ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക്: നവംബര്‍ ഒന്‍പത് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും

ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക്: നവംബര്‍ ഒന്‍പത് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചൈന. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായിട്ടാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സാണ് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ചത്.

നവംബര്‍ ഒന്‍പത് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഷാങ്ഹായില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഞായര്‍, ബുധന്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 12:50 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 5: 45 ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. രാത്രി 7:55 നാകും ഡല്‍ഹിയില്‍ നിന്ന് തിരിച്ചുള്ള സര്‍വീസ്. പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചതിനൊപ്പം ടിക്കറ്റ് വില്‍പന ആരംഭിച്ചതായും കമ്പനി അറിയിച്ചു.

അടുത്തിടെ ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഇതിന് പിന്നാലെ ഇന്‍ഡിഗോ കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലെ ഗ്യാങ്ചൗവിലേക്ക് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബര്‍ 26 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ഗ്യാങ്ചൗവിലേക്കുള്ള സര്‍വീസും ഇന്‍ഡിഗോ വൈകാതെ പ്രഖ്യാപിച്ചേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.