ഗ്രീന്‍ലന്‍ഡിനെ വിലയ്‌ക്കെടുക്കാന്‍ ട്രംപിന്റെ നീക്കം; ഒരാള്‍ക്ക് 84 ലക്ഷം രൂപ വരെ വാഗ്ദാനം

ഗ്രീന്‍ലന്‍ഡിനെ വിലയ്‌ക്കെടുക്കാന്‍ ട്രംപിന്റെ നീക്കം; ഒരാള്‍ക്ക് 84 ലക്ഷം രൂപ വരെ വാഗ്ദാനം

വാഷിങ്ടണ്‍: ഡെന്‍മാര്‍ക്കിന്റെ അധികാര പരിധിയിലുള്ള ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങളില്‍ പണമെറിഞ്ഞ് ആളെ പിടിക്കാനുള്ള അടവുകളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഗ്രീന്‍ലന്‍ഡ് നിവാസികളെ ഡെന്മാര്‍ക്കില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ഓരോ വ്യക്തിക്കും 10,000 മുതല്‍ 100,000 ഡോളര്‍ (ഏകദേശം 8.4 ലക്ഷം മുതല്‍ 84 ലക്ഷം രൂപ) വരെ വാഗ്ദാനം ചെയ്യാന്‍ വൈറ്റ് ഹൗസ് ആലോചിക്കുന്നതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഏകദേശം 57000 മാത്രം ജനസംഖ്യയുള്ള ദ്വീപാണ് ഗ്രീന്‍ലന്‍ഡ്. ഓരോ പൗരനും ഒരു ലക്ഷം ഡോളര്‍ വീതം നല്‍കിയാല്‍ പോലും ആറ് ബില്യണ്‍ ഡോളര്‍ മാത്രമേ അമേരിക്കയ്ക്ക് ചെലവ് വരികയുള്ളൂ.

ഈ തുക നല്‍കുന്നതിലൂടെ ഗ്രീന്‍ലന്‍ഡ് നിവാസികളെ ഡെന്‍മാര്‍ക്കില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും തുടര്‍ന്ന് അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് ട്രംപിന്റെ ലക്ഷ്യം. ധാതുസമ്പന്നമായ ഗ്രീന്‍ലന്‍ഡ് ആര്‍ട്ടിക് മേഖലയിലെ സുരക്ഷാ കാര്യങ്ങളില്‍ അമേരിക്കയ്ക്ക് അതീവ പ്രാധാന്യമുള്ള ഇടമാണ്.

അമേരിക്കയുടെ നീക്കങ്ങള്‍ക്കെതിരെ കടുത്ത സൈനിക മുന്നറിയിപ്പാണ് ഡെന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഗ്രീന്‍ലന്‍ഡിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ ഉത്തരവിനായി കാത്തുനില്‍ക്കാതെ വെടിയുതിര്‍ക്കാന്‍ ഡാനിഷ് സൈന്യത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

1952 ലെ സൈനിക നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും അധിനിവേശം നടത്തുന്നവര്‍ക്ക് എതിരെ 'ആദ്യം വെടിവെക്കുക, പിന്നെ ചോദ്യം ചെയ്യുക' എന്ന നയം തുടരുമെന്നും ഡെന്‍മാര്‍ക്ക് വ്യക്തമാക്കി.

ഇനി ആരും വിഭജനത്തെക്കുറിച്ച് സ്വപ്നം കാണേണ്ടതില്ല. ഗ്രീന്‍ലന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ല എന്ന് ഡെന്‍മാര്‍ക്ക് ആവര്‍ത്തിച്ച് വ്യക്തമാക്കി. പണം നല്‍കി ജനങ്ങളെ സ്വാധീനിക്കാനുള്ള അമേരിക്കയുടെ നീക്കം തരംതാണതാണെന്ന് ഗ്രീന്‍ലന്‍ഡിലെ പ്രാദേശിക ഭരണകൂടവും വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.