'ഔദ്യോഗിക രേഖകളില്‍ ഇനി ഈസാ അല്‍-മാസിഹില്ല; പകരം യേശു ക്രിസ്തു': സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്തോനേഷ്യ

 'ഔദ്യോഗിക രേഖകളില്‍ ഇനി ഈസാ അല്‍-മാസിഹില്ല; പകരം യേശു ക്രിസ്തു': സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്തോനേഷ്യ

ക്രൈസ്തവരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ ഒടുവില്‍ അനുകൂല നിലപാട് സ്വീകരിച്ചത്.

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ ഔദ്യോഗിക രേഖകളില്‍ ഇനി മുതല്‍ ഈസാ അല്‍-മാസിഹ് ഇല്ല. പകരം യേശു ക്രിസ്തു എന്ന പേര് ഉപയോഗിക്കും. ഇന്തോനേഷ്യയിലെ മനുഷ്യ വികസന, സാംസ്‌കാരിക വകുപ്പ് മന്ത്രി മുഹദ്ജിര്‍ ഇഫന്‍ഡിയാണ് ഇക്കാര്യമറിയിച്ചത്.

യേശു ക്രിസ്തുവിനെ ഇസ്ലാമിക അഭിസംബോധനക്ക് പകരം ക്രൈസ്തവ നാമങ്ങള്‍ ഉപയോഗിക്കണമെന്ന ഏറെ നാളായുള്ള ക്രൈസ്തവരുടെ ആവശ്യത്തിനാണ് ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ ഒടുവില്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഇനി ദേശീയ അവധി ദിവസങ്ങളുടെ പട്ടികയില്‍ അടക്കം യേശു ക്രിസ്തു എന്ന പേര് ഉപയോഗിക്കും. മതകാര്യ വകുപ്പാണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചതെന്ന് മുഹദ്ജിര്‍ ഇഫന്‍ഡി പറഞ്ഞു.

ക്രൈസ്തവരുടെ ഏറെ കാലമായുള്ള അഭ്യര്‍ത്ഥനയാണ് ഇങ്ങനെ ഒരു മാറ്റത്തിലേക്ക് നയിച്ചതെന്ന് മതകാര്യ വകുപ്പ് സഹമന്ത്രി സൈഫുള്‍ റഹ്മത്ത് വെളിപ്പെടുത്തി. സര്‍ക്കാരിന്റെ കലണ്ടറില്‍ ക്രിസ്തുമസ്, ദുഖവെള്ളി, സ്വര്‍ഗാരോഹണം എന്നീ മൂന്ന് തിരുനാളുകള്‍ക്കാണ് അവധി നല്‍കുന്നത്.

ഇത് ഈസാ അല്‍-മാസിഹിന്റെ ജനനം, ഈസാ അല്‍-മാസിഹിന്റെ മരണം, ഈസാ അല്‍-മാസിഹിന്റെ ഉത്ഥാനം എന്നിങ്ങനെയാണ് ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. ലോക രക്ഷകനായ യേശുവും ഇസ്ലാം മതസ്ഥരുടെ ഈസായും ഒരു വ്യക്തിയല്ലെന്ന് സര്‍ക്കാര്‍ ഇതോടെ അംഗീകരിച്ചുവെന്ന് ദൈവ ശാസ്ത്രജ്ഞനായ ജാവ സ്വദേശി ഫ്രാന്‍സിസ്‌കസ് ബോര്‍ജിയാസ് പറഞ്ഞു.

ഇസ്ലാം മതസ്ഥരുടെ വിശ്വാസമനുസരിച്ച് 'പ്രവാചകനായിരുന്ന ഈസ' കുരിശില്‍ മരിച്ചിട്ടില്ല. യേശു ക്രിസ്തു കുരിശില്‍ മരിച്ചതും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതും ചരിത്ര സത്യമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v