ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 99 റണ്‍സിന്റെ വിജയം. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ വിജയം. രണ്ടു തവണ എത്തിയ മഴയെതുടര്‍ന്ന് പുതുക്കി നിശ്ചയിച്ച 33 ഓവറില്‍ 317 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 28.2 ഓവറില്‍ 217ന് ഓള്‍ ഔട്ടാവുകയായിരുന്നു.
400 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് രണ്ടാം ഓവറില്‍ തന്നെ പ്രസിദ് കൃഷ്ണ ഇരട്ടപ്രഹരം നല്‍കി. തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ മാറ്റ് ഷോര്‍ട്ടിനെ അശ്വിന്റെ കൈയിലെത്തിച്ച പ്രസിദ് തൊട്ടടുത്ത പന്തില്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ഗില്ലിന്റെ കൈയില്‍ എത്തിച്ച് ആഞ്ഞടിച്ചപ്പോള്‍ ഓസ്‌ട്രേലിയയുടെ നില പരുങ്ങലിലായി.
ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഓസ്‌ട്രേലിയയ്ക്ക് പിന്നീട് കഴിഞ്ഞില്ല. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റു നഷ്ടപ്പെട്ട അവര്‍ ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റു നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നതാണ്. വാലറ്റത്ത് ആഞ്ഞടിച്ച സീന്‍ ആബട്ടിന്റെ മികവിലാണ് അവര്‍ 200 കടന്നത്.
36 പന്തില്‍ നിന്ന് അഞ്ചു സിക്‌സിന്റെയും നാലു ബൗണ്ടറിയുടെയും സഹായത്തോടെ 54 റണ്‍സ് കുറിച്ച ആബട്ട് ആണ് ഓസീസ് നിരയിലെ ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ വാര്‍ണര്‍ 53 റണ്‍സ് നേടി.
ഇന്ത്യയ്ക്കു വേണ്ടി ജഡേജ, അശ്വിന്‍ എന്നിവര്‍ മൂന്നു വിക്കറ്റു വീതം വീഴ്ത്തിയപ്പോള്‍ പ്രസിദ് കൃഷ്ണ രണ്ടു വിക്കറ്റു നേടി. കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ഷമി ഒരു വിക്കറ്റ് നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയയ്ക്കപ്പെട്ട ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ റിതുരാജ് ഗെയ്ക് വാദിനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗില്ലും അയ്യരും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി ശക്തമായ അടിത്തറ നല്‍കി. സെഞ്ചുറി നേടിയ ഉടനെ തന്നെ അയ്യര്‍ വീണു. അടുത്തു തന്നെ ഗില്ലും സെഞ്ചുറി പൂര്‍ത്തിയാക്കി മടങ്ങി.
ശ്രേയസ് അയ്യര്‍ 90 പന്തില്‍ നിന്ന് 105 റണ്‍സും ഗില്‍ 97 പന്തില്‍ നിന്ന് 104 റണ്‍സും നേടി. 11 ബൗണ്ടറികളും മൂന്നു സിക്‌സുകളും അയ്യരുടെ ഇന്നിംഗ്‌സിനു ചാരുതയേകിയപ്പോള്‍ 6 ബൗണ്ടറികളും 4 സിക്‌സുകളും ഗില്ലിന്റെ ഇന്നിംഗ്‌സിനു ചാരുതയേകി.
ALSO READ: തകര്‍പ്പന്‍ സെഞ്ചുറിയുമായി തിരിച്ചുവരവറിയിച്ച് ശ്രേയസ് അയ്യര്‍; ഇന്ത്യയുടെ ലോകകപ്പ് അവസാന 11ല്‍ ആര് ഇടംനേടും? സൂര്യയുടെ ബാറ്റിംഗ് പൊസിഷന്‍ ഏതാകും?
നേരിട്ട രണ്ടാം പന്തു തന്നെ ഗ്യാലറിയെത്തിച്ച് നായകന്‍ കെഎല്‍ രാഹുല്‍ നയം വ്യക്തമാക്കി. കെഎല്‍ രാഹുല്‍ 38 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സുകളും ബൗണ്ടറികളുമായി അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ അവസാന ഓവറുകളില്‍ ആളിക്കത്തിയ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ നിന്ന് 72 റണ്‍സ് നേടി. ആറു പടുകൂറ്റന്‍ സിക്‌സുകളും ആറു ബൗണ്ടറികളും സൂര്യയുടെ ഇന്നിംഗ്‌സിനു ചാരുതയേകി.
ഒമ്പതു പന്തില്‍ നിന്ന് 13 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. 18 പന്തില്‍ നിന്നു 31 റണ്‍സ് (2x4, 2x6) നേടി ഇഷാന്‍ കിഷനും തന്റേതായ സംഭാവന നല്‍കി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2013ല്‍ ബെംഗളൂരുവില്‍ കുറിച്ച ആറു വിക്കറ്റിന് 383 റണ്‍സെന്ന റെക്കോര്‍ഡാണ് ഇന്ന് ഇന്ത്യ പഴങ്കഥയാക്കിയത്. 350നു മുകളില്‍ ഇന്ത്യയുടെ ഏഴാമത്തെ സ്‌കോറാണിത്.
നിലവില്‍ 2011ല്‍ ഇതേ വേദിയില്‍ നേടിയ 418 ആണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍. വീരേന്ദര്‍ സേവാഗിന്റെ ഇരട്ടസെഞ്ചുറി (219) മികവില്‍ അന്ന് വെസ്റ്റ് ഇന്‍ഡീസിനെ 153 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്.
ഇന്ത്യന്‍ ബാറ്റര്‍മാരുടെ ചൂട് ഏറ്റവും അറിഞ്ഞത് കാമറൂണ്‍ ഗ്രീന്‍ ആണ്. പത്തോവറില്‍ 103 റണ്‍സാണ് ഗ്രീന്‍ വഴങ്ങിയത്. സീന്‍ ആബട്ട് 91 റണ്‍സും വിട്ടുനല്‍കി. ഏറ്റവും ഇക്കോണമിയില്‍ പന്തെറിഞ്ഞ ജോഷ് ഹെയ്‌സല്‍വുഡ് പത്തോവറില്‍ 62 റണ്‍സ് വിട്ടുനല്‍കി.
27ാം തീയതിയാണ് പരമ്പരയിലെ അവസാന മല്‍സരം. ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, സ്പിന്നര്‍ കുല്‍ദീപ് യാദവ്, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യയോടൊപ്പം ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.