവരുടെയും സ്വരങ്ങൾ ശ്രവിക്കപ്പെടണം. ഏഷ്യയിലെ സഭ സമാധാനത്തിന്റെയും സംഭാഷണങ്ങളുടെയും സഭയാകണം. ദേശങ്ങൾ തമ്മിലും സംസ്കാരങ്ങൾ തമ്മിലും സമാധാനത്തിന്റെ പാത തുറക്കാനുള്ള ശ്രമങ്ങൾക്ക് സഭ മുൻപന്തിയിൽ നിൽക്കണം.
അതോടൊപ്പം ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ശ്രേഷ്ഠമായ സാംസ്കാരിക പാരമ്പര്യവും അദ്ധ്യാത്മിക സമ്പത്തും സംരക്ഷിക്കപ്പെടാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. പുതിയ കാലത്തിന്റെ വെല്ലുവിളികളും ഡിജിറ്റൽ ലോകത്തിന്റെ സ്‌പന്ദനങ്ങളും മനസിലാക്കി ഏഷ്യൻ ഭൂഖണ്ഡത്തിന് പുതിയ ദിശാബോധവും ആത്മീയ രൂപീകരണവും നൽകുവാൻ സഭ മുൻപന്തിയിൽ നിൽക്കും എന്ന പ്രഖ്യാപനത്തോടെ മൂന്നു ദിവസത്തെ സമ്മേളനം സമാപിച്ചു.
ഏഷ്യയിലെ 17 രാജ്യങ്ങളിൽ നിന്നുള്ള 73 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ, സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ജനറൽ സെക്രട്ടറി റവ.ഡോ.ജോബി ആന്റണി മൂലയിൽ,തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.മേരി റെജീന എന്നിവർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26