ദുബായ്: പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ നെസ്‌ലേയുടെ ചില ബേബി ഫോർമുലകളിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഉൽപന്നങ്ങൾ ആഗോള വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു. കുഞ്ഞുങ്ങൾക്കായി നൽകുന്ന എൻഎഎൻ, എസ്എംഎ, ബെബ എന്നീ ബ്രാൻഡുകളിലെ ചില ബാച്ചുകളാണ് കമ്പനി പിൻവലിച്ചത്. ബാസിലസ് സെറിയസ് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന 'സെറ്യൂലൈഡ്' എന്ന വിഷവസ്തുവിന്റെ സാന്നിധ്യം ഈ ഉൽപന്നങ്ങളിൽ കണ്ടെത്തിയതാണ് നടപടിക്ക് കാരണം.
ഈ വിഷാംശം അടങ്ങിയ പാൽപ്പൊടി ഉപയോഗിക്കുന്നത് കുട്ടികളിൽ ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകും. വെള്ളം തിളപ്പിച്ചാറ്റുന്നത് വഴിയോ മറ്റേതെങ്കിലും രീതിയിലുള്ള പാചകത്തിലൂടെയോ ഈ വിഷവസ്തുവിനെ നശിപ്പിക്കാൻ കഴിയില്ലെന്ന് ബ്രിട്ടനിലെ ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഈ ഉൽപ്പന്നങ്ങളെക്കുറിച്ച് ഇതിനോടകം ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നെസ്‌ലേ ബേബി ഫോർമുലകൾ ഉപയോഗിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് സൗദി ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ അറിയിച്ചു.
ഗുണനിലവാര പ്രശ്നം കണ്ടെത്തിയ ബാച്ചുകൾ പരിശോധനയ്ക്കായി മാറ്റിയെന്ന് നെസ്‌ലേ സിഇഒ ഫിലിപ്പ് നവരാറ്റിൽ വ്യക്തമാക്കി. എന്നാൽ കിറ്റ്കാറ്റ്, നെസ്‌കഫെ തുടങ്ങിയ കമ്പനിയുടെ മറ്റ് ഉൽപന്നങ്ങൾക്ക് ഈ പ്രശ്നവുമായി ബന്ധമില്ലെന്നും അവ സുരക്ഷിതമാണെന്നും നെസ്‌ലേ അറിയിച്ചു.
യൂറോപ്പിലുടനീളം കഴിഞ്ഞ ഡിസംബർ മുതൽ തന്നെ ഈ ഉൽപന്നങ്ങൾ തിരിച്ചുവിളിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കുറവാണെന്ന് നോർവേയിലെ ഏജൻസികൾ പറയുന്നുണ്ടെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നാണ് ഔദ്യോഗിക നിർദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.