കൊച്ചി: കേരളത്തിലെ തദ്ദേശ സ്വയംഭരണ ഫലത്തെ വിശകലനം ചെയ്ത് എറണാകുളം, അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യദീപം എഴുതിയ എഡിറ്റോറിയല്‍ ശ്രദ്ധേയമാകുന്നു. ജോസ് കെ.മാണി വന്നതു കൊണ്ടല്ല ഇടതുമുന്നണിക്ക് മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാനായത്. യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടുവെന്ന് ആളുകള്‍ക്ക് തോന്നിയതാണ് തദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിക്ക് കാരണമെന്ന് സത്യദീപം വ്യക്തമാക്കുന്നു.
ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസ് കെ.മാണിയുടെ നിലപാട് മൂലമാണെന്ന് എല്‍ഡിഎഫ് പോലും കരുതുന്നില്ലെന്നും സത്യദീപം പറയുന്നു. 'ലൗജിഹാദ്', ന്യൂനപക്ഷ ക്ഷേമാവകാശ വിതരണത്തിലെ 80:20 അസന്തുലിത തുടങ്ങിയ വിഷയങ്ങളില്‍ സഭാ നേതൃത്വം തന്നെ നിലപാട് പരസ്യമാക്കിയ സന്ദര്‍ഭത്തില്‍, യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിലൂടെ കോണ്‍ഗ്രസിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നലും മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കിയെന്നത് വാസ്തവമാണ്.
2015-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും അപ്രകാരമുള്ള അടവുനയങ്ങളോടെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങിയെന്ന ഇടതു പ്രചാരണം ഫലം കണ്ടത് അവര്‍ക്ക് നേട്ടമായി. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യുഡിഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതു തന്നെയെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ അരക്ഷിത ബോധത്തെ ഏത് മുന്നണി ഫലപ്രദമായി അഭിസംബോധന ചെയ്യുമെന്നത്, അടുത്തനിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെടുന്നതും ന്യൂനപക്ഷ ക്ഷേമ വിതരണ തര്‍ക്കങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടലിനെ കത്തോലിക്കാ സഭാ നേതൃത്വം തന്നെ സ്വാഗതം ചെയ്യുന്നതും ഇരുമുന്നണികള്‍ക്കും സമ്മര്‍ദ്ദവിഷയമാകുന്നത് അതുകൊണ്ടാണ്.
എന്നാല്‍ ഭരണം നിലനിര്‍ത്തിയ പാലക്കാട് നഗര സഭാ ആസ്ഥാനത്ത് 'ജയ്ശ്രീറാം' ബാനറുയര്‍ത്തി തങ്ങളുടെ വര്‍ഗീയ അജണ്ടയെ ഒരിക്കല്‍ക്കൂടി പരസ്യപ്പെടുത്തിയതിലൂടെ കേരളത്തിലെ ബി.ജെ.പിയുടെ മതേതരമമത വെറും കാപട്യമാണെന്ന് തെളിഞ്ഞു.
ക്ഷേമ പെന്‍ഷന്‍ വിതരണ വിജയം വലിയ നേട്ടമായി അവതരിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു കടന്നുപോയത്. കോവിഡ്, കേരളത്തെ മാസങ്ങളോളം അകത്തിരുത്തിയ വേളയില്‍ അത്തരം നടപടികള്‍ ആശ്വാസകരമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് യുദ്ധം ജയിക്കാനുള്ള ജനപ്രിയ ക്ഷേമ പദ്ധതികളില്‍ മാത്രം ഒരു നാടിന്റെ വികസന നയം ഒഴിഞ്ഞൊതുങ്ങുമ്പോള്‍, താത്ക്കാലിക രാഷ്ട്രീയ നേട്ടങ്ങളില്‍ നഷ്ടപ്പെടുത്തുന്നത് വരുംതലമുറയുടെ വികസന സ്വപ്നങ്ങളാണെന്നത് മറക്കരുത്.
വ്യക്തിപരമായി കിട്ടിയ നേട്ടങ്ങളില്‍, അഴിമതിപോലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ മുങ്ങിപ്പോകുന്നതും പ്രബുദ്ധ കേരളത്തിന് ചേര്‍ന്നതല്ല. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി, കടന്നുവന്ന ട്വന്റി 20 പോലുള്ള 'വികസന സമിതികള്‍' ഈ തെരഞ്ഞെടുപ്പിലൂടെ കൂടുതലിടങ്ങളിലേയ്ക്ക് വ്യാപിക്കുമ്പോള്‍, വികസനത്തിന്റെ കുത്തക, രാഷ്ട്രീയ പാര്‍ട്ടികളുടെ ആജന്മ അവകാശമല്ലെന്ന ഊന്നിപ്പറയലും കുതറി നില്‍ക്കലുമായത് മാറുകയാണ്.
പ്രത്യേകിച്ചൊരു വരുമാനവുമില്ലാത്ത രാഷ്ട്രീയക്കാര്‍ കോടീശ്വരന്മാരാകുന്ന ജനാധിപത്യ വിപ്ലവ കാപട്യത്തിന്റെ പൊളിച്ചെഴുത്തുമാണത്. ഒപ്പം വികസന നയം ജനങ്ങളുടേതാകുന്ന രാഷ്ട്രീയ ബദലും. എന്നാല്‍ വികസനത്തിന്റെ അരാഷ്ട്രീയവല്‍ക്കരണം ആസന്നമാകുന്നതിന്റെ അപായ സൂചനയായി അതിനെ വിമര്‍ശിക്കുന്നവരുണ്ട്. നാളിതുവരെയും വികസിച്ചത് പാര്‍ട്ടിയും നേതാക്കളും മാത്രമെന്ന തിരിച്ചറിവിലാണ് കോര്‍പ്പറേറ്റ് പിന്തുണയോടെയാണെങ്കിലും ഇത്തരം സമാന്തര രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ന്യായീകരിക്കപ്പെടുന്നത്.
അപ്പോഴും, ജനാധിപത്യ സ്വഭാവമുള്ള ചര്‍ച്ചകളില്ലാതെ, ഏകപക്ഷീയ നിലപാടുകള്‍ വികസന ദിശകളെ നിര്‍ണ്ണയിക്കാനിടയാകരുതെന്ന നിരന്തര ശാഠ്യം ഇത്തരം വികസന സമിതികളിലുണ്ടാകണമെന്നും സത്യദീപം മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.