ഓണ്‍ലൈനിലൂടെ 'ആത്മഹത്യാ കിറ്റുകള്‍' അയച്ചുകൊടുത്തു; ലോകമെമ്പാടും നിരവധി മരണം: കനേഡിയന്‍ യുവാവിനെതിരേ ഓസ്‌ട്രേലിയയിലും അന്വേഷണം

ഓണ്‍ലൈനിലൂടെ 'ആത്മഹത്യാ കിറ്റുകള്‍' അയച്ചുകൊടുത്തു; ലോകമെമ്പാടും നിരവധി മരണം: കനേഡിയന്‍ യുവാവിനെതിരേ ഓസ്‌ട്രേലിയയിലും അന്വേഷണം

കാന്‍ബറ: ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ മാരകമായ വിഷം അടങ്ങിയ 'ആത്മഹത്യാ കിറ്റുകള്‍' അയച്ചുകൊടുത്ത കനേഡിയന്‍ പൗരനെതിരെയുള്ള അന്വേഷണം ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും വ്യാപിപ്പിക്കുന്നു. ആത്മഹത്യയ്ക്കായി വഴികള്‍ തേടുന്നവര്‍ക്ക് സോഡിയം നൈട്രൈറ്റ് അടങ്ങിയ വിഷമാണ് കാനഡയിലെ ഒന്റാറിയോ സ്വദേശിയായ കെന്നത്ത് ലോ (57) കനേഡിയന്‍ വെബ്‌സൈറ്റുകളിലൂടെ ആഗോള തലത്തില്‍ വിറ്റിരുന്നത്. നിലവില്‍ 14 പേരുടെ ആത്മഹത്യയിലാണ് ഇയാള്‍ കാനഡയില്‍ വിചാരണ നേരിടുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ ഇയാള്‍ അയച്ചുകൊടുത്ത വിഷ പദാര്‍ത്ഥം ഉപയോഗിച്ച് മരിച്ചിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.

ലോകമെമ്പാടുമുള്ള പോലീസ് സേനകള്‍ ഈ 'വിഷ വ്യാപാരി'യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കൂടുതല്‍ കുറ്റങ്ങള്‍ കെന്നത്തിനെതിരേ ചുമത്താന്‍ സാധ്യതയുണ്ട്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന, 40 ലധികം രാജ്യങ്ങളിലെ ആളുകള്‍ക്ക് 1,200 വിഷ കിറ്റുകള്‍ പ്രതി അയച്ചതായി കനേഡിയന്‍ പോലീസ് കണക്കാക്കുന്നു. 16 നും 36 നും ഇടയില്‍ പ്രായമുള്ളവരാണ് കെന്നത്തിന്റെ ഇരകള്‍.

മാരകമായ വിഷ പദാര്‍ത്ഥം അടങ്ങിയ പാക്കേജുകള്‍ കെന്നത്ത് ലോ ഓസ്ട്രേലിയയിലേക്കും അയച്ചതായി ഇന്റര്‍പോള്‍ ഓസ്ട്രേലിയന്‍ പോലീസിന് മുന്നറിയിപ്പ് നല്‍കി. ഇത് വാങ്ങിയവരുടെ നിലവിലെ അവസ്ഥ അന്വേഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രിട്ടനില്‍ 88 ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ടാണ് കെന്നത്ത് ലോയ്‌ക്കെതിരെ യുകെയുടെ നാഷണല്‍ ക്രൈം ഏജന്‍സി അന്വേഷണം നടത്തുന്നത്. കാനഡ ആസ്ഥാനമായുള്ള വെബ്‌സൈറ്റുകളില്‍ നിന്ന് യുകെയിലെ നിരവധി പേര്‍ ആത്മഹത്യയ്ക്കായി വിഷ പദാര്‍ത്ഥങ്ങള്‍ വാങ്ങിയതായി ഏപ്രിലിലാണ് എന്‍സിഎയ്ക്ക് രഹസ്യ വിവരം ലഭിച്ചത്. വെബ്സൈറ്റില്‍ കണ്ടെത്തിയ 232 ബ്രിട്ടീഷ് ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ അടങ്ങിയ ലിസ്റ്റ് കനേഡിയന്‍ അധികൃതര്‍ എന്‍സിഎയ്ക്ക് കൈമാറുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരില്‍ 88 പേര്‍ മരിച്ചതായും കണ്ടെത്തി.

57കാരനായ കെന്നത്ത് ലോ മുന്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറാണ്. ആത്മഹത്യയ്ക്കായി ഉപഭോക്താക്കളെ സഹായിച്ച കുറ്റത്തിന് കഴിഞ്ഞ മെയിലാണ് ആദ്യമായി കുറ്റം ചുമത്തുന്നത്. ഒന്റാറിയോയിലെ പീല്‍ മേഖലയില്‍ രണ്ട് പെട്ടെന്നുള്ള മരണങ്ങള്‍ അന്വേഷിച്ചതിന് ശേഷമാണ് കനേഡിയന്‍ പോലീസ് കുറ്റം ചുമത്തിയത്. അഞ്ച് ഓണ്‍ലൈന്‍ ബിസിനസുകളുമായാണ് ഇയാള്‍ സഹകരിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. ഈ മാസം അവസാനം കെന്നത്ത് വീണ്ടും കോടതിയില്‍ ഹാജരാകണം.

സ്വന്തം ജീവനെടുക്കാന്‍ ഒരാളെ പ്രോത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് കാനഡയില്‍ 14 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.