കൊച്ചി: ജമ്മു കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയുടെ വികലമായ ഭൂപടം വാര്‍ഷിക ഡയറിയില്‍ അടിച്ചിറക്കി കേരള ഹൈക്കോടതി അഭിഭാഷക കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നി പ്രദേശങ്ങളെ ഇന്ത്യയുടെ ഭാഗമല്ലാത്ത രീതിയിലാണ് ഡയറിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രദേശം പാകിസ്ഥാന്റെ അധിനതയിലുള്ളത് എന്നാണ് ഭൂപടത്തില്‍ രേഖപ്പെടുത്തിയിരുക്കുന്നത്.
മറ്റ് സംസ്ഥാനങ്ങള്‍ വിവിധ നിറങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ഭൂപടത്തില്‍ കറുത്ത കുത്തുകള്‍ കൊണ്ടാണ് പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡയറികള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തത്. സംഭവം വിവാദമായതോടെ ഡയറികളില്‍ നിന്നും വികലമായ ഭൂപടം പ്രസിദ്ധീകരിച്ച 66-ാം പേജ് കീറികളഞ്ഞ് തല്‍കാലം തടിതപ്പിയിരിക്കുകയാണ് സഹകരണ സംഘം.
അതേസമയം സംഭവത്തില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായ ആര്‍. പ്രശാന്ത് കുമാര്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതാണെന്ന് പരാതിയില്‍ പറയുന്നു.
ഭാരതീയ ന്യായ സംഹിത പ്രകാരവും 1961 ലെ ക്രിമിനല്‍ നിയമ ഭേദഗതി നിയമ പ്രകാരവും നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സൊസൈറ്റി പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിതരണം ചെയ്ത ഡയറികള്‍ ഉടന്‍ പിടിച്ചെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.