പിഎസ് സി നിയമനക്കേസ് തട്ടിപ്പിലെ ഒന്നാം പ്രതി കീഴടങ്ങി; രാജലക്ഷ്മി ലക്ഷങ്ങള്‍ തട്ടിയത് പോലീസ് വേഷത്തില്‍

പിഎസ് സി നിയമനക്കേസ് തട്ടിപ്പിലെ ഒന്നാം പ്രതി കീഴടങ്ങി; രാജലക്ഷ്മി ലക്ഷങ്ങള്‍ തട്ടിയത് പോലീസ് വേഷത്തില്‍

തിരുവനന്തപുരം: പിഎസ് സി നിയമനതട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലാണ് രാജലക്ഷ്മി കീഴടങ്ങിയത്. കേസിലെ പ്രതിയും രാജലക്ഷ്മിയുടെ സഹായിയുമായ ജോയ്‌സി വൈകുന്നേരം പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് രാജലക്ഷ്മിയും കീഴടങ്ങിയത്.

പോലീസ് ഓഫീസര്‍ ചമഞ്ഞാണ് രാജലക്ഷ്മി ലക്ഷങ്ങളുടെ വന്‍തട്ടിപ്പു നടത്തിയത്. പിഎസ് സിയുടെ പേരില്‍ വ്യാജകത്ത് നിര്‍മിച്ച് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

വാടകയ്ക്ക് എടുത്ത പോലീസ് യൂണിഫോമിലായിരുന്നു രാജലക്ഷ്മിയുടെയും കൂട്ടരുടെയും വന്‍തട്ടിപ്പ്. പോലീസ് വേഷത്തിലെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നത് കാട്ടിയാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചിരുന്നത്.

കൂട്ടുപ്രതിയായ രശ്മിയെയും ഇങ്ങനെയാണ് വിശ്വസിപ്പിച്ചിരുന്നതെന്നാണ് സൂചന. വിവിധ ആളുകളില്‍ നിന്നായി 35 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കരുതപ്പെടുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ!

ജ്യോതിഷവും പൂജയുമായി ബന്ധപ്പെട്ടാണ് കൂട്ടുപ്രതിയായ രശ്മി രാജലക്ഷ്മിയെ പരിചയപ്പെടുന്നത്. പോലീസ് ഓഫീസര്‍ ആണെന്നു പറഞ്ഞു പരിചയപ്പെടുത്തിയ രാജലക്ഷ്മി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിരിക്കുന്ന തന്റെ പോലീസ് വേഷത്തിലുള്ള ചിത്രങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തി. രശ്മിയുടെ ഫോണില്‍ നിന്ന് ഈ ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

രശ്മിയുടെ സാമ്പത്തിക ബാധ്യതകള്‍ മാറാന്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത രാജലക്ഷ്മി തനിക്ക് പിഎസ് സിയിലും പോലീസ് ആസ്ഥാനത്തും നല്ല പിടിപാടുണ്ടെന്നും രശ്മിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇവര്‍ക്ക് കൈക്കൂലി നല്‍കിയാല്‍ ജോലി ഉറപ്പാക്കാമെന്നു വിശ്വസിപ്പിച്ച രാജലക്ഷ്മി രശ്മിയോടു നാലു ലക്ഷം രൂപ കൈക്കൂലിയായി നല്‍കണമെന്നും പറഞ്ഞു.

കൂടുതല്‍ പേര്‍ ഉണ്ടെങ്കില്‍ തുക കുറയുമെന്ന രാജലക്ഷ്മിയുടെ വാക്കുകള്‍ കേട്ടാണ് രശ്മി വാട്‌സാപ് ഗ്രൂപ്പു വഴി മറ്റുള്ളവരെ കുടുക്കിലാക്കിയത്. പതിനഞ്ചോളം പേരില്‍ നിന്നായി കിട്ടിയ 15 ലക്ഷം രൂപ രശ്മി രാജലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കി. തട്ടിപ്പിനിരയായ ഈ പതിനഞ്ചു പേരില്‍ ഏഴു പേര്‍ മൊഴി നല്‍കിയിട്ടുണ്ട്.

പിഎസ് സി പരീക്ഷ എഴുതാതെ ജോലി വാഗ്ദാനം ചെയ്തുവെന്നാണ് ഇവര്‍ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകളും പോലീസിന് ഇവരില്‍ നിന്നു ലഭിച്ചിട്ടുണ്ട്.

ബാക്കിയുള്ളവരെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. വിജിലന്‍സ്, ഇന്‍കം ടാക്‌സ്, ജിഎസ്ടി എന്നീ വിഭാഗങ്ങളില്‍ ഇല്ലാത്ത വേക്കന്‍സികള്‍ വരെ കാണിച്ചും രാജലക്ഷ്മി പണം തട്ടിയതായാണ് സൂചന. ഏകദേശം 35 ലക്ഷത്തോളം രൂപ ഇങ്ങനെ ഇവര്‍ തട്ടിയെന്നാണ് നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.