നയതന്ത്രത്തില്‍ സംയമനം വേണം; പ്രശ്‌ന പരിഹാരം ഇന്ത്യയ്ക്കും കാനഡയ്ക്കും സുപ്രധാനം

നയതന്ത്രത്തില്‍ സംയമനം വേണം; പ്രശ്‌ന പരിഹാരം ഇന്ത്യയ്ക്കും കാനഡയ്ക്കും സുപ്രധാനം

രാജ്യങ്ങള്‍ തമ്മില്‍ നല്ല ബന്ധം തുടരുന്നതില്‍ സുപ്രധാന ഘടകമാണ് നയതന്ത്രം. നയതന്ത്രത്തില്‍ അതിപ്രധാനമാണ് സംയമനം. അതോടൊപ്പം പരസ്പര വിശ്വാസവും ബഹുമാനവും വേണം. ഇവയ്ക്ക് കോട്ടം തട്ടിയാല്‍ ബന്ധങ്ങളിലെ ഊഷ്മളത കുറയും. ചിലപ്പോള്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്കും വഴിവച്ചേക്കാം.

കനേഡിയന്‍ പൗരത്വമുള്ള ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും തുടര്‍ന്ന് ഇരു രാജ്യങ്ങളുടെയും ഭാഗത്തു നിന്നുണ്ടായ ചില സംയമനക്കുറവും ഇപ്പോള്‍ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയിരിക്കുകയാണ്. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണമാണ് പുതിയ സംഭവവികാസങ്ങളുടെ തുടക്കം.

ഇന്ത്യ ആരോപണം നിക്ഷേധിച്ചതോടെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു. തൊട്ടു പിന്നാലെ ഒരു പടികൂടി കടന്ന് കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള വിസ തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കുകയും ചെയ്തു.

ഇതിനോട് കാനഡ ഗൗരവമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയപ്പോള്‍ അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചതു പോലെ വിസാ കാര്യത്തില്‍ കാനഡയും നിലപാടെടുത്താല്‍ മലയാളികള്‍ അടക്കം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാര്‍ വലിയ പ്രതിസന്ധിയിലാകും.

ആകെയുള്ള നാല് കോടി ജനസംഖ്യയില്‍ 17 ലക്ഷം ഇന്ത്യന്‍ വംശജര്‍ കാനഡയിലുണ്ട്. മലയാളികള്‍ അടക്കം 75,000 പേര്‍ എല്ലാ വര്‍ഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ടന്നാണ് കണക്ക്. കൂടാതെ അവിടെ പഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. അതില്‍ നല്ലൊരു ശതമാനം മലയാളികളാണ്.

വരുന്ന ജനുവരി ഇന്‍ടേക്കിലേക്ക് ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികളാണ് ഒരുക്കങ്ങള്‍ നടത്തി വരുന്നത്. ഇതിനായി ബാങ്ക് വായ്പ തരപ്പെടുത്തിയും മറ്റും കാനഡയിലെ വിവിധ കോളജുകളില്‍ ആദ്യ ടേം ഫീസടച്ച് വിസ പ്രോസസിങ് ആരംഭിച്ചവര്‍ നിരവധിയാണ്. ആ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും ഇന്ന് കടുത്ത ആശങ്കയിലാണ്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കാനഡ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വരുത്തുമോ എന്ന ഭയവും ഉടലെടുത്തിട്ടുണ്ട്.

കാനഡയില്‍ ജോലിക്കായി പോകാനൊരുങ്ങുന്നവര്‍ക്കും നിലവിലെ പ്രശ്‌നങ്ങള്‍ തിരിച്ചടിയായി. മാത്രമല്ല, കനേഡിയന്‍ പൗരത്വമെടുത്ത ആയിരിക്കണക്കിന് ഇന്ത്യക്കാര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ പലരും അവധിക്ക് നാട്ടിലേക്ക് വരാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇവര്‍ക്ക് ഇന്ത്യയിലേക്ക് വിസ കിട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ അനശ്ചിതത്വത്തിലാണ്.

ഇനിയും കടുത്ത നടപടികളിലേക്ക് കടക്കും മുന്‍പ് ഇക്കാര്യങ്ങള്‍ക്കൂടി കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാരുള്ള നമ്മുടെ രാജ്യത്ത് അവര്‍ക്കെല്ലാം തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തില്‍ വിദേശ ജോലിയെന്ന അവരുടെ സ്വപ്‌നവും അതുവഴി രാജ്യത്തിന് ലഭിക്കുന്ന വിദേശ നാണ്യവും ചെറുതായി കാണരുത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് കാനഡയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിക്കുന്ന വരുമാനം അവരെ സംബന്ധിച്ചും വലുതാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന പണമാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രധാന സാമ്പത്തിക സ്രോതസ്. മാത്രമല്ല കാനഡയുടെ ഐ.ടി, എന്‍ജിനീയറിങ്, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാര്‍ നല്‍കുന്ന സേവനവും ഒഴിച്ചുകൂടാനാകാത്തതാണ്.

ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ, രാജ്യം റെഡ് കോര്‍ണര്‍ നോട്ടീസ് വരെ പുറപ്പെടുവിച്ച ഒരു വ്യക്തിയുടെ കൊലപാതകത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ഇത്ര വൈകാരികമായി പ്രതികരിക്കേണ്ടിയിരുന്നോ എന്ന മറുചോദ്യത്തിനും പ്രസക്തിയുണ്ട്. അ തിന്റെ കാരണം തേടി പോകുമ്പോഴാണ് അത് ജസ്റ്റിന്‍ ട്രൂഡോയുടെയും അദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിയുടെയും രാഷ്ട്രീയ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് ബേധ്യമാകുന്നത്.

പഞ്ചാബില്‍ നിന്ന് വേര്‍പെട്ട് 'ഖാലിസ്ഥാന്‍' എന്ന സ്വതന്ത്ര രാജ്യം വേണമെന്ന് വാദിക്കുന്നവരുടെ പിന്തുണയോടെയാണ് 2015 ല്‍ ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലെത്തുന്നത്. കാനഡ താവളമാക്കിയ ഖാലിസ്ഥാന്‍ വാദികളില്‍ പ്രധാനിയായ തല്‍വീന്ദര്‍ സിങ് പര്‍മാര്‍ നേതൃത്വം നല്‍കുന്ന 'ബബ്ബാര്‍ ഖല്‍സ ഇന്റര്‍നാഷണല്‍' എന്ന സംഘടനയുടെ പൂര്‍ണ പിന്തുണ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കായിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഖാലിസ്ഥാന്‍ വാദികളെ പിണക്കാതെ കൂടെ നിര്‍ത്തേണ്ടത് അദേഹത്തിന്റെ രാഷ്ട്രീയ നിലനില്‍പ്പിന് അത്യാവശ്യമാണ്.

എന്നാല്‍, ചരിത്രം പരിശോധിച്ചാല്‍ കാനഡയിലെ ഖാലിസ്ഥാന്‍ സാന്നിധ്യവും ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്‌നങ്ങളും 45 വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണെന്ന് മനസിലാകും. 1974 ല്‍ ഇന്ത്യ പൊഖ്റാനില്‍ ആണവ പരീക്ഷണം നടത്തിയപ്പോഴാണ് ആദ്യമായി കാനഡ-ഇന്ത്യ നയതന്ത്ര ബന്ധം വഷളാകുന്നത്. ഈ സംഭവം അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവുമായ പിയറി ട്രുഡോയെ ക്ഷുഭിതനാക്കി.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കാനഡ നല്‍കുന്ന റിയാക്ടറുകള്‍ ക്രമസമാധാനം തകര്‍ക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണവുമായി അദേഹം രംഗത്തു വന്നു. അത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചു. ആ സംഭവത്തിന് ശേഷം പഞ്ചാബില്‍ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ഖലിസ്ഥാന്‍ വാദത്തിന് കാനഡയിലും സ്വീകാര്യത ലഭിച്ചു തുടങ്ങി.

സ്വന്തം രാജ്യത്ത് തങ്ങള്‍ രാഷ്ട്രീയമായി അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ് നിരവധി പഞ്ചാബികള്‍ കാനഡയില്‍ തങ്ങളെ അഭയാര്‍ഥികളായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. ഇവരുടെ പശ്ചാത്തലം പോലും അന്വേഷിക്കാതെ എല്ലാവര്‍ക്കും അന്നത്തെ കനേഡിയന്‍ സര്‍ക്കാര്‍ അഭയം നല്‍കി. പിന്നീട് 2015 ല്‍ ജസ്റ്റിന്‍ ട്രുഡോ അധികാരത്തിലെത്തിയതിനു ശേഷമാണ് ഖലിസ്ഥാന്‍ വാദങ്ങള്‍ ശക്തമായി തിരിച്ചു വന്നത്.

കാനഡയില്‍ ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്ന പബ്ലിക് റിപ്പോര്‍ട്ട് 2018 ല്‍ പുറത്തു വന്നിരുന്നു. ഖാലിസ്ഥാന്‍ അനുകൂലികളോടുള്ള കാനഡയുടെ സമീപനം വ്യക്തമാകുന്ന മറ്റൊരു കാര്യം സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന ഖാലിസ്ഥാന്‍ അനുകൂല സംഘടനയുടെ പുറത്തു വരാനിരിക്കുന്ന ഖാലിസ്ഥാന്‍ റഫറണ്ടത്തോടുള്ള സര്‍ക്കാരിന്റെ അനുകൂല നിലപാടാണ്. 2020 ല്‍ നടക്കാനിരുന്ന റഫറണ്ടം 2025 ല്‍ മാത്രമേ നടക്കൂ എന്നാണ് ഇപ്പോള്‍ അറിയുന്നത്.

എന്തായാലും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നവരെ ഇത്തരത്തില്‍ സംരക്ഷിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അനുദിനം വഷളാകാന്‍ മാത്രമേ ഉപകരിക്കൂ. അതിനാല്‍ നയതന്ത്ര തലത്തില്‍ സംയമനത്തോടും പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും കൂടിയുള്ള അടിയന്തര ഇടപെടലുകള്‍ നടത്തി പ്രശ്‌ന പരിഹാരം കാണേണ്ടത് ഇരു രാജ്യങ്ങള്‍ക്കും പ്രധാനമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.