ദൗത്യം ആരംഭിച്ച് ആദിത്യ എല്‍1; സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ

ദൗത്യം ആരംഭിച്ച് ആദിത്യ എല്‍1; സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍1 പേടകം സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ. പേടകത്തിലെ സ്റ്റെപ്‌സ്-1 എന്ന ഉപകരണത്തിന്റെ സെന്‍സര്‍ ആണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമിയില്‍ നിന്ന് 50000 കിലോമീറ്ററില്‍ അധികം അകലെയുള്ള സൂപ്പര്‍ തെര്‍മല്‍, എനര്‍ജറ്റിക് അയോണുകള്‍, ഇലക്ട്രോണുകള്‍ എന്നിവയെയാണ് ഉപകരണം അളക്കുന്നത്.

ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാന്‍ സ്റ്റെപ്‌സ്-1 ഉപകരണം പകര്‍ത്തിയ വിവരങ്ങള്‍ സഹായിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. സൗരക്കാറ്റിന്റെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമായ ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റിന്റെ (ASPEX) ഭാഗമാണ് സ്റ്റെപ്‌സ്-1. അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയാണ് ഈ ഉപകരണം നിര്‍മിച്ചത്.

സെപ്റ്റംബര്‍ രണ്ടിനാണ് സൂര്യ പഠനത്തിനുള്ള ആദിത്യ എല്‍1 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി.എസ്.എല്‍.വി- സി 57 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ചത്. നാല് മാസം കൊണ്ട് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഭൂമിക്കും സൂര്യനും മധ്യേയുള്ള ലഗ്രാഞ്ചിയന്‍ 1 പോയിന്റില്‍ (എല്‍1 പോയിന്റ്) പേടകം എത്തും. എല്‍1 പോയിന്റിനെ വലംവെച്ചാണ് ആദിത്യ പേടകം സൂര്യനെ നിരീക്ഷിക്കുക.

ആദിത്യ എല്‍1ന്റെ നാല് ഭ്രമണപഥമാറ്റവും വിജയകരമായിരുന്നു. നിലവില്‍ ഭൂമിയുടെ 256 കിലോമീറ്റര്‍ അടുത്തും 121973 കിലോമീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലംവക്കുന്നത്. നാലാം ഭ്രമണപഥത്തില്‍ വലവെക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷം പേടകം ഭ്രമണപഥം വിട്ട് ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ചിയന്‍ 1 പോയന്റിലേക്കുള്ള യാത്ര തുടങ്ങും. ഇതിനായി ത്രസ്റ്റര്‍ എന്‍ജിന്‍ ജ്വലിപ്പിച്ച് പേടകത്തെ ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയന്റ് 1 പാതയിലേക്ക് മാറ്റും. ഈ പ്രക്രിയ സെപ്റ്റംബര്‍ 19 ന് രാവിലെ രണ്ടിന് നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് പ്രധാന ദൗത്യം. സൗര വികിരണങ്ങള്‍ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍, സൂര്യന്റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയങ്ങള്‍, 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാവും.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇതില്‍ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്റിലെ ഹാലോ ഓര്‍ബിറ്റിനെ കുറിച്ചും പഠനം നടത്തും. സോളാര്‍ കൊറോണയെ കുറിച്ചുള്ള പഠനത്തിനുള്ള വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (VELC), സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍ എന്നിവയുടെ ചിത്രീകരണത്തിനുള്ള സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ്, സൂര്യനെ നിരീക്ഷിക്കാനുള്ള സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോ മീറ്റര്‍ (SoLEXS) എന്നിങ്ങനെയാണ് അവ.

കൊറോണയിലെ ഊര്‍ജ വിനിയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ്‌റേ സ്‌പെക്ട്രോ മീറ്റര്‍ (HEL1OS), സൗര്യ കാറ്റിന്റെ പഠനത്തിനുള്ള ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്‌പെരിമെന്റ് (ASPEX), സോളാര്‍ കൊറോണയുടെ താപനിലയെ കുറിച്ചുള്ള വിവരം ശേഖരിക്കാനുള്ള പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (PAPA), സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കാനുള്ള അഡ്വാന്‍സ്ഡ് ട്രൈ-ആക്‌സിയല്‍ ഹൈ റെസലൂഷന്‍ ഡിജിറ്റല്‍ മാഗ്‌നെറ്റോ മീറ്റര്‍ (MAG) എന്നിവയാണ് പേലോഡുകള്‍.

ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം തുല്യമായിരിക്കുന്ന ലഗ്രാഞ്ച് 1 പോയിന്റില്‍ നിന്ന് സൂര്യനെ മറ്റ് തടസങ്ങളില്ലാതെ ആദിത്യ പേടകത്തിന് നിരന്തരം വീക്ഷിക്കാനാകും. ഈ പോയിന്റില്‍ നിന്ന് പേടകം സൂര്യനെ വീക്ഷിക്കുമ്പോള്‍ ഭൂമിയുടെയോ മറ്റ് ഗ്രഹങ്ങളുടെയോ തടസമുണ്ടാവില്ല. അതിനാലാണ് സൂര്യനും ഭൂമിക്കും നേരെയുള്ള എല്‍1 പോയിന്റില്‍ പേടകം സ്ഥാപിക്കുന്നത്. തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനാല്‍ 24 മണിക്കൂറും സൂര്യന്റെ ചിത്രം പേടകത്തിന് പകര്‍ത്താനാകും.

അമേരിക്കയുടെ നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യയുടെ ആദിത്യ എല്‍1 ലക്ഷ്യം കണ്ടാല്‍ അത് ബഹിരാകാശ ചരിത്രം തിരുത്തി കുറിക്കും. അതോടെ സൗര ദൗത്യത്തില്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.