ഇന്‍ഫന്റ് മേരി പള്ളിയിലെ ജോണി അച്ചന്‍ പറഞ്ഞു, സഞ്ജു കേട്ടു; ബേബിച്ചനും കുടുംബത്തിനും അടച്ചുറപ്പുള്ളൊരു വീടൊരുങ്ങി

ഇന്‍ഫന്റ് മേരി പള്ളിയിലെ ജോണി അച്ചന്‍ പറഞ്ഞു, സഞ്ജു കേട്ടു; ബേബിച്ചനും കുടുംബത്തിനും അടച്ചുറപ്പുള്ളൊരു വീടൊരുങ്ങി

കണ്ണൂര്‍: ഏതൊരു മനുഷ്യന്റെയും സ്വപ്‌നമാണ് അടച്ചുറപ്പുള്ളൊരു വീട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ഇടപെടലില്‍ കണ്ണൂരിലെ ഒരു നിര്‍ധന കുടുംബത്തിന് ആ സ്വപ്‌നം സഫലമായിരിക്കുകയാണ്. കണ്ണൂര്‍ പെരിങ്ങോം വയക്കര മടക്കാംപൊയിലിലെ എം.ഡി ബേബിച്ചനും കുംബത്തിനുമാണ് സഞ്ജു ലക്ഷങ്ങള്‍ മുടക്കി വീടൊരുക്കിയത്.

ഒരു മുറിയും തിണ്ണയും മാത്രം ഉള്‍പ്പെടുന്ന പണി തീരാത്ത വീട്ടിലായിരുന്നു ബേബിച്ചന്‍േയും ഭാര്യ സുജനയുടേയും രണ്ട് ആണ്‍മക്കളുടേയും താമസം. ബേബിച്ചന്‍ കൂലിപ്പണിക്കാരനും സുജന ഹരിത കര്‍മസേന തൊഴിലാളിയുമാണ്. ഈ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ഹോളി ഇന്‍ഫന്റ് മേരി പള്ളിയിലെ വൈദികന്‍ ഫാ. ജോണി പുത്തന്‍ വീട്ടിലാണ് സഞ്ജുവിനെ ബന്ധപ്പെട്ട് ബേബിച്ചന്റെ കാര്യങ്ങള്‍ അറിയിച്ചത്.

തിരുവനന്തപുരം കോവളം സ്വദേശിയായ ഫാ. ജോണി പുത്തന്‍വീട്ടില്‍ അടുത്തിടെയാണ് മടക്കാംപൊയിലിലെ പള്ളിയിലെത്തിയത്. സഞ്ജുവുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഫാദര്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും വീടുപണി പൂര്‍ത്തിയാക്കാനുള്ള മുഴുവന്‍ ചെലവും സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയുമായിരുന്നു.

സഞ്ജു നല്‍കിയ പണംകൊണ്ട് മുറികള്‍ കൂട്ടിയെടുക്കുകയും. വീട് മോടി പിടിപ്പിക്കുകയും പ്ലംമ്പിങ്, വയറിങ് ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീടിന്റെ നിര്‍മാണ ജോലികള്‍ പാതിവഴിയില്‍ നിന്നുപോയപ്പോഴാണ് സഞ്ജു സഹായിച്ചതെന്ന് ബേബിച്ചന്‍ പറയുന്നു.

സഞ്ജുവിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വീട്ടില്‍ ഒരു തിണ്ണയും മുറിയും മാത്രമായിരുന്നു. വീടിന്റെ ഒരു ഭാഗത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയിരുന്നു. അകത്ത് വെള്ളം വീണു നനഞ്ഞു കിടക്കുന്നതു കണ്ടപ്പോള്‍ അച്ഛന് സങ്കടമായി. അങ്ങനെയാണു സഞ്ജുവിനെ കാര്യങ്ങള്‍ അറിയിക്കുന്നതെന്ന് ബേബിച്ചന്‍ പറഞ്ഞു.



മാത്രമല്ല വീടുപണി പൂര്‍ത്തിയായതിന് പിന്നാലെ വീഡിയോ കോളില്‍ വിളിച്ചും സഞ്ജു കുടുംബത്തെ ഞെട്ടിക്കുകയും ചെയ്തു. കുടുംബം നന്ദി അറിയിച്ചപ്പോള്‍ സന്തോഷമായി ജീവിക്കണമെന്നായിരുന്നു സഞ്ജു നല്‍കിയ മറുപടി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.