തിരുവനന്തപുരം: പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിങ് കോളജിന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ പുതുതായി ആരംഭിച്ച എല്ലാ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിങ് കോളജുകള്‍ക്കും അനുമതി ലഭ്യമായതായി മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാരിന്റെ കാലത്ത് 22 സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ നഴ്‌സിങ് കോളജുകളാണ് ആരംഭിച്ചത്. നാല് മെഡിക്കല്‍ കോളജുകള്‍ക്കും അനുമതി ലഭിച്ചിരുന്നു. ഇതോടെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജും നഴ്‌സിങ് കോളജും ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി വ്യക്തമാക്കി.
ഇടുക്കി, വയനാട്, പാലക്കാട്, കാസര്‍കോട്, പത്തനംതിട്ട, തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാമ്പസ്, കൊല്ലം, മഞ്ചേരി എന്നിവിടങ്ങളിലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ നഴ്‌സിങ് കോളജ് ആരംഭിച്ചത്.
സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, താനൂര്‍, തളിപ്പറമ്പ്, ധര്‍മ്മടം, ചവറ എന്നിവിടങ്ങളിലും, CAPE ന്റെ കീഴില്‍ ആറന്മുള, ആലപ്പുഴ, പത്തനാപുരം എന്നിവിടങ്ങളിലും, CPASന്റെ കീഴില്‍ കാഞ്ഞിരപ്പള്ളി, സീതത്തോട്, കൊട്ടാരക്കര എന്നിവിടങ്ങളിലുമാണ് നഴ്‌സിങ് കോളജുകള്‍ ആരംഭിച്ചത്. സ്വകാര്യ മേഖലയില്‍ 20 നഴ്‌സിങ് കോളജുകളും ആരംഭിക്കാനുള്ള അനുമതി നല്‍കി.
സര്‍ക്കാര്‍ മേഖലയില്‍ 478 ബി.എസ്.സി നഴ്‌സിങ് സീറ്റുകളില്‍ നിന്ന് 1130 സീറ്റുകളാക്കി വര്‍ധിപ്പിച്ചു. ആകെ 10,000 ലധികം ബി.എസ്.സി നഴ്‌സിങ് സീറ്റുകളാക്കി വര്‍ധിപ്പിച്ചു. ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് സംസ്ഥാനത്ത് തന്നെ മെറിറ്റില്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനായെന്നും മന്ത്രി പറഞ്ഞു.
എം.എസ്.സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് കോഴ്‌സ് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം നഴ്‌സിങ് കോളജുകളിലും പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് കോട്ടയം നഴ്‌സിങ് കോളജിലും ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നഴ്‌സിങ് മേഖലയില്‍ സംവരണം അനുവദിക്കുകയും ചെയ്തതായി മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.