വത്തിക്കാൻ സിറ്റി: സഭയ്ക്കുള്ളിലെ ഐക്യം വിശ്വാസികളെ ആകർഷിക്കുമ്പോൾ വിഭാഗീയത അവരെ ചിതറിച്ചുകളയുമെന്ന് ലിയോ പതിനാലാമൻ മാർപാപ്പയുടെ മുന്നറിയിപ്പ്. വത്തിക്കാനിൽ വിളിച്ചു ചേർത്ത അസാധാരണ കൺസിസ്റ്ററിയിൽ ലോകമെമ്പാടുമുള്ള കർദിനാൾമാരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണത്തിന് ശേഷമുള്ള ആദ്യ അസാധാരണ കൺസിസ്റ്ററി എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
സഭ വളരുന്നത് മതപരിവർത്തനത്തിലൂടെയല്ല മറിച്ച് യേശുക്രിസ്തുവിനോടുള്ള ആകർഷണത്തിലൂടെയാണെന്ന ബനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രബോധനം ലിയോ പാപ്പ അനുസ്മരിച്ചു. " സഭയുടെ ആകർഷണം കത്തോലിക്കാ സഭയെന്ന സ്ഥാപനത്തിലല്ല, മറിച്ച് യേശു ക്രിസ്തുവിലാണ്. ലോകത്തിന്റെ വിവിധ സംസ്കാരങ്ങളിൽ നിന്നും പശ്ചാത്തലങ്ങളിൽ നിന്നും എത്തിയ കർദിനാൾമാരുടെ വൈവിധ്യം സഭയുടെ കരുത്താണ്-" പാപ്പ കൂട്ടിച്ചേർത്തു.
ഫ്രാൻസിസ് മാർപാപ്പയുടെ വിഖ്യാതമായ ‘എവഞ്ചേലി ഗൗദിയും’ (Evangelii Gaudium), ‘പ്രെദിക്കാത്തെ എവഞ്ചേലിയും’ (Praedicate Evangelium) എന്നീ പ്രമുഖ രേഖകൾ കൺസിസ്റ്ററിയിൽ സജീവ ചർച്ചയായി. സഭയുടെ മിഷനറി സ്വഭാവം, ആരാധനക്രമം, സിനഡാത്മകത എന്നിവയും ചർച്ചകളിൽ ഉൾപ്പെടുന്നു. വത്തിക്കാൻ കാര്യാലയമായ 'കൂരിയ' എങ്ങനെ പ്രാദേശിക സഭകളെ കൂടുതൽ ഫലപ്രദമായി സേവിക്കണം എന്നതിനായുള്ള മാർഗരേഖ കൺസിസ്റ്ററി രൂപീകരിക്കും.
ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് സിനഡ് ഹാളിൽ ആരംഭിച്ച സമ്മേളനങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 245 കർദിനാൾമാർ പങ്കെടുക്കുന്നുണ്ട്. ഇതിൽ വോട്ടവകാശമുള്ള 122 പേരും ഇല്ലാത്ത 123 പേരും ഉൾപ്പെടുന്നു. സീറോ മലബാർ സഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും അസാധാരണ കൺസിസ്റ്ററിയിൽ സജീവ സാന്നിധ്യമാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15 മുതൽ നടക്കുന്ന സമ്മേളനത്തോടെ കൺസിസ്റ്ററി സമാപിക്കും. ലിയോ പതിനാലാമൻ പാപ്പയുടെ വരും വർഷങ്ങളിലെ ഭരണപരമായ നീക്കങ്ങളിൽ ഈ സമ്മേളനം നിർണായകമായി മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.